Photo: AP
പാരിസ്: പതിനാറുവര്‍ഷത്തോളം അന്വേഷണ ഏജന്‍സികള്‍ക്ക് പിടികൊടുക്കാത്തെ മുങ്ങിനടന്ന ഇറ്റാലിയന്‍ മാഫിയ തലവന്‍ ഫ്രാന്‍സില്‍ പിടിയിലായി. ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയ സംഘമായ 'ദ്‌റാന്‍ഗെറ്റ'യുടെ ഭാഗമായിരുന്ന എദ്ഗാര്‍ഡോ ഗ്രേക്കോയെയാണ് ഫ്രാന്‍സിലെ സാന്റിറ്റെയ്‌നില്‍നിന്ന് അറസ്റ്റ് ചെയ്തത്. 16 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ഗ്രേക്കോ ഫ്രാന്‍സിലെ ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ പിസ ഷെഫ് ആയി ജോലിചെയ്തുവരുന്നതിനിടെയാണ് അന്വേഷണ ഏജന്‍സികളുടെ പിടിയിലായത്.
1990-ല്‍ മാഫിയസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി നടന്ന കൊലപാതകങ്ങളില്‍ ഉള്‍പ്പെടെ ഗ്രേക്കോയ്ക്ക് പങ്കുണ്ട്. രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ആസിഡ് ബാരലിലിട്ട് അലിയിപ്പിച്ച ക്രൂരകൃത്യത്തില്‍ ഗ്രേക്കോയെ കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പിടികൊടുക്കാതെ നീണ്ട 16 വര്‍ഷമായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഫ്രാന്‍സിലെ റെസ്റ്റോറന്റില്‍ പിസ ഷെഫ് ആയാണ് ഗ്രേക്കോ ജോലിചെയ്തുവന്നിരുന്നത്. പാചകക്കാരനായി ജോലിചെയ്തിരുന്ന ഗ്രേക്കോയെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ ജോലിചെയ്തിരുന്ന റെസ്‌റ്റോറന്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അടുത്തിടെ ഗ്രേക്കോയെക്കുറിച്ച് ഒരു ലേഖനവും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊടുംകുറ്റവാളി റെസ്റ്റോറന്റില്‍ പിസയുണ്ടാക്കി കഴിയുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. പിന്നാലെ ഗ്രേക്കോ വ്യാഴാഴ്ച അറസ്റ്റിലാവുകയും ചെയ്തു.
ലോകത്തെ കുപ്രസിദ്ധ കൊക്കെയ്ന്‍ കടത്തുസംഘമാണ് ഗ്രേക്കോയുടെ 'ദ്‌റാന്‍ഗെറ്റ'. അടുത്തിടെ ഇതേ മാഫിയ സംഘത്തിലെ മറ്റുചിലര്‍ ബ്രസീലിലും യൂറോപ്പിലും പിടിയിലായിരുന്നു.
Also Read
ആഴ്ചകള്‍ക്ക് മുമ്പാണ് ഇറ്റലിയിലെ മറ്റൊരു കുപ്രസിദ്ധ മാഫിയ തലവനായ മത്തേവോ മെസ്സീന ദിനാറോയെ പോലീസ് പിടികൂടിയത്. ഇറ്റലിയിലെ പലേര്‍മോയിലെ ക്ലിനിക്കില്‍ കാന്‍സര്‍ ചികിത്സയ്ക്കായി എത്തിയപ്പോളാണ് മത്തേവായ്ക്ക് പിടിവീണത്. നീണ്ട 30 വര്‍ഷമാണ് ഇയാള്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടാതെ ഒളിവുജീവിതം നയിച്ചിരുന്നത്.
Content Highlights: italian mafia boss edgardo greco worked as pizza chef in france arrested after 16 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..