രാവിലെ ആറരയ്ക്ക് മിന്നല്‍പരിശോധന; മദ്യപിച്ച് ബസ് ഓടിച്ച ഒമ്പത് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍


മദ്യപിച്ച ഡ്രൈവർമാർ ഓടിച്ച ബസുകൾ പോലീസ് പിടിച്ചെടുത്തപ്പോൾ

തൃശ്ശൂര്‍: നഗരത്തില്‍ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഒമ്പത് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ ആറരയ്ക്കും ഏഴിനുമിടയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇവരോടിച്ചിരുന്ന ബസുകള്‍ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനോട് ശുപാര്‍ശചെയ്യുമെന്നും ഈസ്റ്റ് പോലീസ് അധികൃതര്‍ അറിയിച്ചു.

കിഴൂര്‍ കൈപ്പറമ്പില്‍ അനൂപ് (33), ചെമ്മാപ്പിള്ളി മോങ്കാട്ടുക്കര സബിന്‍ (40), കുന്നത്തങ്ങാടി കളപ്പുരപറമ്പില്‍ ഗോകുല്‍ (34), പുറനാട്ടുകര തെക്കനത്ത് കിഷോര്‍ തോമസ് (38), ഫറോക്ക് കെ.കെ.പി. വീട്ടില്‍ റിയാസ് (36), വെട്ടുകാട് ചീരോത്ത് സുധീര്‍ (48), മണലിത്തറ ഉള്ളാട്ടുകുടിയില്‍ ജോര്‍ജ് (50), കടലാശ്ശേരി വടക്കിട്ടി വിപിന്‍ (32), നന്തിപുലം കാട്ടൂര്‍ വീട്ടില്‍ സുഭാഷ് (33) എന്നിവരാണ് അറസ്റ്റിലായത്.തൃശ്ശൂര്‍ എ.സി.പി. കെ.കെ. സജീവ്, ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തന്‍ നഗര്‍, വടക്കേച്ചിറ ബസ് സ്റ്റാന്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. നഗരത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ചാണ് വണ്ടി ഓടിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ മിന്നല്‍പരിശോധനയ്ക്ക് ഉത്തരവിട്ടത്. സ്വകാര്യ ബസ് ജീവനക്കാരുള്‍പ്പെട്ട അക്രമസംഭവങ്ങള്‍ ഈയിടെ പലതവണയുണ്ടായിരുന്നു. മിന്നല്‍പരിശോധന മറ്റ് സ്റ്റാന്‍ഡുകളിലേക്കും റോഡുകളിലേക്കും വ്യാപിപ്പിക്കാനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്.

വഴി വിറപ്പിച്ച് സ്വകാര്യ ബസുകൾ

'രാവിലെ എട്ടിന് ബസില്‍ കയറുമ്പോഴേ നെഞ്ചിടിപ്പ് കൂടും. അടുത്ത അരമണിക്കൂറിനുള്ളില്‍ എന്ത് സംഭവിക്കുമെന്നറിയില്ല. തിരക്കിനിടയില്‍ കമ്പിയില്‍ തൂങ്ങി ചാഞ്ഞും ചെരിഞ്ഞുമുള്ള യാത്ര. തൊട്ടുമുന്നിലുള്ള ബസില്‍ ഇടിച്ചുവെന്ന് തോന്നുന്ന നിമിഷം സഡന്‍ബ്രേക്ക്. പിന്നെ എല്ലാവരും കൂടി മുന്നിലേക്ക്.

പേടിച്ച് പുറത്തുവരുന്ന ശബ്ദം തൊണ്ടയില്‍ കുരുങ്ങും. ഇടയ്ക്ക് വലിയ കുഴികളില്‍ ചാട്ടം. ഇതെല്ലാം ആരോട് പറയാന്‍' - കുന്നംകുളത്തുനിന്ന് സ്വകാര്യബസില്‍ യാത്രചെയ്ത് തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 35-കാരി പറഞ്ഞു. 'പേര് പറയാന്‍ ഭയമുണ്ട്, നാളെയും ആ ബസില്‍ കയറേണ്ടതാണേ' -യുവതി കൂട്ടിച്ചേര്‍ത്തു.

ബസുകളുടെ മത്സരയോട്ടം ജില്ലയില്‍ വലിയൊരു ക്രമസമാധാനപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ മാത്രം ജില്ലയില്‍ മത്സരയോട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ടുപേര്‍ക്കാണ്. അതിലൊരാള്‍ ബസ്സുടമയുമാണ്. വഴികൊടുത്തില്ലെന്നാരോപിച്ച് കാര്‍ ഡ്രൈവറെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവമുണ്ടായത് ഞായറാഴ്ച. തിങ്കളാഴ്ച രാവിലെ മണ്ണുത്തിക്കടുത്ത് കാളത്തോട് പാലക്കാട് ഭാഗത്തേയ്ക്കുള്ള രണ്ട് ബസുകള്‍ മത്സരിച്ചോടി കൂട്ടിയിടിച്ചു. ബസുകള്‍ക്കിടയിലുണ്ടായിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ പറയുന്നു, 'ഞാന്‍ ഇടത്തോട്ടൊന്ന് വെട്ടിച്ചു. രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രം'.

ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പതിവായിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകള്‍ മറ്റൊരു ബസിലെ ജീവനക്കാരന്‍ തല്ലിയുടച്ചിരുന്നു. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിക്കുന്ന ബസ് ജീവനക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങളും ഏറുകയാണ്. രാവിലെയും വൈകീട്ടും തിരക്കുള്ള സമയത്ത് സ്വകാര്യബസുകള്‍ മുന്നിലോ പിന്നിലോ എത്തിയാല്‍ ചെറുവാഹനയാത്രികരുടെ ഹൃദയമിടിപ്പേറും.

രണ്ടരമിനിറ്റും റോഡ് നിറയെ കുഴിയും

രണ്ടര മിനിറ്റില്‍ ഒരു കിലോമീറ്റര്‍; റോഡില്‍ നിറയെ കുഴിയും. സമയത്ത് ഓടിയെത്താന്‍ ബസ് ജീവനക്കാര്‍ എന്ത് ചെയ്യും. തൃശ്ശൂര്‍ ജില്ലയില്‍ ഒരു ഭാഗത്തും നല്ല റോഡില്ല. അതാണ് പ്രധാന പ്രശ്‌നം -പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. സേതുമാധവന്‍ പറയുന്നു.

ജില്ലയിലെ പ്രധാന റൂട്ടുകളായ തൃശ്ശൂര്‍ - കുന്നംകുളം, തൃശ്ശൂര്‍ - കൊടുങ്ങല്ലൂര്‍ പാതകളില്‍ പലയിടത്തും റോഡുപണി നടക്കുന്നതിനാല്‍ ഒറ്റവരിയായാണ് ഗതാഗതം. സമയനഷ്ടം ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണ് മത്സരയോട്ടം പതിവാകുന്നത്.

ജീവനക്കാരുടെ കുറവാണ് ഈ മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്കിടയില്‍ സമ്മര്‍ദമേറെയാണ്. 15 മണിക്കൂര്‍ വരെ നീളുന്നു ജോലിസമയം. സമ്മര്‍ദം മറികടക്കാന്‍ ചിലര്‍ ലഹരി ഉപയോഗവും പതിവാക്കുന്നു. അനധികൃത പാര്‍ക്കിങ്ങും അശാസ്ത്രീയമായ ഗതാഗതപരിഷ്‌കാരങ്ങളും ഇടുങ്ങിയ പാതകളും ഓട്ടത്തിനിടയില്‍ സമ്മര്‍ദമേറ്റുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു.

Content Highlights: inspection at 6:30 am; Nine bus drivers were arrested-alcohol


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented