Photo: twitter.com/staywokesouth
ന്യൂയോര്‍ക്ക്: യു.എസിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിക്കും വനിതാ ഉദ്യോഗസ്ഥയ്ക്കും വേണ്ടിയുള്ള തിരച്ചില്‍ 10-ാം ദിവസവും തുടരുന്നു. ലോഡര്ഡെയല് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലെ തടവുകാരന് കേസി വൈറ്റ്, ലോഡര്ഡെയല് കൗണ്ടി ഷെറീഫ് ഓഫീസിലെ ഉദ്യോഗസ്ഥ വിക്കി വൈറ്റ് എന്നിവര്‍ക്കായാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്. കഴിഞ്ഞദിവസം ഇരുവരും ഉപയോഗിച്ചിരുന്ന കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയെങ്കിലും ഇവര്‍ എവിടെയാണെന്നോ എങ്ങോട്ട് പോയെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
വിക്കി വൈറ്റിനെയും കേസി വൈറ്റിനെയും കണ്ടെത്താനായി നൂറിലേറെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ടെന്നീസിയിലാണ് ഇരുവരും ഉപയോഗിച്ചിരുന്ന ഫോര്‍ഡ് എഡ്ജ് കാര്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഗോള്‍ഡ്, കോപ്പര്‍ നിറത്തിലുള്ള കാറിന്റെ പിന്‍ഭാഗത്തെ ബംപര്‍ തകര്‍ന്നനിലയിലായിരുന്നു. മാത്രമല്ല, ബോഡിയിലെ ചിലയിടങ്ങളില്‍ സ്പ്രേ പെയിന്റ് ചെയ്തതായും കണ്ടെത്തി. സ്പ്രേ പെയിന്റ് ചെയ്ത് കാറിന്റെ നിറം മാറ്റാനാണ് ഇതിലൂടെ ശ്രമിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം, കാര്‍ കണ്ടെത്തിയെങ്കിലും വിക്കി വൈറ്റും കേസി വൈറ്റും സമീപപ്രദേശങ്ങളിലൊന്നും ഇല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ കേസി വൈറ്റുമായി ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് രക്ഷപ്പെടുന്നതിന്റെ തലേദിവസം രാത്രി വിക്കി വൈറ്റ് ഈ പ്രദേശത്തെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. പത്തുദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവരുടെ പുതിയ ചില ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഏപ്രില്‍ 29-നാണ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് ആയ വിക്കി വൈറ്റിനെയും തടവുകാരനായ കേസി വൈറ്റിനെയും കാണാതായത്. അന്നേദിവസം രാവിലെ ഡിറ്റന്‍ഷന്‍ സെന്ററിലെത്തിയ വിക്കി, മാനസികാരോഗ്യനില പരിശോധിക്കാനെന്ന് പറഞ്ഞ് കേസി വൈറ്റിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ 29-ന് കേസി വൈറ്റിന് വൈദ്യപരിശോധന നിശ്ചയിച്ച ദിവസമല്ലായിരുന്നു. ഇതോടെയാണ് രണ്ടുപേരും ആസൂത്രിതമായാണ് കടന്നുകളഞ്ഞതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ കേസി വൈറ്റും വിക്കി വൈറ്റും തമ്മില്‍ പ്രത്യേകബന്ധം നിലനിന്നിരുന്നതായും കണ്ടെത്തി.
തടവുപുള്ളിക്കൊപ്പം കടന്നുകളഞ്ഞത് ആസൂത്രിതമാണെന്ന് കണ്ടെത്തിയതോടെ വിക്കി വൈറ്റിനെതിരേ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
അതേസമയം, വിക്കി വൈറ്റിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് യു.എസ്. മാര്‍ഷല്‍ സര്‍വീസ് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കേസി വൈറ്റിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളറാണ് വാഗ്ദാനം. ഇതിനുപുറമേ അലബാമ ഗവര്‍ണറും 5000 ഡോളര്‍ വീതമുള്ള പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: inmate and woman officer escaped from detention center in usa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..