കാവനാട് ശശി
കൊട്ടാരക്കര: ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല കവരുന്നതിൽ കുപ്രസിദ്ധനായ കാവനാട് ശശിയെന്ന ശശി (47) കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. അഞ്ചാലുംമൂട് മുരുന്തൽ കൊച്ചഴികത്ത് പണയിൽ വീട്ടിൽ ശശി ഒന്നരവർഷത്തെ ജയിൽവാസത്തിനുശേഷം കഴിഞ്ഞമാസമാണ് പുറത്തിറങ്ങിയത്.
മഞ്ചേരിയിൽനിന്നു മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന ഇയാൾ കൊടുങ്ങല്ലൂർ, ആളൂർ, പുതുക്കാട് എന്നിവിടങ്ങളിൽ കവർച്ച നടത്തിയശേഷമാണ് കൊട്ടാരക്കരയിലെത്തിയത്. ബുധനാഴ്ച രാത്രിയിൽ അണ്ടൂർ ബിവറേജസിനു സമീപം പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നു പിടികൂടി ചോദ്യംചെയ്തപ്പോഴാണ് അന്തസ്സംസ്ഥാന മോഷണസംഘത്തിൽപ്പെട്ട ആളാണെന്നു തിരിച്ചറിഞ്ഞത്. കവർന്ന ബൈക്കും 23,500 രൂപയും ഇയാളിൽനിന്നു കണ്ടെടുത്തു. ജയിലിൽവെച്ചു പരിചയപ്പെട്ട ഉണ്ണി എന്നയാൾക്കൊപ്പമാണ് മഞ്ചേരിയിൽനിന്ന് ബൈക്ക് മോഷ്ടിച്ചത്. ഇരുവരും ചേർന്ന് കൊടുങ്ങല്ലൂരിൽ ലയ എന്ന സ്കൂട്ടർ യാത്രികയുടെ ഏഴുപവന്റെ മാലയും ആളൂരിൽ റീജ എന്ന സ്ത്രീയുടെ സ്വർണമാലയും കവർന്നു. പുതുക്കാട്ടും സമാനകവർച്ച നടത്തി. മലബാർ മേഖലയിൽ കവർച്ച നടത്തിയിരുന്ന ശശി ജയിൽശിക്ഷയ്ക്കുശേഷമാണ് തെക്കൻ മേഖലയിലേക്കു കടന്നതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ആഴ്ചയിൽ കൊല്ലം വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ മാല കവർന്നത് ശശിയാണെന്നും കൊട്ടാരക്കരയിലും കവർച്ച ലക്ഷ്യമിട്ടാണ് എത്തിയതെന്നും പോലീസ് പറയുന്നു. കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്.ഐ.മാരായ കെ.എസ്.ദീപു, സുരേഷ്‌കുമാർ, അജിതൻ, ജോൺസൺ, സി.പി.ഒ.മാരായ സുരേഷ്, ബിനു, ശ്രീരാജ് എന്നിവരാണ് മോഷ്ടാവിനെ പിടികൂടിയത്.
തെരുവിൽ കവർന്നത് 200 പവനിലധികം സ്വർണം
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ശശി തെരുവിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ കഴുത്തിൽനിന്നു കവർന്നത് ഇരുനൂറ് പവനോളം സ്വർണമെന്ന് പോലീസ്. ഓടുന്ന ബെക്കിലിരുന്നുതന്നെ രണ്ടു കൈകളും ഉപയോഗിച്ച് സ്ത്രീകളുടെ കഴുത്തിലെ മാല കവരുന്നതിൽ വിരുതനാണിയാൾ. നൂറിലധികം കവർച്ചകൾ നടത്തിയിട്ടുണ്ട്. ബൈക്ക് ഓടിക്കുന്നതിൽ വിദഗ്ധനായ ഉണ്ണിക്കൊപ്പമായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ കവർച്ച.
ഓരോ തവണ ജയിലിൽനിന്ന് ഇറങ്ങുമ്പോഴും ഒപ്പമുണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. മോഷണത്തിൽ മികവുള്ളവരെ കൂടെക്കൂട്ടും. പിടിക്കപ്പെടുംമുമ്പുതന്നെ ജാമ്യത്തിലിറങ്ങാൻ ആവശ്യമായ പണം വക്കീലിനെ ഏൽപ്പിക്കുന്നതും ശശിയുടെ രീതിയാണ്. കവർച്ച നടത്തുന്ന സ്വർണം ഇതരസംസ്ഥാനങ്ങളിൽ വിൽക്കുകയാണ് പതിവ്. വ്യാജ ഐ.ഡി.കാർഡുകൾ നൽകി സിമ്മുകൾ എടുക്കുകയും മാറിമാറി ഉപയോഗിക്കുകയും ചെയ്യും. രാത്രികളിൽ ആളൊഴിഞ്ഞ വീടുകളിൽ താമസിക്കുകയും പകൽ ബൈക്കിൽ കറങ്ങി കവർച്ച നടത്തുന്നതുമാണ് ശശിയുടെ രീതിയെന്ന് പോലീസ് പറയുന്നു.
Content Highlights: infamous thief kavanad sasi arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..