മിസ്ഹബ് അബ്ദുൽ റഹിമാൻ, ജിഷ്ണു രാജേഷ്, അഭിനവ്
കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമന്‍. പോലീസിന്റെ പിടിയില്‍പ്പെടാതെ ഒളിവില്‍ കഴിയുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
മറ്റു ജില്ലകളില്‍നിന്നെത്തി, കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായുള്ള പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ അനുസരിച്ചുള്ള കേസാണ് എടുത്തിരിക്കുന്നത്.
പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം സംഭവങ്ങള്‍ പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസ് വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കടുത്തുരുത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയ സംഭവത്തിന് ശേഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ റിമാന്‍ഡിലാണ്. പ്രതികളെല്ലാം പ്രണയ തട്ടിപ്പ് നടത്തുന്നതിന് മാത്രമായി മറ്റ് ജില്ലകളില്‍നിന്നെത്തി ഇവിടെ മാസങ്ങളും വര്‍ഷങ്ങളുമായി താമസിച്ചിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗമെന്നും പോലീസ് പറയുന്നു.കൂടുതല്‍ സംഘങ്ങള്‍ പ്രദേശത്തുണ്ടെന്നും പോലീസ് മുന്നറിയിപ്പുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് റിമാന്‍ഡിലുള്ളത്.
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ചെടുത്ത കേസിലാണ് മൂവരും അറസ്റ്റിലായത്. പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
Content Highlights: kaduthuruthy love trap and kidnap attempt case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..