കൊല്ലപ്പെട്ട അനുരാധ, പ്രതി ചന്ദ്രമോഹൻ | Screengrab: Youtube.com/NTV Telugu
ഹൈദരാബാദ്: സ്ത്രീയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ അനുരാധ റെഡ്ഡി(55)യെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കിയ കേസിലാണ് സുഹൃത്തായ ബി. ചന്ദ്രമോഹനെ(48) പോലീസ് പിടികൂടിയത്. മേയ് 12-ാം തീയതിയാണ് ചന്ദ്രമോഹന്‍ അനുരാധ റെഡ്ഡിയെ കൊലപ്പെടുത്തിയതെന്നും, ശേഷം മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
സുഹൃത്തായ അനുരാധയില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ ചന്ദ്രമോഹന്‍ പലതവണകളായി വാങ്ങിയിരുന്നു. അനുരാധ ഇത് തിരിച്ചുചോദിച്ചതോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
മേയ് 17-ാം തീയതി നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ ഒരു സ്ത്രീയുടെ തല കണ്ടെത്തിയിരുന്നു. ശുചീകരണത്തൊഴിലാളികളാണ് മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഈ കവര്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എട്ട് സംഘങ്ങളായി തിരിഞ്ഞ് ഹൈദരാബാദ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രമോഹനാണ് പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയത്. ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയും കൊല്ലപ്പെട്ടത് അനുരാധയാണെന്ന് പോലീസിനോട് വെളിപ്പെടുത്തുകയുമായിരുന്നു.
പ്രതി ചന്ദ്രമോഹനും അനുരാധയും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തന്റെ വീടിനോട് ചേര്‍ന്നാണ് പ്രതി സുഹൃത്തായ സ്ത്രീയെയും താമസിപ്പിച്ചിരുന്നത്. 2018 മുതല്‍ പലതവണകളായി ചന്ദ്രമോഹന്‍ ഇവരില്‍നിന്ന് ഏഴുലക്ഷത്തോളം രൂപയും കൈക്കലാക്കിയിരുന്നു. നാളുകളേറെ കഴിഞ്ഞിട്ടും ഇയാള്‍ ഒരുരൂപ പോലും തിരികെ നല്‍കിയിരുന്നില്ല. ഇതോടെ അനുരാധ റെഡ്ഡി ചന്ദ്രമോഹനോട് പണം തിരികെ ചോദിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് അനുരാധയെ കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടത്.
മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം മേയ് 12-ാം തീയതിയാണ് പ്രതി കൃത്യം നടത്തിയത്. അന്നേദിവസം ഉച്ചയ്ക്ക് ശേഷം അനുരാധയുമായി പ്രതി മനഃപൂര്‍വം വഴക്കുണ്ടാക്കി. ഇതിനുപിന്നാലെയാണ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനുരാധയെ കുത്തിവീഴ്ത്തിയത്. നെഞ്ചിലും വയറിലും ഉള്‍പ്പെടെ കുത്തേറ്റ അനുരാധ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നാല പ്രതി ഒരു കട്ടിങ് മെഷീന്‍ വാങ്ങിയിരുന്നു. ഈ മെഷീന്‍ ഉപയോഗിച്ചാണ് മൃതദേഹം പല കഷണങ്ങളായി വെട്ടിമാറ്റിയത്. കട്ടിങ് മെഷീന്‍ ഉപയോഗിച്ച് അറുത്തുമാറ്റിയ തല ഒരു പ്ലാസ്റ്റിക് കവറിലാക്കി. ശേഷം കൈകാലുകൾ വെട്ടിമാറ്റി ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ബാക്കി ശരീരഭാഗം വലിയ സ്യൂട്ട്‌കേസിലേക്കും മാറ്റി. വിവിധസമയങ്ങളിലായി ഇവയെല്ലാം ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതനുസരിച്ച് മേയ് 15-ാം തീയതിയാണ് അറുത്തുമാറ്റിയ തല സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവര്‍ നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചത്.
ബാക്കി മൃതദേഹാവശിഷ്ടങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കാതിരിക്കാനും ഇയാള്‍ ശ്രദ്ധിച്ചു. മൃതദേഹം വെട്ടിനുറുക്കിയ ശേഷം ഡെറ്റോള്‍, ചന്ദനത്തിരി, കര്‍പ്പൂരം, പെര്‍ഫ്യൂം തുടങ്ങിയവയെല്ലാം പ്രതി വാങ്ങിക്കൂട്ടിയിരുന്നു. ദുര്‍ഗന്ധം പുറത്തറിയാതിരിക്കാന്‍ ഇവയെല്ലാം ഉപയോഗിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം അനുരാധയുടെ മൊബൈല്‍ഫോണ്‍ പ്രതി കൈക്കലാക്കിയിരുന്നു. ഇവര്‍ പതിവായി സന്ദേശം അയച്ചിരുന്നവരോടെല്ലാം അനുരാധയാണെന്ന പേരില്‍ ഇയാള്‍ ചാറ്റ് ചെയ്തു. അനുരാധ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായാണ് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി പ്രതി ഇതെല്ലാം ചെയ്തതെന്നും പോലീസ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസിന് സമാനമാണ് ഹൈദരാബാദിലെ അനുരാധ റെഡ്ഡി വധവും. സുഹൃത്തായ അഫ്താബാണ് ശ്രദ്ധയെ അതിദാരുണമായി കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചത്. ഏകദേശം 35 കഷണങ്ങളാക്കി വെട്ടിനുറുക്കിയ മൃതദേഹം ഡല്‍ഹിയിലെ വനമേഖലയിലാണ് പ്രതി ഉപേക്ഷിച്ചിരുന്നത്. വെട്ടിമാറ്റിയ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കാനായി പുതിയ ഫ്രിഡ്ജും പ്രതി വാങ്ങിയിരുന്നു.
Content Highlights: hyderabad anuradha reddy murder case accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..