രവീന്ദ്രനും കുടുംബവും താമസിച്ചിരുന്ന വീട്, ഇൻസെറ്റിൽ ശ്രീധന്യയും മാതാപിതാക്കളും
കട്ടപ്പന: എല്ലാവരോടും വളരെ മാന്യമായി പെരുമാറിയിരുന്ന രവീന്ദ്രന് ഭാര്യയെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്തെന്ന കാര്യം വിശ്വസിക്കാന്‍ പ്രയാസമാണെന്ന് നാട്ടുകാരും അയല്‍വാസികളും ഒരേ സ്വരത്തില്‍ പറയുന്നു. കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് പുറ്റടിക്കാര്. ഏതാനും നാളുകളായി കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമര്‍ദത്തിലായിരുന്നു രവീന്ദ്രനും ഭാര്യയും. കുടുംബപ്രശ്നംമൂലമാണ് മുന്‍പ് താമസിച്ചിരുന്ന കടശ്ശിക്കടവില്‍നിന്ന് പുറ്റടി ഹോളിക്രോസ് കോളേജിന് സമീപത്തേക്ക് താമസം മാറിയത്.
താത്കാലിക സംവിധാനമായി ഉണ്ടാക്കിയ വീട്ടില്‍നിന്ന് പുതിയ വീട് പണിത് താമസം മാറാനും രവീന്ദ്രന് പദ്ധതിയുണ്ടായിരുന്നു.
അണക്കരയില്‍ സോപ്പുപൊടിക്കട നടത്തുന്ന രവീന്ദ്രനെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ വ്യാപാരമാന്ദ്യവും ബാധിച്ചിരുന്നു. ഇത് രവീന്ദ്രനെ കൂടുതല്‍ സമര്ദത്തിലാക്കിയെന്ന് അടുപ്പക്കാര്‍ പറയുന്നു.
മകള്‍ പുറത്തേക്കോടി, രക്ഷകരായി നാട്ടുകാര്‍
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് ശേഷമാണ് അയല്‍വാസികള്‍ രവീന്ദ്രന്റെ വീട്ടില്‍നിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയപ്പോള്‍ മകള്‍ ശ്രീധന്യ പൊള്ളിയടര്‍ന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം നല്‍കുകയും തുടര്‍ന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു.
അവസാന പരീക്ഷയ്ക്ക് മുന്‍പ് ദുരന്തം
പുറ്റടി നെഹ്റു സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് രവീന്ദ്രന്റെ മകള്‍ ശ്രീധന്യ. ഹ്യുമാനിറ്റീസ് ബാച്ചില്‍ പഠിക്കുന്ന ശ്രീധന്യയ്ക്ക് ചൊവ്വാഴ്ച ഇക്കണോമിക്സ് പരീക്ഷകൂടിയാണ് ബാക്കിയുണ്ടായിരുന്നത്. നന്നായി പഠിക്കുന്ന ശ്രീധന്യയെക്കുറിച്ച് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും എല്ലാം മികച്ച അഭിപ്രായമാണ്. കുടുംബപ്രശ്നങ്ങളൊന്നും സ്കൂളില്‍ പങ്കുവെച്ചിരുന്നില്ലെന്നും എല്ലാവരോടും നല്ല ബന്ധം പുലര്‍ത്തിയിരുന്നു എന്നും അധ്യാപകര്‍ പറയുന്നു.
ചികിത്സ ഉറപ്പാക്കും
ശ്രീധന്യയ്ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. സംഭവമറിഞ്ഞ് രാവിലെ ഇവിടെയെത്തിയ മന്ത്രി നാട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
Content Highlights: Idukki Puttadi Family death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..