'പേടിയാണച്ഛാ, ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല'; കിരണിന്റെ വാദങ്ങളെ പൊളിച്ചത് വിസ്മയയുടെ ശബ്ദം


3 min read
Read later
Print
Share

1. പ്രതി കിരൺകുമാറിനെ കോടതിക്കു പുറത്തേക്ക്‌ കൊണ്ടുവരുന്നു 2. കിരണും വിസ്മയയും

കൊല്ലം: പെണ്‍കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന സ്ത്രീധനസമ്പ്രദായത്തെ തുറന്നുകാട്ടാനാണ് വിസ്മയ കേസില്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ വിവാഹക്കമ്പോളത്തില്‍ താനൊരു വിലകൂടിയ ഉത്പന്നമാണെന്നു കരുതുകയും സ്ത്രീധനസമ്പ്രദായത്തെ ശരിയാണെന്നു കരുതുകയും ചെയ്യുന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. കിരണിന്റെ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്ന സംഭാഷണങ്ങളില്‍നിന്ന് അയാള്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വിവാഹത്തിനുമുമ്പുതന്നെ പ്രത്യേക കമ്പനിയുടെ വാഹനം ആവശ്യപ്പെട്ടിരുന്നത് തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി.

Also Read

കിരണിനെതിരേ രണ്ടു കുറ്റങ്ങൾ തെളിയിക്കാനായില്ല; ...

'എച്ചിത്തരം, കാർ കണ്ട് എന്റെ കിളിപോയി': ...

കിരണ്‍കുമാര്‍, വിസ്മയയുടെ മാതാവ്, വിസ്മയയുടെ ബാല്യകാലസുഹൃത്ത് വിദ്യ എന്നിവരുടെ ഫോണുകളില്‍ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളിലെ സ്ത്രീധനപീഡനത്തെക്കുറിച്ചുള്ള വിവരങ്ങളും കിരണ്‍ സ്ത്രീധനം ആവശ്യപ്പെടുന്നതായുള്ള വിസ്മയയുടെ സംഭാഷണവും തെളിവുകളാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വിസ്മയയ്ക്ക് പിതാവ് നല്‍കിയ കാര്‍ ഒരു സമ്മാനം മാത്രമാണെന്നും അത് കിരണ്‍കുമാര്‍ ആവശ്യപ്പെട്ടു നല്‍കിയതല്ലെന്നും അതിനാല്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിസ്മയ പലപ്പോഴും മാതാവിനോട് 'കിരണിന് കൊടുക്കാനുള്ളത് കൊടുക്ക്' എന്നു പറഞ്ഞത് വിസ്മയയുടെ മാത്രം അഭിപ്രായമാണെന്നും അത് സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്നും പ്രതിഭാഗം വാദമുന്നയിച്ചു.

കാര്‍ വിസ്മയയ്ക്ക് സമ്മാനമായി നല്‍കിയതാണെങ്കിലും സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സമ്മാനമായി നല്‍കുന്ന വസ്തുവിന്റെ ഗുണമേന്മയെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ ഭര്‍ത്താവ് തര്‍ക്കമുന്നയിക്കുന്നതോടെ 'സമ്മാനം' എന്ന വാക്കിന്റെ പരിധിയില്‍നിന്ന് അത് 'സ്ത്രീധന'മായി മാറും. 'വിവാഹവുമായി ബന്ധപ്പെട്ട മുതലുകള്‍' എന്ന നിയമത്തിലെ വാചകം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതി വിധിയും പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

'കരഞ്ഞുവാദിച്ചത്' വിസ്മയയുടെ ശബ്ദം

സ്ത്രീധനം ചോദിച്ചില്ലെന്നും അതിന്റെപേരില്‍ പീഡിപ്പിച്ചില്ലെന്നുമുള്ള കിരണിന്റെ വാദങ്ങളെ പൊളിച്ചത് മരിച്ചുപോയ വിസ്മയയുടെ ശബ്ദം തന്നെയായിരുന്നു. 'എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല'-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ മുഴങ്ങിയപ്പോള്‍ കേട്ടവരുടെയെല്ലാം നെഞ്ചു വിങ്ങി. വിചാരണവേളയിലാണ് കിരണിന്റെ ഫോണില്‍ റെക്കോഡായ അച്ഛനുമായുള്ള ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചത്.

'വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെങ്കില്‍ എന്നെ കാണത്തില്ല, ഞാന്‍ എന്തെങ്കിലും ചെയ്യും' എന്നും പറയുന്നുണ്ട്. സൈബര്‍ പരിശോധനയിലാണ് ഈ സംഭാഷണം ഫോണില്‍നിന്ന് വീണ്ടെടുത്തത്. സഹോദരനും സഹോദരഭാര്യക്കും അയച്ച വാട്സാപ്പ് സന്ദേശങ്ങളും തെളിവായി. 'വണ്ടി കൊള്ളില്ല എന്നുപറഞ്ഞ് എന്നെ തെറിവിളിച്ചു. സൈഡ് ഗ്ലാസ് പൊട്ടിച്ചു. അയാള്‍ക്ക് ആ വണ്ടി ഇഷ്ടമല്ല. ഞാന്‍ ഇത്രവലിയ നിലയിലായിട്ടും എനിക്ക് കിട്ടിയത് ഈ വണ്ടി എന്നൊക്കെ പറഞ്ഞു. അച്ഛനെ പച്ചത്തെറിവിളിച്ചു. എനിക്കു വേറെ നല്ലവണ്ടി കിട്ടിയേനേ. എനിക്ക് ലോകത്തില്‍ പറ്റിയ ഏറ്റവുംവലിയ അബദ്ധമാ എന്നും പറഞ്ഞു. ഞാന്‍ ഡോര്‍ തുറന്നിറങ്ങിയപ്പോള്‍ എന്നെ മുടിയില്‍പ്പിടിച്ചു വലിച്ചു. ദേഷ്യംവന്നാല്‍ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി-വിസ്മയ സഹോദരനയച്ച മെസേജായിരുന്നു ഇത്.

തെളിവുകള്‍ നിരന്നു, തെളിമയോടെ

ടോമിനെയും ജെറിയെയും' പോലെയായിരുന്നു താനും അനുജത്തിയുമെന്നാണ് വിസ്മയയുടെ സഹോദരന്‍ വിജിത്ത് പറയാറ്. ടിക് ടോക്കിലൂടെയും വീഡിയോകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അവര്‍ ഏവര്‍ക്കും പ്രിയപ്പെട്ടവരായി. വിവാഹത്തിനുമുമ്പുതന്നെ വിസ്മയയുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ കിരണ്‍ തടഞ്ഞിരുന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കിയതിന് വിസ്മയയെ അയാള്‍ മര്‍ദിക്കുകയും ചെയ്തു. കിരണിന്റെ ക്രൂരതകളെപ്പറ്റിയുള്ള സന്ദേശങ്ങളും മര്‍ദിച്ചതിന്റെ പാടുകളും വിസ്മയ വിജിത്തിനും ഭാര്യക്കും അയച്ചുകൊടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളിലെ ഈ സന്ദേശങ്ങള്‍ അന്വേഷണത്തിനും ഏറെ സഹായകമായിരുന്നു. ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവയെല്ലാം കൃത്യതയോടെ ശേഖരിച്ചു.

വേദന, അപമാനം, ഒടുവില്‍...

ഒരുവര്‍ഷവും ഒരുമാസവുംമാത്രം നീണ്ട വിവാഹജീവിതത്തിനിടെ വിസ്മയ നേരിട്ടത് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍. ആള്‍ക്കൂട്ടത്തിനിടയില്‍വെച്ചുപോലും കിരണ്‍ മര്‍ദിച്ചിട്ടും അപമാനിച്ചിട്ടും വിസ്മയ അതെല്ലാം സഹിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്. സ്ത്രീധനമായി നല്‍കിയ കാറിനെച്ചൊല്ലിയാണ് കിരണ്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നത്. വിവാഹത്തലേന്നുതന്നെ തന്റെ അനിഷ്ടം അയാള്‍ പരസ്യമാക്കി. കാര്‍ കണ്ടപ്പോള്‍ത്തന്നെ തന്റെ കിളിപോയി എന്നാണ് കിരണ്‍ അന്നു പറഞ്ഞത്. വിവാഹശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമുദായനേതൃത്വവും കിരണിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും ഇടപെട്ട് പറഞ്ഞവസാനിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കിരണ്‍ കലഹം തുടര്‍ന്നു.

മുഖത്തു ചവിട്ടിയും മുടിയില്‍ പിടിച്ചുവലിച്ചും മുറിവേല്‍പ്പിച്ചും മുള്ളുനിറഞ്ഞ വാക്കുകള്‍കൊണ്ടും അയാള്‍ ഭാര്യയോടുള്ള പകതീര്‍ത്തു. മര്‍ദനത്തില്‍നിന്ന് രക്ഷനേടാന്‍ കാറില്‍നിന്ന് ഇറങ്ങിയോടി വിസ്മയ കല്ലടയിലെ ഒരു വീട്ടില്‍ അഭയംതേടിയ സംഭവവുമുണ്ടായി. വിസ്മയയുടെ വീട്ടിലെത്തുമ്പോഴും കിരണ്‍ വഴക്കും ബഹളവും തുടര്‍ന്നു. ഒരിക്കല്‍ ഭാര്യാസഹോദരനായ വിജിത്തിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കിരണിന്റെ ക്രൂരതകളെപ്പറ്റി വിസ്മയ വീട്ടുകാരോട് ആദ്യമൊന്നും പറഞ്ഞിരുന്നില്ല. വേദനകള്‍ സഹിക്കവയ്യാതായപ്പോഴാണ് വിവരങ്ങളെല്ലാം കൂട്ടുകാരികളോടും കിരണിന്റെ സഹോദരിയോടും സഹോദരഭാര്യയോടും വെളിപ്പെടുത്തിയത്. വിസ്മയ നേരിട്ട ദുരിതങ്ങളെപ്പറ്റി ഏറെപ്പേരും അറിഞ്ഞത് അവളുടെ മരണശേഷമായിരുന്നു.

Content Highlights: ‘I’m Scared of Being Beaten Up’; Chilling Audio Clip Out on Eve of Verdict in Vismaya Death Case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CRIME

1 min

ഭർത്താവ് വാങ്ങിയ വായ്പയുടെ പലിശ നല്‍കിയില്ല; സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ചു, വായില്‍ മൂത്രമൊഴിച്ചു

Sep 25, 2023


rape

1 min

ഒരുരാത്രി മുഴുവൻ നീണ്ട ക്രൂരത; 15-കാരിയെ ഹോട്ടല്‍മുറിയിൽ കൂട്ടബലാത്സംഗം ചെയ്തു, നാലുപേര്‍ അറസ്റ്റിൽ

Sep 24, 2023


kottayam dog center ganja case

2 min

കാവലിന് 13 നായ്ക്കൾ,കാക്കി കണ്ടാൽ കടിക്കാൻ പരിശീലനം, കോട്ടയത്തെ 'അധോലോകം'; പിടിച്ചത് 18 കിലോ കഞ്ചാവ്

Sep 25, 2023


Most Commented