തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും സുഹൃത്ത് വഫ ഫിറോസിനെ രണ്ടാംപ്രതിയാക്കിയുമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 100 സാക്ഷികളാണുള്ളത്. ആകെ 66 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 75 തൊണ്ടിമുതലുകളും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് നല്‍കിയിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ചാണ് കെഎം ബഷീറിന്റെ ബൈക്കില്‍ ശ്രീറാമും വഫയും സഞ്ചരിച്ച കാറിടിച്ചത്. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്നായിരുന്നു വാഹന ഉടമയായ വഫ ഫിറോസിന്റെ മൊഴി. എന്നാല്‍ വഫയാണ് വാഹനമോടിച്ചതെന്ന് ശ്രീറാം മൊഴി നല്കി. അപകടമരണത്തില്‍ പ്രാഥമിക അന്വേഷണം നടത്താനും മറ്റുനടപടികള്‍ പൂര്‍ത്തിയാക്കാനും പോലീസ് വീഴ്ചവരുത്തിയത് ഏറെ വിമര്‍ശനത്തിനിടയാക്കി. അപകടശേഷം ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നില്ല.
അപകടത്തിന് പിന്നാലെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി തള്ളിയിരുന്നു. സസ്പെന്ഷന് കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
Content Highlights: journalist km basheer accident death; police submitted charge sheet against sriram venkataraman and wafa firoz
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..