തടിയന്റെ വിട നസീർ പോലീസ് കസ്റ്റഡിയിൽ(ഫയൽഫോട്ടോ)മാതൃഭൂമി
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ കണ്ണൂർ സ്വദേശി തടിയന്റവിട നസീർ അടക്കം മൂന്നു പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. നസീറിനു പുറമേ പെരുമ്പാവൂർ സ്വദേശി സാബിർ ബുഹാരി, പറവൂർ സ്വദേശി താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. ഇവർ എൻ.ഐ.എ. കോടതി മുമ്പാകെ കുറ്റസമ്മതം നടത്തുകയായിരുന്നു. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
പി.ഡി.പി. നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ ഒമ്പതിനാണ് കളമശ്ശേരിയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദനിയുടെ ഭാര്യ സൂഫിയ കേസിൽ പത്താംപ്രതിയാണ്. പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. 14 പ്രതികളുണ്ടായിരുന്ന കേസിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
യാത്രക്കാരെ ഇറക്കിവിട്ടു; പെേട്രാളൊഴിച്ച് ബസിന് തീകൊളുത്തി
കൊച്ചി: 2005 സെപ്റ്റംബർ ഒമ്പതിന് കളമശ്ശേരിയിൽ നടന്ന ബസ് കത്തിക്കലുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്നത് 17 വർഷങ്ങൾക്കുശേഷം. ഭീകരവാദവുമായി ബന്ധപ്പെട്ട കേസെന്ന നിലയിൽ എൻ.ഐ.എ.യാണ് അന്വേഷണം നടത്തിയത്.
എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസാണ് രാത്രി ഒമ്പതരയോടെ പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുൾനാസർ മദനിയെ ജയിലിൽനിന്ന് മോചിപ്പിക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.
ഒട്ടേറെ തീവ്രവാദക്കേസുകളിൽ പ്രതിയാണ് കേസിലെ ഒന്നാംപ്രതിയായ തടിയൻറവിട നസീർ. ബസ് തട്ടിയെടുക്കാൻ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല.
ബസ് ഡ്രൈവറുടെയടക്കം എട്ടുപേരുടെ മൊഴി ചേർത്ത് 2010 ഡിസംബറിലാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പോലീസ് നേരത്തേ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകൾ പിന്നീട് കാണാതായിരുന്നു. 2010-ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ വൈകി. ആദ്യം പോലീസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയ കേസ് 2009-ലാണ് എൻ.ഐ.എ. ഏറ്റെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..