Photo: twitter.com/KP_Aashish & twitter.com/umasudhir
ഹൈദരാബാദ്: പിന്നാലെ ഓടിയ വളര്‍ത്തുനായയില്‍നിന്ന് രക്ഷപ്പെടാനായി മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു. ഭക്ഷണവിതരണ കമ്പനിയായ 'സ്വിഗ്ഗി'യില്‍ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാന്(23) ആണ് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് റിസ്വാന് ചാടിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍ ഭക്ഷണം വിതരണം ചെയ്യാനായാണ് യുവാവ് എത്തിയത്. എന്നാല്‍ ഫ്ളാറ്റിന്റെ വാതില്‍ മുട്ടിയതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന വളര്‍ത്തുനായ യുവാവിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും പിന്നാലെ ഓടുകയുമായിരുന്നു. നായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മൂന്നാംനിലയില്‍നിന്ന് റിസ്വാന് ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ബഞ്ചറാഹില്‍സിലെ 'ലുംബിനി റോക്ക് കാസില്‍' അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ശോഭനയ്ക്കെതിരേയാണ് വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്. ഇവര്‍ക്കെതിരേ റിസ്വാന്റെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു.
ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് യുവാവിനെ ആക്രമിച്ചത്. നായ പിന്നാലെ ഓടിയിട്ടും ഉടമ നായയെ തടയാന്‍ ശ്രമിച്ചില്ലെന്നും പിന്നീട് ഇവരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണെടുത്തില്ലെന്നും ആശുപത്രിയിലെ ബില്ലടയ്ക്കാന്‍ പോലും തയ്യാറായില്ലെന്നും റിസ്വാന്റെ ബന്ധുക്കള്‍ ആരോപിച്ചു.
മരിച്ച റിസ്വാന് മൂന്നുവര്‍ഷമായി 'സ്വിഗ്ഗി'യില്‍ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയായിരുന്നു. യുവാവിന്റെ മരണത്തില്‍ നായയുടെ ഉടമ തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നാണ് റിസ്വാന്റെ കുടുംബത്തിന്റെ ആവശ്യം.
Content Highlights: hyderabad swiggy delivery agent who jumped off from third floor after dog chase dies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..