മൃതദേഹം കല്ലട ജലസേചന പദ്ധതിയുടെ കനാലിൽ കലഞ്ഞൂർ കാരുവയൽ ഭാഗത്തുനിന്ന് അഗ്‌നിരക്ഷാസേനാ സംഘം പുറത്തെടുക്കുന്നു(ഇടത്ത്) മരിച്ച അനന്തു(വലത്ത്)
കലഞ്ഞൂര്‍: കാരുവയലില്‍ കനാലില്‍ മരിച്ചനിലയില്‍ കാണപ്പെട്ട അനന്തുവിനെ കൊലപ്പെടുത്തിയതെന്ന് സൂചന. കഴിഞ്ഞ ഞായറാഴ്ച കാണാതായ കലഞ്ഞൂര്‍ അനന്തുഭവനില്‍ അനന്തുവിന്റെ (28) മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലില്‍ കണ്ടെത്തിയത്.
മൃതദേഹം കനാലില്‍നിന്ന് പുറത്തെടുത്തപ്പോഴാണ് തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവ് കാണപ്പെട്ടത്.
മൃതദേഹം കിടന്ന സ്ഥലത്തിനരികിലായി പ്ലാന്റേഷനില്‍ രക്തം ചിതറിക്കിടക്കുന്നതും പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് കനാല്‍ വരെ പല ഭാഗങ്ങളിലും രക്തത്തുള്ളികളുണ്ട്.
മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് സൂചന. രക്തം കാണപ്പെട്ടതിനുസമീപം, കനാലില്‍ അനന്തുവിന്റെ മൊബൈല്‍ ഫോണും കിടന്നിരുന്നു. പ്ലംബിങ് തൊഴിലാളിയായ അനന്തുവിനെ കാണാതായത് സംബന്ധിച്ച് വീട്ടുകാര്‍ തിങ്കളാഴ്ച കൂടല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോന്നി ഡിവൈ.എസ്.പി. ബൈജുകുമാര്‍, കൂടല്‍ ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാര്‍, എസ്.ഐ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കൊലപ്പെടുത്തി കനാലില്‍ തള്ളി?
പ്ലാന്റേഷനുള്ളില്‍ രക്തക്കറ കാണപ്പെട്ട സ്ഥലം അനന്തുവും സുഹൃത്തുക്കളും സ്ഥിരമായി എത്താറുള്ളയിടമാണ്. കനാലില്‍നിന്ന് 400 മീറ്ററോളം ദൂരത്ത് പാറക്കെട്ടിനോട് ചേര്‍ന്ന സ്ഥലത്താണ് രക്തക്കറ കാണപ്പെട്ടത്. ഇതിനോട് ചേര്‍ന്ന് നീര്‍ച്ചാലുമുണ്ട്. പാറയിലും സമീപത്തുമെല്ലാം വലിയ രീതിയില്‍ രക്തം ചിതറിയ പാടുകളുണ്ട്. പാറയില്‍ പറ്റിയ രക്തം വെള്ളം ഉപയോഗിച്ച് കഴുകാന്‍ ശ്രമിച്ചതായും പോലീസ് സംശയിക്കുന്നു. ഇവിടെവെച്ച് അപകടപ്പെടുത്തിയശേഷം അനന്തുവിനെ കനാലില്‍ കൊണ്ടിട്ടതായാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Content Highlights: kalanjoor death, youth found dead in aqueduct, murder, pathanamthitta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..