Screengrab: Youtube.com/Indian Media Book
ബെംഗളൂരു: ചിത്രദുര്‍ഗ ഹൊലാല്‍ക്കരെയില്‍ ഹോട്ടലിലെ രഹസ്യഅറയില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യകേന്ദ്രത്തില്‍നിന്ന് 12 യുവതികളെ പോലീസ് രക്ഷപ്പെടുത്തി. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
സംഭവത്തില്‍ ഹോട്ടല്‍ മാനേജരായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശൗചാലയത്തില്‍നിന്ന് പ്രവേശിക്കാവുന്ന പ്രത്യേക അറ നിര്‍മിച്ചാണ് 12 പേരെയും താമസിപ്പിച്ചിരുന്നത്. പുറത്തുനിന്ന് കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് അറ ഒരുക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഹോട്ടലിന്റെ രണ്ടാം നിലയിലുള്ള ശൗചാലയത്തിലെ ചുമരിലാണ് അറയിലേക്കുള്ള വാതില്‍ ഘടിപ്പിച്ചിരുന്നത്. വാതിലിലും ശൗചാലയത്തിന്റെ ചുമരിലും ഒരുപോലുള്ള ടൈല്‍സ് പതിച്ചതിനാല്‍ ഇത്തരമൊരു വാതിലുണ്ടെന്ന് കണ്ടെത്തുക ദുഷ്‌കരമാണ്. ഒരാള്‍ക്ക് മാത്രം കടക്കാവുന്ന വലിപ്പമുള്ള വാതിലാണ്. മറ്റൊരു മുറിയിലേക്കാണ് ഈ വാതിലിലൂടെ കയറിയാലെത്തുക. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറ കണ്ടെത്താന്‍ കഴിഞ്ഞത്.
രക്ഷപ്പെടുത്തിയ യുവതികള്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഏജന്റുമാര്‍ വഴിയാണ് ഇവര്‍ ചിത്രദുര്‍ഗയിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതികളെ രഹസ്യമുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല.
രണ്ടുമാസം മുമ്പാണ് ഇവരെ ഹോട്ടലിലെത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ചിത്രദുര്‍ഗ പോലീസ് അറിയിച്ചു.
Content Highlights: immoral traffic sex racket busted in chitradurga karnataka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..