തീപിടിത്തം ഉണ്ടായ കെട്ടിടം | ഫോട്ടോ: എഎൻഐ
ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന ശുഭം ദീക്ഷിതി(27)നെയാണ് പോലീസ് കഴിഞ്ഞദിവസം രാത്രി പിടികൂടിയത്. കെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റില്‍ താമസിച്ചിരുന്ന യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതോടെ യുവതിയുടെ സ്കൂട്ടറിന് ഇയാള്‍ തീയിട്ടെന്നും ഇതാണ് ഇരുനില കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടാകാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.
കെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റില്‍ താമസിച്ചിരുന്ന യുവതിയോട് ശുഭം ദീക്ഷിത് നേരത്തെ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇത് നിരസിച്ചു. പിന്നാലെ മറ്റൊരു യുവാവുമായി യുവതി പ്രണയത്തിലാവുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെ കുപിതനായ ശുഭം ദീക്ഷിത് യുവതിയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച രാത്രി കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന യുവതിയുടെ സ്കൂട്ടറിന് തീയിട്ടത്. എന്നാല്‍ സ്കൂട്ടറില്‍നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപടരുകയായിരുന്നു.
കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇന്ദോര്‍ വിജയ്നഗര്‍ സ്വര്‍ണഭാഗ് കോളനിയിലെ ഇരുനില കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ ഏഴ് പേര് വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒമ്പതുപേര്‍ ചികിത്സയിലാണ്. ഏകദേശം മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. ശുഭം ദീക്ഷിത് പ്രണയാഭ്യര്‍ഥന നടത്തിയ യുവതി അടക്കമുള്ള മറ്റുതാമസക്കാരെ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പോലീസ് തീപ്പിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ശുഭം ദീക്ഷിത് സ്കൂട്ടറിന് തീയിടുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചത്. കെട്ടിടത്തിന് തീപ്പിടിച്ചതോടെ സ്ഥലത്തുനിന്ന രക്ഷപ്പെട്ട ഇയാളെ ശനിയാഴ്ച രാത്രിയോടെയാണ് പോലീസിന് പിടികൂടാനായത്. യുവാവിനെ വിശദമായി ചോദ്യംചെയ്തതോടെ തീയിടാനുള്ള കാരണവും വ്യക്തമാവുകയായിരുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Content Highlights: indore vijay nagar building fire police arrested the accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..