പ്രതി ഹെറി വിരാവനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ | ഫയൽചിത്രം | AP
ജക്കാര്‍ത്ത: പതിമൂന്ന് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ഇന്‍ഡൊനീഷ്യയിലെ ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് ബന്ദുങ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. പ്രിന്‍സിപ്പലിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പതിമൂന്ന് വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 11 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. വെസ്റ്റ് ജാവയിലെ സ്കൂളില്‍വെച്ചും ഹോട്ടലുകളില്‍വെച്ചും വാടക ഫ്ളാറ്റുകളില്വെച്ചുമാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ പീഡിപ്പിച്ചത്. ഇതില്‍ ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനത്തിന് ഇരകളായ വിവിധ പെണ്‍കുട്ടികള്‍ ആകെ ഒമ്പത് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്.
ബന്ദുങ്ങിലെ ജില്ലാ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചിരുന്നത്. വാദം കേട്ട ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലാ കോടതി പ്രിന്‍സിപ്പലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഈ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഇസ്ലാമിക് ബോര്‍ഡിങ് സ്കൂളുകളുടെ സല്‍പ്പേരാണ് പ്രതി കളങ്കപ്പെടുത്തിയതെന്നും പ്രതിയുടെ ചെയ്തികള്‍ ഇരകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ മാനസികാഘാതമുണ്ടാക്കിയെന്നും കോടതി വിലയിരുത്തി.
നേരത്തെ കേസിലെ ഇരകളായ പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്കാന് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. ഇന്‍ഡൊനീഷ്യയിലെ ശിശുസംരക്ഷണ മന്ത്രാലയത്തോടാണ് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടിരുന്നത്. ഓരോ പെണ്‍കുട്ടികളുടെയും ശാരീരിക-മാനസികാരോഗ്യ ചികിത്സയ്ക്കായി നിശ്ചിത തുക നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഹൈക്കോടതി പ്രതിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ഉത്തരവിടുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും ലേലം ചെയ്ത് ഇതില്‍നിന്നുള്ള പണം ഇരകള്‍ക്കും ഇവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്കും നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.
പ്രതിയുടെ പീഡനത്തെത്തുടര്‍ന്ന് ഇരകള്‍ ജന്മം നല്കിയ ഒമ്പത് കുഞ്ഞുങ്ങളെ വനിതാ-ശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ പെണ്‍കുട്ടികള്‍ മാനസികമായി സജ്ജമാകുന്നത് വരെയോ കുഞ്ഞുങ്ങളെ തിരിച്ചെടുക്കാന്‍ അവരുടെ സാഹചര്യങ്ങള്‍ അനുവദിക്കുന്നത് വരെയോ ശിശുസംരക്ഷണ ഏജന്‍സി ഈ കുഞ്ഞുങ്ങളെ പരിപാലിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, പ്രതിയെ ഷണ്ഡീകരണത്തിന് വിധേയനാക്കണമെന്ന പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തള്ളി. ഒരാളെ വധശിക്ഷയ്ക്കോ ജീവപര്യന്തത്തിനോ ശിക്ഷിച്ചാല്‍ മറ്റു ശിക്ഷകള്‍ക്ക് വിധേയമാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
Content Highlights: indonesian school principal gets death sentence for raping 13 minor students
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..