വത്സമ്മ(അനുമോൾ)
തൊടുപുഴ: ഇടുക്കി കാഞ്ചിയാറില്‍ വീടിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ പി.ജെ.വത്സമ്മ(അനിമോള്‍-27)യുടെ മരണത്തിലാണ് ഒളിവില്‍പോയ ഭര്‍ത്താവ് വിജേഷി(29)നായി പോലീസ് തിരച്ചില്‍ നടത്തുന്നത്. ഞായറാഴ്ച മുതലാണ് വിജേഷിനെ സ്ഥലത്തുനിന്ന് കാണാതായത്. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് അനുമോളെ കാഞ്ചിയാറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അഴുകിയനിലയിലായിരുന്ന മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞനിലയിലായിരുന്നു.
വിജേഷും അനുമോളും അഞ്ചുവയസ്സുള്ള മകളുമാണ് കാഞ്ചിയാറിലെ വീട്ടില്‍ താമസിച്ചിരുന്നത്. അനുമോളെ കാണാനില്ലെന്ന വിവരമറിഞ്ഞ് ഞായറാഴ്ച മാതാപിതാക്കള്‍ വിജേഷിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നായിരുന്നു ഇയാളുടെ മറുപടി. ഭാര്യയുടെ ബന്ധുക്കള്‍ വീടിനകത്തേക്ക് കയറിയപ്പോള്‍ ഇവര്‍ കിടപ്പുമുറിയിലേക്ക് കടക്കാതിരിക്കാനും ഇയാള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വിജേഷ് നാട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു. മകളെ സ്വന്തം വീട്ടില്‍ ഏല്‍പ്പിച്ചശേഷമായിരുന്നു ഇയാള്‍ നാടുവിട്ടത്.
ഇതിനിടെയാണ് കഴിഞ്ഞദിവസം ബന്ധുക്കള്‍ വീണ്ടും കാഞ്ചിയാറിലെ വീട്ടിലെത്തിയത്. എന്നാല്‍ വീട് പൂട്ടിയിട്ടനിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് പരിശോധിച്ചതോടെയാണ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, അനുമോളുടെ മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.അത്രയേറെ അഴുകിയനിലയിലായതിനാല്‍ മൃതദേഹത്തില്‍ മുറിവുകളോ മറ്റുപാടുകളോ കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
അനുമോളെ കൊലപ്പെടുത്തിയശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച് വിജേഷ് നാടുവിട്ടെന്നാണ് പോലീസിന്റെ നിഗമനം. വിജേഷും അനുമോളും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം, വിജേഷിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ഇടുക്കി സബ്കളക്ടര്‍ ഡോ. അരുണ്‍ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: idukki kanchiyar nursery school teacher anumol death police searching for her husband
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..