Photo Courtesy: Screengrab- Youtube.com/Gujarat Tak
വഡോദര: പ്രണയത്തില്‍നിന്ന് പിന്മാറിയെന്നാരോപിച്ച് 19-കാരിയെ യുവാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് ക്രൂരമായ സംഭവം. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കല്‍പേഷ് ഠാക്കൂറി(23)നെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രി ദേശീയപാത 48-ന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതുവഴിയെത്തിയ സ്ത്രീയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍നിന്ന് ആധാര്‍ കാര്‍ഡ് കണ്ടെടുത്തു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് തിരിച്ചറിഞ്ഞത്.
യുവതി പ്രണയത്തില്‍നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലര്‍ത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. മൂന്നുവര്‍ഷമായി തൃഷയുമായി പ്രണയത്തിലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് യുവതി നാട്ടില്‍ പോയി വന്നതിന് ശേഷം അടുപ്പം കാണിച്ചില്ല. തൃഷയുമായുള്ള ബന്ധം തുടരാന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും താത്പര്യം കാണിച്ചില്ല. മാത്രമല്ല, മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് അറിയുകയും ചെയ്തു. തന്നെ അവഗണിച്ചപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചൊവ്വാഴ്ച വൈകീട്ട് പ്രതി യുവതിയെ വിളിച്ചുവരുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. നേരിട്ട് കണ്ടില്ലെങ്കില്‍ ജീവനൊടുക്കുമെന്നായിരുന്നു കല്‍പേഷിന്റെ ഭീഷണി. ഇതോടെ നഗരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് നേരിട്ട് കാണാമെന്ന് തൃഷ സമ്മതിച്ചു.
ബൈക്കില്‍ മറ്റൊരു സുഹൃത്തിനൊപ്പമാണ് പ്രതി സ്ഥലത്തെത്തിയത്. സുഹൃത്തിനോട് ഹൈവേയില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞ ശേഷം പ്രതി യുവതിയുടെ സ്‌കൂട്ടറില്‍ കയറി പോയി. ദേശീയപാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇരുവരും എത്തിയത്. മറ്റൊരാളുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്നും താനുമായുള്ള ബന്ധം തുടരണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു തൃഷയുടെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കല്‍പേഷ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ആയുധം പുറത്തെടുത്ത് യുവതിയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവതിയുടെ കഴുത്തിലാണ് ആദ്യം വെട്ടേറ്റത്. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയ്ക്കും വെട്ടേറ്റു. കൈ വെട്ടിമാറ്റിയ പ്രതി ശരീരമാസകലം വെട്ടിപരിക്കേല്‍പ്പിച്ച് മരണം ഉറപ്പാക്കി. സംഭവത്തിന് ശേഷം യുവതിയുടെ സ്‌കൂട്ടറുമായി ഹൈവേയിലെത്തിയ പ്രതി, സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. യുവതിയുടെ മൊബൈല്‍ ഫോണും ഇയാളുടെ കൈവശമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം രക്തംപുരണ്ട വസ്ത്രമെല്ലാം മാറ്റി കുളിച്ചു. തൃഷയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം പ്രതി ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു.
ഗോധ്ര സ്വദേശിയായ തൃഷ, മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിനായാണ് വഡോദരയിലെത്തിയത്. നഗരത്തില്‍ അമ്മാവന്റെ വീട്ടിലായിരുന്നു താമസം. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ അടുത്തിടെ വിജയിക്കുകയും ചെയ്തിരുന്നു.
Content Highlights: jilted lover killed girl in vadodara gujarat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..