പ്രതീകാത്മക ചിത്രം | Reuters
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്സ് സഹകരണ സംഘത്തില്‍ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ രണ്ടു പേരുടെ വസ്തുക്കളുടെ വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് കൈമാറി. സംഘം മുന്‍ പ്രസിഡന്റ് ഗോപിനാഥ്, ക്ലാര്‍ക്ക് രാജീവ് എന്നിവരുടെയും ഇവരുടെ അടുത്ത ബന്ധുക്കളുടെയും പേരിലുള്ള വസ്തുക്കളുടെ വിവരങ്ങളാണ് റവന്യു, രജിസ്ട്രേഷന് വകുപ്പുകളുടെ സഹായത്തോടെ സഹകരണ വകുപ്പ് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍പ്പെട്ടതും ഇവര്‍ക്ക് അവകാശമുള്ളതുമായ പതിന്നാലിലധികം വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍വേ നമ്പര്‍ സഹിതമാണ് റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്ക് ചൊവ്വാഴ്ച കൈമാറിയത്.
ഇനി ഈ വസ്തുക്കള്‍ ഇവര്‍ക്ക് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ സാധിക്കില്ല. ആര്ബിട്രേഷന് കേസ് ഫയല്‍ ചെയ്യുന്ന നടപടികളിലേക്ക് രജിസ്ട്രാര്‍ ഉടന്‍ നീങ്ങും.
സംഘത്തിന്റെ പരിധി സംസ്ഥാനമൊട്ടാകെയുള്ളതിനാല്‍ രജിസ്ട്രാര്‍ നേരിട്ടാകും ഇനി മറ്റ് നടപടികള്‍ കൈക്കൊള്ളുക. തട്ടിപ്പില്‍ പ്രധാനികളായ രാജീവിന്റെയും ഗോപിനാഥിന്റെയും പേരിലുള്ള മറ്റ് വസ്തുക്കളും കണ്ടെത്തും. സംഘത്തിലെ മറ്റ് ഭാരവാഹികള്‍ക്കും തട്ടിപ്പില്‍ ഉത്തരവാദിത്വമുള്ളതിനാല്‍ ഇവരുടെ പേരിലുള്ള വസ്തുവിവരങ്ങളും ശേഖരിക്കുന്നുണ്ട്.
തിരിമറിയുടെ വ്യാപ്തി കൂടും
അന്വേഷണ കമ്മിഷന് നല്കിയ പ്രഥമ റിപ്പോര്‍ട്ടില്‍ 130 കോടിയുടെ തിരിമറിയുണ്ടെന്ന് വ്യക്തമാക്കുന്നു. ആര്ബിട്രേഷന് കേസ് ഫയല്‍ ചെയ്യുന്നതിനാണ് പ്രഥമ റിപ്പോര്‍ട്ട് കൈമാറിയത്. തിരിമറിയുടെ വ്യാപ്തി ഇനിയും കൂടും. കാരണം നിക്ഷേപ വിവരങ്ങള്‍ അറിയിക്കാന്‍ 23 വരെ സമയമുണ്ട്. ഏകദേശം 200 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച സംഘം ഓഫീസില്‍ പോലീസെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്. സംഘം ഭാരവാഹികള്‍, ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരേ കൂടുതല്‍ നടപടികളാവശ്യപ്പെട്ട് ഹൈക്കോടതിയിലും നിക്ഷേപകരില്‍ ഒരാള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Content Highlights: irregularities in bsnl engineers co operative society
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..