വിജിലൻസിന്റെ പിടിയിലായ കൂത്താട്ടുകുളം നഗരസഭാ ജൂനിയർ ഹെൽത്ത് ഓഫീസർ ബിജുവിനെ (ഇടത്ത്) വിജിലൻസ് ഡിവൈ. എസ്.പി. മധു ബാബു ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യുന്നു
കൂത്താട്ടുകുളം: ലോഡ്ജിന്റെ റദ്ദാക്കിയ ലൈസന്‍സ് വീണ്ടും നല്‍കുന്നതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു (45) വിനെ വിജിലന്‍സ് പിടികൂടി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് ഹൈസ്കൂള്‍ റോഡിലെ ഫ്ലാറ്റില്‍ നിന്നാണ് ബിജുവിനെ പിടിച്ചത്. രാമപുരം കവലയ്ക്ക് സമീപം ഹരിദാസ് കോംപ്ലക്സില്‍ ലോഡ്ജ് ഉടമ തൂശത്ത് ടി.യു. ഹരിദാസ് നല്കിയ പരാതിയനുസരിച്ചാണ് വിജിലന്‍സ് സംഘം എത്തിയത്.
ലൈസന്‍സ് ലഭിക്കാന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റിന് ഒന്നര ലക്ഷം രൂപയാണ് ഹെല്‍ത്ത് വിഭാഗം ആവശ്യപ്പെട്ടത്. ഈ വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് ഫിനാഫ്തലിന്‍ പുരട്ടി സീരിയല്‍ നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി നല്കിയ നോട്ടുകളുമായി ഹരിദാസ് ചൊവ്വാഴ്ച രാത്രി ബിജുവിന്റെ താമസ സ്ഥലത്തെത്തി. ഹെല്‍ത്ത് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥരും ബിജുവിനൊപ്പമുണ്ടായിരുന്നു. ഹരിദാസ് നോട്ടുകള്‍ ബിജുവിന് നല്കി. ഫ്ലാറ്റിനു സമീപം കാത്തുനിന്ന വിജിലന്‍സ് സംഘം ഉടന്‍തന്നെ എത്തി നോട്ടുകള്‍ കണ്ടെടുത്തു.
എറണാകുളത്ത് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്കിയ സംഭവത്തിലെ കുറ്റക്കാരനായി നടപടികള്‍ നേരിട്ട ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം സ്വദേശിയായ ബിജു എന്ന് വിജിലന്‍സ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ റെയ്ഞ്ച് വിജിലന്‍സ് സൂപ്രണ്ട്, വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി. മധു ബാബു, ഇന്‍സ്പെക്ടര്‍മാരായ വിമല്‍, ഗോപകുമാര്‍, എസ്.ഐ. മാരായ സണ്ണി, അജേഷ് കുമാര്‍, എ.എസ്.ഐ. സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലിസാര്‍, റോയി കുര്യാക്കോസ്, സിജുകുമാര്‍, എബി മാത്യു, ശിവപ്രസാദ്, അനീഷ്, മനു, ജയദേവന് എന്നിവരടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്.
Content Highlights: junior health inspector arrested for bribery case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..