ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി.ആനന്ദ് | File Photo/ANI
ഹൈദരാബാദ്: ഹൈദരാബാദില്‍ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പ്രതികളെയും മുതിര്‍ന്നവരായി പരിഗണിക്കണമെന്ന ആവശ്യവുമായി പോലീസ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനാണ് പോലീസ് ഈ ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്.
പബ്ബില്‍നിന്ന് മടങ്ങിയ 17-കാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ അഞ്ചുപ്രതികളും 18 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഈ സാഹചര്യത്തില്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാലും പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണനയില്‍ ചെറിയ ശിക്ഷയേ ലഭിക്കുകയുള്ളൂ. ബാലനീതി നിയമപ്രകാരം മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ വിധിക്കാനും കഴിയില്ല. ഇതൊഴിവാക്കാനാണ് പുതിയ ആവശ്യവുമായി പോലീസ് കോടതിയെ സമീപിക്കുന്നത്.
2015-ലെ നിയമഭേദഗതി പ്രകാരം ഇത് അനുവദനീയമാണെന്നായിരുന്നു ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സി.വി. ആനന്ദിന്റെ പ്രതികരണം. ഈ ഭേദഗതിപ്രകാരം 16-നും 18-നും ഇടയില്‍ പ്രായമുള്ളവര്‍ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായാല്‍ ഏറ്റവും കുറഞ്ഞത് ഏഴുവര്‍ഷം വരെ തടവിന് ശിക്ഷിക്കാം. അതേസമയം, ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കോടതിയാണ്. പ്രതികളുടെ മാനസിക, ശാരീരികാവസ്ഥ, കുറ്റകൃത്യത്തിന്റെ സാഹചര്യം, പരിണിതഫലങ്ങള്‍ എന്താണെന്ന് മനസിലാക്കാനുള്ള ശേഷി തുടങ്ങിയ പരിഗണിച്ചാണ് കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും 16-നും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരിലൊരാള്‍ക്ക് 18 വയസ്സ് തികയാന്‍ ഒരുമാസം മാത്രമാണ് ബാക്കി.
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ ആറുപ്രതികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെല്ലാം ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ്. ടി.ആര്.എസ്. നേതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും.
അതേസമയം, ഇവരില്‍ അഞ്ചുപേര്‍ മാത്രമാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം. ആറാം പ്രതി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നെങ്കിലും ബലാത്സംഗം ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മേയ് 28-ാം തീയതിയാണ് പബ്ബില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പ്രതികള്‍ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്. പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ആഡംബര കാറില്‍നിന്ന് മറ്റൊരു കാറിലേക്ക് മാറ്റി. തുടര്‍ന്ന് ബഞ്ചറഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് രാത്രി 7.30-ഓടെയാണ് ഇവര്‍ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ എത്തിച്ചത്.
കേസുമായി ബന്ധപ്പെട്ട രണ്ട് കാറുകളും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ രണ്ടാമത്തെ വാഹനം മൊയ്നാബാദിലെ ഫാംഹൗസില്‍നിന്നാണ് കണ്ടെടുത്തത്. ഈ ഫാംഹൗസ് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുളളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: hyderabad gang rape case police want five minors tried as adults
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..