റിപ്പർ സുരേന്ദ്രൻ
ആലത്തൂര്‍: സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്നതില്‍ കുപ്രസിദ്ധനായ റിപ്പര്‍ സുരേന്ദ്രന് പാലക്കാട് ആലത്തൂരില്‍ പിടിയിലായി. എരിമയൂരില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.
എരിമയൂര്‍ ഗവ. എച്ച്.എസ്.എസിനുസമീപം സര്‍വീസ് പാതയോരത്ത് താമസിക്കുന്ന വടക്കുമ്പുറം യാക്കര വീട്ടില്‍ മോഹനന്റെ ഭാര്യ നിര്‍മലയുടെ (60) രണ്ടര പവന് മാലയാണ് ഇയാള്‍ പൊട്ടിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് കൃഷിയിടത്തേക്ക് പോയതിനുപിന്നാലെ ഇയാള്‍ വീട്ടമ്മയെ തള്ളിവീഴ്ത്തി മാല കവരുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് മോഷ്ടാവിനെ കീഴ്പ്പെടുത്തി.
പിടിവലിക്കിടെ പരിക്കേറ്റ നിര്‍മലയ്ക്ക് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കി. നാട്ടുകാര്‍ കൈയേറ്റംചെയ്തെന്ന് പറഞ്ഞതിനാല്‍ സുരേന്ദ്രന് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി.
വെള്ളിയാഴ്ച വൈകീട്ട് റിപ്പര്‍ സുരേന്ദ്രനെ എരിമയൂര്‍ പ്രദേശത്ത് കണ്ടിരുന്നതായി പലരും പോലീസിനെ അറിയിച്ചിട്ടുണ്ട്. രാവിലെ ബസിലെത്തിയതായി പറയുന്നു. നിര്‍മലയുടെ വീടിന് പരിസരത്ത് ഇയാള്‍ ഒളിച്ചിരുന്നതായാണ് വിവരം. ആലത്തൂര്‍ പോലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
മരപ്പണി, മോഷണം, കൊലപാതകം, ജയില്‍ചാട്ടം
തൃശ്ശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ നടവരവ് അത്തക്കുടത്തുപറമ്പ് സുരേന്ദ്രനാണ് (43) റിപ്പര്‍ സുരേന്ദ്രനായത്. ആക്രമിച്ച് തലയ്ക്കടിച്ചുവീഴ്ത്തി മോഷണം നടത്തുന്നതിനാലാണ് റിപ്പര്‍ സുരേന്ദ്രനെന്ന് പേര് വീണത്. അന്തിക്കാട്, കാട്ടൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. 2007-ല്‍ തൃശ്ശൂര്‍ പൊറത്തിശ്ശേരി സ്വദേശി മറിയയെ (80) കൊലപ്പെടുത്തി 11 പവന് മോഷ്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടു.
2009-ല്‍ ഇരിങ്ങാലക്കുട സബ്ജയിലില്‍നിന്ന് രക്ഷപ്പെട്ട് തമിഴ്നാട്ടിലെ സത്യമംഗലത്ത് ഒളിവിലിരിക്കെ വീണ്ടും പോലീസ് പിടിയിലായി. ഇതേ വര്‍ഷം വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോള്‍ നടുവേദനയെന്ന് പറഞ്ഞ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവരുമ്പോള്‍ വീണ്ടും രക്ഷപ്പെട്ടു. ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലിരിക്കെ ആത്മഹത്യാശ്രമം നടത്തി.
2021 ഓഗസ്റ്റില്‍ ചെന്ത്രാപ്പിന്നി കണ്ണംപുള്ളി മാരാത്ത് ശശിധരന്റെ ഭാര്യ രാധയെ ആക്രമിച്ച് അഞ്ചുപവന്‍ മാല കവര്‍ന്നു. വീട്ടില്‍ കയറി ഒളിച്ചിരുന്നായിരുന്നു ഇത്. മരപ്പണിക്കാരനായി വീടുകളിലെത്തിയാണ് പലപ്പോഴും മോഷണത്തിനുള്ള വഴി കണ്ടെത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..