മൃതദേഹം കല്ലട ജലസേചന പദ്ധതിയുടെ കനാലിൽ കലഞ്ഞൂർ കാരുവയൽ ഭാഗത്തുനിന്ന് അഗ്‌നിരക്ഷാസേനാ സംഘം പുറത്തെടുക്കുന്നു(ഇടത്ത്) മരിച്ച അനന്തു(വലത്ത്)
കലഞ്ഞൂര്‍(പത്തനംതിട്ട): കലഞ്ഞൂരില്‍നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കല്ലട ജലസേചന പദ്ധതി കനാലില്‍ കണ്ടെത്തി.
കലഞ്ഞൂര്‍ കാരുവയല്‍ അനന്തു ഭവനില്‍ അനന്തു(28)വിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കാരുവയല്‍ പാലത്തിനുസമീപം കനാലില്‍ കണ്ടെത്തിയത്. അനന്തുവിന്റെ തലയ്ക്കുപിന്നില്‍ വെട്ടേറ്റതുപോലെ വലിയ മുറിവുണ്ട്. മുഖത്തും പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് അനന്തുവിനെ കാണാതായതെന്ന് വീട്ടുകാര്‍ കൂടല്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയതിന് അരക്കിലോമീറ്റര്‍ അകലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ ആക്രമണം നടന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. കനാലിലേക്കുള്ള വഴിയിലും ചോരപ്പാടുകളുണ്ട്. ഇതിന് സമീപത്ത് കനാലില്‍ അനന്തുവിന്റെ മൊബൈല്‍ ഫോണും കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത കനാല്‍ നീര്‍പ്പാലത്തിന് സമീപത്തും ചോരപ്പാടുകള്‍ ഉണ്ട്. മുടിമുറിഞ്ഞും കിടക്കുന്നുണ്ട്.
അനന്തുവിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ഷര്‍ട്ടിന്റെ ഒരുഭാഗം മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. വലിയ ഒഴുക്കുവെള്ളത്തില്‍പോലും നീന്തുന്ന അനന്തു കനാലില്‍വീണ് മരിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഒരാളെ പോലീസ് തിരയുന്നുണ്ട്. കോന്നി ഡിവൈ.എസ്.പി. ബൈജുകുമാര്‍, കൂടല്‍ സി.ഐ. പുഷ്പകുമാര്‍, എസ്.ഐ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്ലംബിങ് ജോലിക്കാരനായിരുന്നു അനന്തു.
രാജന്റെയും അംബികയുടെയും മകനാണ്. സഹോദരി: ആതിര. മൃതദേഹപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
Content Highlights: kalanjoor death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..