സുനീഷ്, സേതുലക്ഷ്മി
മാരാരിക്കുളം: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ ദമ്പതിമാരെ മാരാരിക്കുളം പോലീസ് അറസ്റ്റുചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ പൊള്ളേത്തൈ ദേവസ്വംവെളി വീട്ടില്‍ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി (28) എന്നിവരാണു പിടിയിലായത്. തൊടുപുഴ സ്വദേശിയും പ്രവാസിയുമായിരുന്ന യുവാവില്‍നിന്നു പണം തട്ടുന്നതിനിടയിലാണ് ഇവരെ അറസ്റ്റുചെയ്തത്.
യുവാവിനെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സേതുലക്ഷ്മി, സുനീഷിന്റെ ഒത്താശയോടെ ഇയാളെ കണിച്ചുകുളങ്ങരയിലെ വാടകവീട്ടിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് സേതുലക്ഷ്മിയുമൊന്നിച്ചുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം ഇതുകാട്ടി ഭീഷണിപ്പെടുത്തി എ.ടി.എം. കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ സ്വന്തമാക്കി. എ.ടി.എം. കാര്‍ഡുപയോഗിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 3,000 രൂപയുമെടുത്തു. വീണ്ടും പണമാവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ ഞായറാഴ്ച യുവാവ് മാരാരിക്കുളം പോലീസില്‍ പരാതി നല്കി.
ഒന്നരലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. യുവാവ് കണിച്ചുകുളങ്ങരയിലെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ സുനീഷിനെ വിളിച്ച് പണം കൊണ്ടുവന്നതായി അറിയിച്ചു. സുനീഷെത്തിയപ്പോള് പോലീസ് അറസ്റ്റുചെയ്തു. ഇയാളെക്കൊണ്ട് സേതുലക്ഷ്മിയെയും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു.
മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എസ്. രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. സെസില്‍ ക്രിസ്റ്റിന്‍രാജ്, എ.എസ്.ഐ. ജാക്സണ്, സി.പി.ഒ.മാരായ ജഗദീഷ്, വിനീഷ്, മഞ്ജുള എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റുചെയ്തത്. ഇവര്‍ സമാനരീതിയില്‍ പലരെയും കുടുക്കിയിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ എസ്. രാജേഷ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..