ബിജേഷിനെ പോലീസ് കാഞ്ചിയാറിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ(ഇടത്ത്) കൊല്ലപ്പെട്ട വത്സമ്മ(വലത്ത്)
കട്ടപ്പന: കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് നഴ്‌സറി സ്‌കൂള്‍ അധ്യാപിക പി.ജെ. വത്സമ്മയെ (അനുമോള്‍-27) കൊല്ലാന്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയെന്ന് ഭര്‍ത്താവ് ബിജേഷ്. വത്സമ്മയുടെ കൈയില്‍നിന്ന് ബിജേഷ് 10,000 രൂപ വാങ്ങിയിരുന്നു. ഇതുപയോഗിച്ച് മദ്യപിച്ചത് വത്സമ്മ ചോദ്യം ചെയ്തു. തര്‍ക്കത്തിനൊടുവില്‍ ബിജേഷ് ഷാള്‍ ഉപയോഗിച്ച് വത്സമ്മയുടെ കഴുത്തില്‍ കുരുക്കിട്ടു. കസേരയിലിരുന്ന വത്സമ്മയെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. ഇതിനിടെ കസേരയില്‍നിന്നുവീണ് വത്സമ്മയുടെ തലയ്ക്ക് മുറിവേറ്റു.
മുറിയിലെത്തിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് വത്സമ്മയുടെ കൈയില്‍ മുറിവുണ്ടാക്കി. അതിനുശേഷം താനും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും ബിജേഷ് പോലീസിനോട് പറഞ്ഞു. പിന്നീട് അതില്‍നിന്ന് പിന്തിരിഞ്ഞു. തുടര്‍ന്ന് വത്സമ്മയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു. വനിതാസെല്ലില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാനാണ് കൊലപാതകം നടത്തിയതെന്ന് ബിജേഷ് പോലീസിന് മൊഴി നല്‍കി. തലയ്‌ക്കേറ്റ ക്ഷതമാണ് വത്സമ്മയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
രാത്രിയില്‍ മദ്യപിച്ചുവന്ന് ഭര്‍ത്താവ് ചീത്ത വിളിക്കുന്നതായും ഉപദ്രവിക്കുന്നതായും ആരോപിച്ച് വത്സമ്മ മാര്‍ച്ച് 11-ന് കട്ടപ്പന വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. 12-ന് പോലീസ് വിളിപ്പിച്ചപ്പോള്‍ ഭാര്യയോടൊപ്പം കഴിയാനാകില്ലെന്നും വിവാഹമോചനം വേണമെന്നും ബിജേഷ് പറഞ്ഞു. തുടര്‍ന്ന് വത്സമ്മ മാട്ടുക്കട്ടയിലെ ബന്ധുവീട്ടിലേക്കും ബിജേഷ് കല്‍ത്തൊട്ടിയിലെ കുടുംബവീട്ടിലേക്കും പോയി. 17-ന് വൈകീട്ട് വത്സമ്മ കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് ഇരുവരും താമസിക്കുന്ന വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് തര്‍ക്കവും തുടര്‍ന്ന് കൊലപാതകവും നടന്നത്.
കൊലപാതകത്തിനുശേഷം വത്സമ്മയുടെ ഫോണ്‍ ബിജേഷ് സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് അടുത്തമുറിയില്‍ കിടന്നുറങ്ങി. പിറ്റേന്ന് അമ്മയെ വിളിച്ച് വത്സമ്മയെ കാണാനില്ലെന്ന് പറഞ്ഞു. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്ന ബിജേഷ്, പ്രശ്‌നങ്ങളൊക്കെ ഭാര്യയുണ്ടാക്കുന്നതാണെന്ന് വത്സമ്മയുടെ മാതാപിതാക്കളെ വിശ്വസിപ്പിച്ചിരുന്നു. ഭാര്യവീട്ടുകാര്‍ക്ക് ബിജേഷിനോടുള്ള അടുപ്പം മുതലെടുത്താണ് വത്സമ്മ മറ്റാരുടെയോ കൂടെപ്പോയതായി വിശ്വസിപ്പിച്ചത്.
കൊന്നതിനുശേഷം കാണാനില്ലെന്ന് പരാതി
മൃതദേഹം അഴുകിയാല്‍ പുറത്തറിയാതിരിക്കാന്‍ വീട്ടിലും പരിസരത്തും ചന്ദനത്തിരി കത്തിച്ചുവെച്ചു. കൊല്ലാനുപയോഗിച്ച ഷാള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഭാര്യയുടെ ആഭരണങ്ങള്‍ ലബ്ബക്കടയില്‍ പണയംവെച്ചു. ഭാര്യയുടെ ഫോണും വിറ്റു. 19-ന് കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. മൃതദേഹം ബന്ധുക്കള്‍ കണ്ടെടുത്ത 21-ന് രാവിലെ കുമളിയിലെത്തി ഫോണ്‍ ഉപേക്ഷിച്ചശേഷം തമിഴ്‌നാട്ടിലേക്കുപോയി.
കമ്പത്തെ ബാറില്‍ കയറി മദ്യപിച്ചശേഷം ട്രിച്ചിയിലും പരിസരത്തുമായിരുന്നു ബിജേഷിന്റെ കറക്കം. പത്രംവായനയോ, ഫോണോ ഇല്ലാത്തതിനാല്‍ വത്സമ്മയുടെ മൃതദേഹം കണ്ടെത്തിയതും നാട്ടില്‍ പോലീസ് തിരയുന്ന കാര്യവും അറിഞ്ഞിരുന്നില്ല.
25-ന് വൈകീട്ട് ട്രിച്ചിയില്‍നിന്ന് കമ്പത്തെത്തി. 26-ന് രാവിലെ റോസാപ്പൂക്കണ്ടം ഭാഗത്താണ് പോലീസിന്റെ പിടിയിലാകുന്നത്. തിരികെ വീട്ടിലെത്തിയശേഷം മൃതദേഹാവശിഷ്ടങ്ങള്‍ മറവുചെയ്യുകയായിരുന്നു ലക്ഷ്യം.
തിങ്കളാഴ്ച കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കാഞ്ചിയാറിലെ വീട്ടിലും സ്വര്‍ണം പണയംവെച്ച ലബ്ബക്കടയിലെ ധനകാര്യസ്ഥാപനത്തിലും എത്തിച്ച് തെളിവെടുത്തു.
Content Highlights: idukki kanchiyar nursery teacher anumol murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..