അറസ്റ്റിലായ പ്രതികൾ
തൃശ്ശൂര്‍: വന്‍ കമ്പനികളുടെ പേരില്‍ തൊഴില്‍ത്തട്ടിപ്പ് നടത്തുന്ന ഇതരസംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍സംഘത്തെ പോലീസ് പിടികൂടി. കല്യാണ്‍ ജൂവലേഴ്‌സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍നിന്ന് മൂവര്‍സംഘം പിടിയിലായത്. ഈസ്റ്റ് ഡല്‍ഹി ഷക്കര്‍പുര്‍ നെഹ്‌റു എന്‍ക്ലേവ് സ്‌കൂള്‍ ബ്ലോക്കില്‍ സൂരജ് (23), ഡല്‍ഹി ഫസല്‍പുര്‍ മാന്‍ഡവല്ലി സ്വദേശി വരുണ്‍ (26), വിശാഖപട്ടണം മുലഗഡേ ഹൗസിങ് കോളനിയില്‍ ജേക്കബ്്രാജ് (22) എന്നിവരെയാണ് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങുന്നതാണ് ഇവരുടെ രീതി. അഡ്മിഷന്‍ ഫീസ്, ട്രെയിനിങ് ചാര്‍ജ് എന്നിവയുടെ പേരിലാണ് പണം ഈടാക്കിയിരുന്നത്. പണം നിക്ഷേപിച്ചശേഷവും ജോലി ലഭിക്കാതായതോടെ ചിലര്‍ കല്യാണ്‍ ജൂവലേഴ്‌സിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. കല്യാണ്‍ ജൂവലേഴ്‌സ് കോര്‍പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജു പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിമാനക്കമ്പനികളുടേതടക്കം പല സ്ഥാപനങ്ങളുടെയും പേരില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും പരിശോധിച്ചതില്‍നിന്ന് ഇതിന്റെ തെളിവ് ലഭിക്കുകയും ചെയ്തു.
വ്യാജ ഇ-മെയില്‍, ലെറ്റര്‍ഹെഡ്, തട്ടിപ്പ് ഇന്റര്‍വ്യൂ
തൊഴിലന്വേഷകരെ വലയില്‍ വീഴ്ത്താന്‍ സംഘം ഉപയോഗിച്ചിരുന്ന വഴികള്‍ പലതാണ്. ഓണ്‍ലൈന്‍ തൊഴില്‍ പോര്‍ട്ടലുകളില്‍നിന്ന് ഉദ്യോഗാര്‍ഥിയുടെ വിവരങ്ങള്‍ ശേഖരിക്കുകയെന്നതാണ് ആദ്യപടി. പിന്നീട് പ്രമുഖ കമ്പനികളുടെ വ്യാജ ഇ-മെയില്‍ വിലാസങ്ങളും വെബ്‌സൈറ്റുകളും നിര്‍മിക്കും. ഇതില്‍നിന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിവാഗ്ദാനങ്ങള്‍ അയച്ചുകൊടുക്കും.
യോഗ്യതയ്ക്കും പ്രായത്തിനും യോജിക്കുന്ന ജോലികളാണ് വാഗ്ദാനം ചെയ്യുക. ഇതിനായി ലെറ്റര്‍ഹെഡും നിര്‍മിക്കും. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകളും പരീക്ഷകളും നടത്തും. തുടര്‍ന്നാണ് പണം വാങ്ങിത്തുടങ്ങുക. വാങ്ങുന്ന പണമെല്ലാം ആദ്യശമ്പളത്തോടൊപ്പം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കും. കബളിപ്പിക്കപ്പെട്ടുവെന്നു തിരിച്ചറിഞ്ഞാലും പോലീസില്‍ പരാതി നല്‍കുകയില്ല. ഇതും തട്ടിപ്പുസംഘത്തിന് വളമായി.
യഥാര്‍ത്ഥ കമ്പനിയെന്ന് ഉറപ്പുവരുത്തണം- കമ്മിഷണര്‍
ഓണ്‍ലൈന്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ജോലിവാഗ്ദാനങ്ങള്‍ യഥാര്‍ത്ഥ സ്ഥാപനത്തില്‍നിന്നുള്ളതാണെന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പുവരുത്തണമെന്ന് പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ അറിയിച്ചു. ഇ-മെയിലുകളില്‍ അയച്ചുലഭിക്കുന്ന ലിങ്കുകളല്ലാതെ കമ്പനി വെബ്‌സൈറ്റും ഇതിനായി പരിശോധിക്കണം. നല്ല സ്ഥാപനങ്ങള്‍ ഒരിക്കലും ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം ആവശ്യപ്പെടില്ല. ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തില്‍ നേരിട്ട് ബന്ധപ്പെടണമെന്നും ഇതിനായി അവരുടെ യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ശേഖരിക്കണമെന്നും കമ്മിഷണര്‍ പറഞ്ഞു.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എ. അഷ്‌റഫ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സന്തോഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. ഫൈസല്‍, സീനിയര്‍ സി.പി.ഒ. വിനു കുര്യാക്കോസ്, സി.പി.ഒ.മാരായ വിനോദ് എന്‍. ശങ്കര്‍, വി.ബി. അനൂപ്, കെ. അനീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: job fraud case three arrested by thrissur police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..