പള്ളിക്കലാറിന്റെ തീരത്തെ വാറ്റുകേന്ദ്രത്തിൽ എക്സൈസ് സംഘം പരിശോധന നടത്തുന്നു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ പള്ളിക്കലാറിന്റെ തീരത്തുനിന്ന് 1035 ലിറ്റര്‍ കോടയും 20.5 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ വാഷും കണ്ടെടുത്തു.
പാവുമ്പ ചുരുളിക്കുസമീപം പള്ളിക്കലാറിന്റെ പടിഞ്ഞാറുള്ള വെള്ളക്കെട്ടിനുനടുവിലാണ് വന്‍തോതില്‍ ചാരായം വാറ്റിയിരുന്നത്. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിലും ഡ്രൈ ഡേകളിലും ഇവിടെനിന്ന് വന്‍തോതില്‍ ചാരായം വില്‍പ്പന നടത്തിവരികയായിരുന്നെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഒരാള്‍ താഴ്ചയുള്ള വെള്ളക്കെട്ടു കടന്നാണ് എക്സൈസ് സംഘം ഇവിടെയെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാറ്റിക്കൊണ്ടിരുന്ന പ്രതികള്‍ ആറ്റില്‍ച്ചാടി നീന്തി രക്ഷപ്പെട്ടു. പള്ളിക്കലാറിനോടുചേര്ന്ന് വെള്ളക്കെട്ടുകളില്‍ തടികൊണ്ട് ചങ്ങാടം നിര്‍മിച്ച് അതില്‍ കന്നാസുകളിലും ബാരലുകളിലുമായാണ് കോട സൂക്ഷിച്ചിരുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എല്‍.വിജിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. തൊടിയൂര്‍ ലക്ഷംവീട് 13-ല്‍ സുകു (38), തൊടിയൂര്‍ വടക്കുമുറി കൈലാസത്തില്‍ അജയന് (45) എന്നിവരുടെ പേരില്‍ എക്സൈസ് കേസെടുത്തു.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, കിഷോര്‍, ഹരിപ്രസാദ്, ചാള്‍സ്, പ്രേംരാജ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷിബി, ഡ്രൈവര്‍ അബ്ദുല്‍ മനാഫ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശിവപ്രസാദ് തുടരന്വേഷണം ഏറ്റെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..