പ്രതീകാത്മക ചിത്രം/ AFP
ഹൈദരാബാദ്: ഹൈദരാബാദില്‍ കാറിൽവെച്ച് കൂട്ടബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ അന്നേദിവസം തന്നെ പ്രതികള്‍ വീണ്ടും ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് റിപ്പോര്‍ട്ട്. കാറിലെ കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പബ്ബില്‍ തിരിച്ച് എത്തിച്ചതിന് ശേഷമാണ് പ്രതികള്‍ വീണ്ടും അതിക്രമം നടത്തിയത്. പബ്ബിലെ ബേസ്മെന്റില്‍ വെച്ചാണ് പെണ്‍കുട്ടി രണ്ടാമതും അതിക്രമത്തിനിരയായതെന്നും ഇവിടെനിന്നാണ് കുട്ടിയെ പിന്നീട് പിതാവ് വിളിച്ചുകൊണ്ടുപോയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കാറില്‍ നടന്ന കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ തന്നെ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ എത്തിക്കുകയായിരുന്നു. ഈ സമയത്താണ് പബ്ബിലെ ബേസ്മെന്റില്‍വെച്ച് വീണ്ടും ലൈംഗികാതിക്രമം നടത്തിയത്.
ഇതിനിടെ, കാറില്‍നിന്ന് പ്രതികള്‍ ചിത്രീകരിച്ച പെണ്‍കുട്ടിയുടെ വീഡിയോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആഡംബര കാറിലെ യാത്രയ്ക്കിടെ വാഹനമോടിച്ചിരുന്ന കൗമാരക്കാരന്റെ ഫോണിലാണ് വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാള്‍ മറ്റൊരാള്‍ക്ക് ഫോണ്‍ നല്കി വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ അഞ്ചുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 18 വയസ്സ് തികഞ്ഞ ഒരു പ്രതിയെ നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി. ഇയാളെ പിന്നീട് ചഞ്ചല്‍ഗുഡ ജയിലില്‍ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ മറ്റ് അഞ്ചുപ്രതികളും ജുവനൈല്‍ ഹോമിലാണ്. അതേസമയം, ജുവനൈല്‍ ഹോമില്‍വെച്ച് പ്രതികള്‍ തമ്മില്‍ അടിപിടിയുണ്ടായെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മേയ് 28-ാം തീയതിയാണ് പബ്ബില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പ്രതികള്‍ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്. പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ആഡംബര കാറില്‍നിന്ന് മറ്റൊരു കാറിലേക്ക് മാറ്റി. തുടര്‍ന്ന് ബഞ്ചറഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് രാത്രി 7.30-ഓടെയാണ് ഇവര്‍ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ എത്തിച്ചത്.
Content Highlights: hyderabad gang rape victim again molested on same day police found video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..