അറസ്റ്റിലായ സരിത്ത്
വിളപ്പില്‍ശാല: ഖാദി ബോര്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടുകയും യുവതിയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് നാടകീയമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. ബാലരാമപുരം തേമ്പാമുട്ടം എതൃക്കരവിള വയലില്‍വീട്ടില്‍ എസ്.സരിത്തി(30)നെയാണ് കേസില്‍ വിളപ്പില്‍ശാല പോലീസ് അറസ്റ്റുചെയ്തത്.
പണം വാങ്ങുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ഇവരോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും സംഭാഷണം റെക്കാര്‍ഡ് ചെയ്ത് ചൂഷണം ചെയ്യുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ രീതി മനസ്സിലാക്കിയ പോലീസ് ജോലി ആവശ്യമുണ്ടെന്ന വ്യാജേന കെണിയൊരുക്കി ഇയാളെ സമീപിക്കുകയും ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചെറുകോട് സ്വദേശിയായ യുവതിയില്‍നിന്നു ഖാദി ബോര്‍ഡില്‍ ജോലി ശരിയാക്കാമെന്നു പറഞ്ഞ് 11000 രൂപ വാങ്ങുകയും ഇവരോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത പരാതിയിലാണ് അറസ്റ്റ്. വിളപ്പില്‍ശാല ചൊവ്വള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന സരിത്തിന് ശരത്, മനു, നന്ദു, നിതിന്‍ എന്നിങ്ങനെ വിളിപ്പേരുകളുണ്ട്. നിര്‍ധനരായ സ്ത്രീകളെ ലക്ഷ്യംവച്ച് അവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് സ്ത്രീശബ്ദത്തില്‍ വിളിച്ച് വിവിധ സ്ഥാപനങ്ങളില്‍ ജോലിവാഗ്ദാനം ചെയ്യുകയും ഇവരില്‍നിന്ന് ഇയാള്‍ പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധിപേരില്‍നിന്നു ലക്ഷങ്ങള്‍ ഇയാള്‍ തട്ടിയെടുത്തതായാണ് പോലീസിനു ലഭിച്ച വിവരം.
ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് കൂടുതല്‍പ്പേര്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. ബലാത്സംഗം, മോഷണം, പിടിച്ചുപറി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മ്യൂസിയം, കരമന, പാറശ്ശാല, നെടുമങ്ങാട്, വിതുര, കാട്ടക്കട, മെഡിക്കല്‍കോളേജ്, സൈബര്‍ പോലീസ് എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. വിളപ്പില്‍ശാല ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ആശിഷ്, രാജേഷ്കുമാര്‍, സി.പി.ഒ.മാരായ ധന്യപ്രകാശ്, ഗീത എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ നാടകീയമായി പിടികൂടിയത്.
പോലീസിനോട് ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: job fraud accused arrested in thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..