അറസ്റ്റിലായ സജി(ഇടത്ത്) കൊല്ലപ്പെട്ട ചിന്നമ്മ(വലത്ത്) Screengrab: Mathrubhumi News
ചെറുതോണി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണി(62)യെ കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസിയായ വെട്ടിയാങ്കല്‍ സജി എന്ന തോമസിനെ കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ചിന്നമ്മയെ വാക്കത്തി കൊണ്ട് വെട്ടിയതെന്നും പിന്നീട് അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ചിന്നമ്മയുടെ മൃതദേഹം അടുക്കളയില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
ആദ്യനോട്ടത്തില്‍ത്തന്നെ സംഭവം അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു. മുറികളിലെ ഭിത്തികളില്‍ പലഭാഗത്തും രക്തക്കറകള്‍ കണ്ടെത്തി. മൃതദേഹം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിരുന്നുള്ളൂ. വീട്ടിലെ ഉപകരണങ്ങള്‍ക്കും അടുപ്പിനും യാതൊരുകേടുപാടുകളും സംഭവിച്ചിരുന്നില്ല. മൃതദേഹം കിടന്നതിനടിയില്‍ പുതപ്പ് വിരിച്ചിരുന്നതും വീട്ടിലെ മറ്റ് തുണികള്‍ മൃതദേഹത്തോടൊപ്പം കണ്ടതും സംശയത്തിനിടയാക്കി.
ഗ്യാസ് അടുപ്പുപയോഗിക്കുവാന്‍ നന്നായി പരിചയമുള്ള ചിന്നമ്മക്ക് ഇത്തരത്തില്‍ അപകടമരണം സംഭവിക്കാനുള്ള സാധ്യതയില്ലെന്ന് തന്നെയായിരുന്നു പ്രാഥമിക നിഗമനം. മാത്രമല്ല, ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ഏഴുപവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പകല്‍സമയം വീട്ടില്‍ ചിന്നമ്മ തനിച്ചാണെന്ന് അറിയാവുന്ന പ്രതി മോഷണം ലക്ഷ്യമിട്ടാണ് എത്തിയത്. ചിന്നമ്മയുടെ മാലയും വളകളും മോഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ മോഷണശ്രമം തടയാന്‍ശ്രമിച്ചതോടെ ചിന്നമ്മയെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു. ബോധരഹിതയായി നിലത്തുവീണ ചിന്നമ്മയെ പിന്നീട് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു.
Content Highlights: idukki narakakkanam chinnamma murder case accused neighbor arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..