നരബലിക്ക് മുമ്പ് ഷാഫി കേരളമാകെ സഞ്ചരിച്ചു; പൂജയ്ക്കായി ഒട്ടേറെ സ്ത്രീകളെ സമീപിച്ചു


പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളായ ലൈല, മുഹമ്മദ് ഷാഫി, ഭഗവൽ സിങ് എന്നിവരെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നു/ മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാൻ പോലീസ് ജീപ്പിൽ കയറ്റിയപ്പോൾ ( ഫയൽ ചിത്രം)

കൊച്ചി: നരബലിക്കിരയായ തമിഴ്നാട് സ്വദേശി പത്മയുടെ സ്വര്‍ണം മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പണയം െവച്ചതായി കണ്ടെത്തി. ഇതില്‍ നിന്നു കിട്ടിയ തുകയുടെ ഒരു വിഹിതം ഭാര്യക്ക് കൈമാറിയതായി ഷാഫി ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് ഷാഫിയുടെ ഗാന്ധിനഗറിലെ വാടകവീട്ടില്‍ പരിശോധന നടത്തി. പണയം വെച്ചതിന്റെ രസീത് കണ്ടെടുത്തതായാണ് വിവരം. ഭാര്യ നഫീസയുടെയും മക്കളുടെയും മൊഴിയും എടുത്തു.

പത്മയുടെ കൈയില്‍ ആറു പവനോളം ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി സഹോദരി പഴനിയമ്മ നേരത്തേ വെളിപ്പെടുത്തിയിരുന്നു. നാലര പവന്‍ സ്വര്‍ണം ചിറ്റൂര്‍ റോഡിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ഷാഫി പണയം െവച്ചതിന്റെ രേഖകള്‍ കണ്ടെത്തി. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ഷാഫി വാങ്ങിയത്. ഇതില്‍ 40,000 രൂപയാണ് ഭാര്യക്കു നല്‍കിയത്. ഷാഫി അടുത്തയിടെ 40,000 രൂപ തന്നെ ഏല്‍പ്പിച്ചിരുന്നതായി ഭാര്യ നഫീസ മൊഴി നല്‍കി. വണ്ടി വിറ്റു കിട്ടിയ പണമാണിതെന്നു പറഞ്ഞാണത്രെ നല്‍കിയത്.പത്മയെ നരബലിക്കിരയാക്കിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തില്‍നിന്ന് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എറണാകുളം പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യല്‍ വൈകീട്ട് വരെ നീണ്ടു. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കടവന്ത്ര സ്റ്റേഷനിലും ഭഗവല്‍ സിങ്ങിനെ മുളവുകാട് സ്റ്റേഷനിലും ലൈലയെ നോര്‍ത്ത് സ്റ്റേഷനിലുമാണ് പാര്‍പ്പിച്ചത്.ചോദ്യം ചെയ്യലിന്റെ പുരോഗതി അനുസരിച്ച് പ്രതികളുമായി തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

ഷാഫിയുടെ ഹോട്ടലിലും പരിശോധന

കൊച്ചിയില്‍ ഷാഫി നടത്തിയ ഹോട്ടലിലും അന്വേഷണ സംഘം പരിശോധന നടത്തി. വീട്ടിലെ പരിശോധനയ്ക്കു ശേഷമാണ് ഹോട്ടലില്‍ എത്തിയത്. നരബലിക്കായി സ്ത്രീകളെ ഇലന്തൂരിലെത്തിച്ച വാഹനത്തിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ആറുമണിക്കൂറോളം ഷാഫിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. മുഹമ്മദ് ഷാഫി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 'ശ്രീദേവി' എന്ന വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് ഭാര്യയുടെ പേരിലുള്ള മൊബൈല്‍ ഫോണിലായിരുന്നു.

ഈ ഫോണ്‍ നശിപ്പിച്ചെന്ന നിലപാടിലാണ് ഷാഫി. അതേ ഉത്തരമാണ് ഷാഫിയുടെ ഭാര്യയും പറഞ്ഞത് - ഷാഫി വീട്ടില്‍വെച്ച് വഴക്കുണ്ടാക്കിയെന്നും അതിനിടെ ഫോണ്‍ നശിപ്പിച്ചുവെന്നും. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ഈ ഫോണ്‍ കണ്ടെത്താനായാല്‍ നിര്‍ണായക തെളിവാകും. ഒട്ടേറെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള ഷാഫി ഫോണ്‍ നശിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസ് കരുതുന്നത്. നരബലിയുടെ ആസൂത്രണത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നതില്‍ വ്യക്തത വരുത്തണമെങ്കില്‍ ഈ ഫോണ്‍ കിട്ടേണ്ടതുണ്ട്.

കുറ്റകൃത്യങ്ങളിലേര്‍പ്പെടുമ്പോള്‍ ഫോണ്‍ ഓഫാക്കുന്ന പതിവാണ് ഷാഫിക്കുള്ളത്. നരബലിക്കായി പത്മയെ കൊണ്ടുപോകുമ്പോഴും ഈ ഫോണ്‍ ഓഫായിരുന്നു. പത്മയുടെ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് ഇലന്തൂരില്‍ ഇവര്‍ എത്തിയതായി പോലീസ് കണ്ടെത്തിയത്. കൊച്ചിയില്‍ പല സംഘങ്ങളുമായി ഷാഫിക്ക് പരിചയമുള്ളതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സ്ത്രീകളെ നല്‍കിയാല്‍ വന്‍ തുക നല്‍കുമെന്ന് ചിലരോട് ഇയാള്‍ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തലുണ്ട്.

കേരളമൊട്ടുക്ക് സഞ്ചാരം, പൂജയ്ക്കായി ഒട്ടേറെ സ്ത്രീകളെ സമീപിച്ചു

നരബലിക്കു മുമ്പുള്ള മാസങ്ങളില്‍ കേരളമാകെ ഷാഫി സഞ്ചരിച്ചതായി കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പലരേയും ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. കൊച്ചി നഗരത്തില്‍ തന്നെ ഒട്ടേറെ സ്ത്രീകളെ ഇയാള്‍ പൂജയ്ക്കായി സമീപിച്ചിരുന്നു. ലോട്ടറി വില്പനക്കാരെയും കട നടത്തുന്ന ചില സ്ത്രീകളെയും സമീപിച്ചിരുന്നു.

എറണാകുളത്ത് ചിറ്റൂര്‍ റോഡില്‍ ഇയാള്‍ നടത്തിയിരുന്ന ഹോട്ടലിനു സമീപം കട നടത്തിയിരുന്ന ഒരു സ്ത്രീയോടും പൂജയ്ക്കായി വരാന്‍ പറഞ്ഞതായാണ് വിവരം. കച്ചവടം മെച്ചപ്പെടാനും ഐശ്വര്യത്തിനുമായി മന്ത്രവാദം നടത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. അത്തരത്തില്‍ പലരേയും സമീപിച്ചു. അങ്ങനെയാണ് നടക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്ന പത്മയെ വലയില്‍ വീഴ്ത്തിയത്.

ഇയാളുടെ ഹോട്ടലിനു സമീപത്തുള്ളവരുമായി ഷാഫി നല്ല ചേര്‍ച്ചയിലല്ലായിരുന്നു. പലരെയും അസഭ്യം പറഞ്ഞതിന് കടവന്ത്ര പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു. അവരൊക്കെ, ഷാഫിയുടെ സ്വഭാവമറിയാവുന്നതിനാല്‍ പോലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്.

ഷാഫിയുടെ ദുരൂഹ പ്രവര്‍ത്തനങ്ങള്‍ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാളുടെ രീതിയിലല്ല ഷാഫി സമൂഹ മാധ്യമങ്ങളിലൂടെ ഇടപെട്ടിരുന്നതെന്നതാണ് സംശയം കൂട്ടുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ത്രീകളെ കാണാതായ കേസുകളുമായി നരബലി കേസിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

റോസ്ലിന്‍ എല്ലാം മറച്ചുവെച്ചെന്ന് ഒപ്പം താമസിച്ചിരുന്ന സജി

ഇലന്തൂരില്‍ നരബലിക്ക് വിധേയയായ റോസ്ലിന്‍ തന്നില്‍നിന്ന് എല്ലാ കാര്യങ്ങളും മറച്ചുവെക്കുകയായിരുന്നുവെന്ന് മറ്റൂരിലെ വാടക വീട്ടില്‍ അവര്‍ക്കൊപ്പം താമസിച്ചിരുന്ന സജി. നരബലി വാര്‍ത്ത വന്നതോടെ പുറത്തിറങ്ങാതെ വാടക വീട്ടില്‍ കഴിയുകയാണ് നിര്‍മാണ തൊഴിലാളിയായ സജി. ഒറ്റപ്പാലം സ്വദേശിയായ സജി ആറുവര്‍ഷം മുന്‍പാണ് പണിസ്ഥലത്തുെവച്ച് റോസ്ലിനെ പരിചയപ്പെടുന്നത്. വേളാങ്കണ്ണിയില്‍ പോയി മാല ചാര്‍ത്തി ഒന്നിച്ചു താമസിച്ചു പോരുകയായിരുന്നു.

നിയമപരമായ വിവാഹ രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. റോസ്ലിന്റെ വശം തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലാതിരുന്നതിനാലാണ് അതിനു കഴിയാതെ വന്നത്. പലയിടങ്ങളില്‍ വാടകയ്ക്ക് ഒന്നിച്ചു താമസിച്ചു. ആലുവയില്‍ മരുന്നുകടയില്‍ പണിക്ക് പോകുന്നുവെന്നാണ് റോസ്ലിന്‍ പറഞ്ഞിരുന്നത്. നരബലി കേസിലെ ഷാഫിയെപ്പറ്റി പറഞ്ഞിട്ടില്ല. ലോട്ടറി വില്പനയുണ്ടെന്നു പോലും അറിഞ്ഞിരുന്നില്ല. മാമന്‍ ഗള്‍ഫില്‍നിന്നു വന്നിട്ടുണ്ടെന്നു പറഞ്ഞാണ് പോയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം വിളിപ്പിച്ചപ്പോള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സജി പറഞ്ഞു.

Content Highlights: Human sacrifice case: Probe team raids key accused Shafi’s house, wife says he destroyed his mobile


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented