Photo: AP & AFP
ടോക്യോ: പൊതുപരിപാടിക്കിടെ വെടിയേറ്റ ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നില അതീവഗുരുതരം. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും ശുഭകരമായ സൂചനകളൊന്നും കാണിക്കുന്നില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
നരാ പട്ടണത്തില്‍ പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പ്രസംഗിക്കുന്നതിനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 40 വയസ്സ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷിയായ യുവതിയും പ്രതികരിച്ചു.
രണ്ടാമത്തെ വെടിയേറ്റതിന് പിന്നാലെ ആബെ നിലത്തുവീഴുകയായിരുന്നു. ചോരയൊലിക്കുന്ന നിലയിലാണ് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനുപിന്നാലെയാണ് ആബെയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. എന്നാല്‍, ആബെയുടെ ആരോഗ്യനിലയെക്കുറിച്ച് ഇപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു ജപ്പാന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോക്സു മസുനോയുടെ പ്രതികരണം.
അതേസമയം, ആബെയ്ക്ക് നേരേ വെടിയുതിര്‍ത്ത ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് കാരണമെന്താണെന്നും വ്യക്തമല്ല. തോക്കുകള്‍ ഉപയോഗിക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളും നിയമങ്ങളും നിലവിലുള്ള രാജ്യമാണ് ജപ്പാന്. അതിനാല്‍തന്നെ വെടിവെയ്പ്പുകളും ഇവിടെ കുറവാണ്.
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ 2020-ലാണ് രാജിവെച്ചത്. 2006-ല്‍ ആദ്യമായി പ്രധാനമന്ത്രിയായ അദ്ദേഹം ഒരുവര്‍ഷത്തോളമാണ് ആദ്യഘട്ടത്തില്‍ ആ പദവി വഹിച്ചത്. പിന്നീട് 2012 മുതല്‍ നീണ്ട എട്ടുവര്‍ഷക്കാലം തുടര്‍ച്ചയായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഒടുവില്‍ 2020-ല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി പദവിയില്‍നിന്ന് രാജിവെച്ചൊഴിയുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..