പ്രതീകാത്മക ചിത്രം. ഇൻസെറ്റിൽ പരിക്കേറ്റ ജോസി വർഗീസ്
കൊച്ചി/പറവൂര്‍: റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു. എറണാകുളം എക്സൈസ് റേഞ്ചിലെ സിവില്‍ ഓഫീസര്‍ വാണിയക്കാട് ആലിംഗപൊക്കം അറക്കപ്പറമ്പില്‍ എ.ജെ. അനീഷിനെതിരേ കോട്ടുവള്ളി കൈതാരം കുഴുവേലിപ്പാടത്ത് ദേവകൃഷ്ണന്‍ (26) നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് 65 പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതായി എറണാകുളം ജില്ലയില്‍ നിന്നുള്ള 21 പേര് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം.
ഇയാള്‍ മുമ്പ് റഷ്യയില്‍ ജോലിക്കെത്തിച്ചു എന്ന് അവകാശപ്പെടുന്ന യുവാവാണ് അവിടെ ജോലിയുണ്ടെന്നും അനീഷിനെ ബന്ധപ്പെട്ടാല്‍ കിട്ടുമെന്നും ആളുകളോടു പറഞ്ഞത്. രണ്ടുലക്ഷം രൂപ നല്കിയാല് ജോലി നല്‍കാമെന്ന് അനീഷ് എല്ലാവര്ക്കും ഉറപ്പ് നല്കി. ഇത്ര വലിയ തുക നല്കുന്നതിനാല് കരാറുണ്ടാക്കണം എന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ജോലി ഉള്ളതിനാല്‍ തനിക്ക് കരാറില്‍ ഏര്‍പ്പെടാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. എക്സൈസ് യൂണിഫോമില്‍ നില്ക്കുന്ന ഫോട്ടോ കാണിച്ചും പറഞ്ഞു വിശ്വസിപ്പിച്ചും അനീഷ് പണം വാങ്ങിയെടുക്കുകയായിരുന്നു.
പണം നല്കി നാളുകള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോള്‍ വാങ്ങിയ പണം തിരികെ നല്കാമെന്നായി. എന്നാല്‍, ഇതും ഒഴിവ് പറഞ്ഞു നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ വീട്ടില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ ആളുണ്ടായിരുന്നില്ല. ഫോണിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. എക്സൈസ് ഓഫീസിലും ഇയാള്‍ എത്തുന്നില്ലെന്നാണ് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരമെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ വിശദീകരിക്കുന്നു.
ഒരു കമ്പനിയുടെ പേരില്‍ വാട്സാപ്പ് വഴി അനീഷ് ചിലര്‍ക്ക് ഓഫര്‍ ലെറ്റര്‍ അയച്ചുകൊടുത്തിരുന്നു. ഈ കത്ത് വ്യാജമാണെന്ന് സംശയമുണ്ടെന്ന് പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു. എസ്.പി. ഓഫീസില്‍ പരാതി സ്വീകരിച്ച് പറവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് അയച്ചിരുന്നു. ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
റിപ്പോര്‍ട്ട് തേടി - ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍
എറണാകുളം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥന് പലരില്‍ നിന്നും പണം വാങ്ങിയതായി പരാതി വന്നിട്ടുണ്ട്. അതില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ഉദ്യോഗസ്ഥന് കുറേ നാളുകളായി ലീവിലാണ്. റിപ്പോര്‍ട്ട് നല്കുന്ന മുറയ്ക്ക് നടപടിയുണ്ടാകും- എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ജയചന്ദ്രന് പറഞ്ഞു.
Content Highlights: job fraud case against excise officer in eranakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..