പ്രതീകാത്മക ചിത്രം/മാതൃഭൂമി
ബെംഗളൂരു: സിനിമ, സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ യുവതികളെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ദുബായിലെ അനാശാസ്യ കേന്ദ്രങ്ങളിലെത്തിക്കുന്ന ഏഴംഗ സംഘം പിടിയില്‍. കര്‍ണാടകത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) സംഘത്തെ പിടികൂടിയത്. ഇവരില്‍നിന്ന് 17 യുവതികളുടെ പാസ്‌പോര്‍ട്ടും കണ്ടെടുത്തു.
2019 മുതല്‍ 95 യുവതികളെ ഇവര്‍ വിദേശത്തെത്തിച്ചതായാണ് സി.സി.ബി.യുടെ കണ്ടെത്തല്‍. ദുബായിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി 17 പേരില്‍നിന്ന് വാങ്ങിവെച്ച പാസ്‌പോര്‍ട്ടുകളാണ് പിടിച്ചെടുത്തവയെന്ന് സി.സി.ബി. അറിയിച്ചു.
കൊപ്പാള്‍ സ്വദേശി ബസവരാജു ശങ്കരപ്പ കലസാട് (43), മൈസൂരു സ്വദേശിയും നര്‍ത്തകനുമായ ആദര്‍ശ് (28), സേലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ രാജേന്ദ്ര നാച്ചിമുത്തു (32), ചെന്നൈ സ്വദേശി മാരിയപ്പന്‍ (44), ബെംഗളൂരു ജെ.പി. നഗര്‍ സ്വദേശി ആര്‍. ചന്ദ്രു (21), പുതുച്ചേരി സ്വദേശി ടി. അശോക് (29), തിരുവള്ളൂര്‍ സ്വദേശി എസ്. രാജീവ് ഗാന്ധി (37) എന്നിവരാണ് പിടിയിലായത്.
രണ്ടുലക്ഷം രൂപവരെ ദുബായില്‍ ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് സംഘം യുവതികളെ വലയിലാക്കുന്നത്. മുന്‍കൂര്‍ ശമ്പളമായി 50,000 മുതല്‍ 75,000 വരെ രൂപ നല്‍കുകയും ചെയ്യും. ദുബായിലെത്തുന്ന യുവതികളെ ഡാന്‍സ് ബാറുകളിലാണ് എത്തിക്കുക. പിന്നീട് ബാറുടമകള്‍ ഇവരെ അനാശാസ്യത്തിന് നിര്‍ബന്ധിക്കും. വിസമ്മതിച്ചാല്‍ മുന്‍കൂറായി വാങ്ങിയ ശമ്പളം തിരികെനല്‍കാന്‍ ആവശ്യപ്പെട്ട് ബാറുടമകള്‍ ക്രൂരമര്‍ദനത്തിന് വിധേയമാക്കും. കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള യുവതികളാണ് സംഘത്തിന്റെ വലയില്‍ പെട്ടുപോയവരില്‍ ഭൂരിഭാഗവും.
ദുബായില്‍നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ യുവതി ഹെണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സംഘത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്. പിന്നീട് കേസ് സി.സി.ബി.ക്ക് കൈമാറി.
Content Highlights: human trafficking to dubai seven arrested by bengaluru ccb
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..