മനുഷ്യക്കാലുകള്‍ കണ്ടെത്തിയ സംഭവം; നരബലിക്ക് ശേഷം പ്രതികള്‍ക്ക് ആശങ്ക, ഫോണ്‍ വിളികൂടി


കന്യാകുമാരിയിലെ ലഹരി മാഫിയ സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ലഹരിമാഫിയ തലവനായ അജിത്തിന്റെ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട കനിഷ്‌കര്‍.

മുട്ടത്തറ കൊലപാതകക്കേസിലെ പ്രതികളുമായി പോലീസ് മൃതദേഹം ഉപേക്ഷിച്ച സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിയപ്പോൾ

തിരുവനന്തപുരം: മുട്ടത്തറ സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ മനുഷ്യക്കാലുകള്‍ കണ്ടെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കൊല്ലപ്പെട്ടത് ആരാണെന്ന നിഗമനത്തിലേയ്ക്ക് പോലീസ് എത്തുന്നത്. തമിഴ്നാട് കന്യാകുമാരി ചിന്നമുട്ടം സ്വദേശി പീറ്റര്‍ കനിഷ്‌കര്‍(25) ആണ് കൊല്ലപ്പട്ടതെന്നാണ് പ്രാഥമിക നിഗമനം. ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം ഉറപ്പാക്കാനാവൂ. സംഭവത്തില്‍ രണ്ട് പേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുട്ടത്തറ പൊന്നറ പാലത്തിന് സമീപം ബംഗ്ലാദേശ് കോളനി സ്വദേശികളായ മനു എന്ന രമേഷ് (27), ഷെഹിന്‍ ഷാ(22) എന്നിവരാണ് പിടിയിലായത്.

തമിഴ്‌നാട്ടിലും കേരളത്തിലും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. കാണാതായ കനിഷ്‌കറിന്റെ ഫോണ്‍കോളുകളാണ് പ്രതികളിലേക്കെത്താന്‍ സഹായിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16-നാണ് രണ്ടു മനുഷ്യക്കാലുകള്‍ സ്വീവറേജ് പ്ലാന്റിലെ മലിനജല കിണറ്റില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 12-ന് ബംഗ്ലാദേശ് കോളനിയിലെ മനുവിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. കന്യാകുമാരിയിലെ ലഹരി മാഫിയ സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ലഹരിമാഫിയ തലവനായ അജിത്തിന്റെ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട കനിഷ്‌കര്‍. തമിഴ്നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.കൊലപാതകം നടത്തിയ മനുവും മുമ്പ് അജിത്തിന്റെ സംഘത്തിലായിരുന്നു. മനുവിന്റെ അമ്മയുടെ വീട് തമിഴ്നാട്ടിലാണ്. പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. കനിഷ്‌കര്‍ തന്നെ അപകടപ്പെടുത്താനെത്തിയതാണെന്നും തിരിച്ചാക്രമിച്ചതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നുമാണ് മനുവിന്റെ വെളിപ്പെടുത്തല്‍. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താലേ വിവരങ്ങള്‍ വ്യക്തമാവൂ എന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലപ്പെടുന്നതിന്റെ തലേദിവസമാണ് കനിഷ്‌കര്‍ തിരുവനന്തപുരത്തെത്തിയത്. വലിയ കത്തിക്ക് കഴുത്തില്‍ കുത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം പലഭാഗങ്ങളായി വെട്ടിമുറിച്ചു. ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാനായി സുഹൃത്തായ ഷെഹിന്‍ഷായുടെ സഹായം തേടി. കാലുകള്‍ പെരുനെല്ലി പാലത്തിന് സമീപം ഓടയിലുപേക്ഷിച്ചു. ഇതാണ് സ്വീവറേജ് പ്ലാന്റില്‍ നിന്നും പോലീസിന് ലഭിച്ചത്. തല കവറിലാക്കി ശംഖുംമുഖം കടലിലും ബാക്കി അരയ്ക്ക് മുകളിലുള്ള ഭാഗം നെറ്റ് ഫാക്ടറിക്ക് സീമപം ആളൊഴിഞ്ഞ പുരയിടത്തിലും ഉപേക്ഷിച്ചുവെന്നാണ് മനു പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ അരക്കുമുകളിലുള്ള ഭാഗം, തല എന്നിവ കണ്ടെത്താനായിട്ടില്ല. തുടയെല്ലും ഇടുപ്പിന്റെ ഭാഗവും പാര്‍വതീ പുത്തനാറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തി.

ഡി.സി.പി. അജിത് കുമാര്‍, ശംഖുംമുഖം എ.സി. ഡി.കെ.പൃഥ്വിരാജ്, വലിയതുറ എസ്.എച്ച്.ഒ. ടി.സതികുമാര്‍, എസ്.ഐ. അഭിലാഷ് മോഹന്‍, സി.പി.ഒ.മാരായ മനു, ഷാബു, അനീഷ്, അരുണ്‍രാജ്, അനീഷ് ശശിധരന്‍, ഷിബി, റോജന്‍, രഞ്ജിത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.


പിടിവള്ളിയായത് കനിഷ്‌കറിന്റെ തിരോധാനം

കന്യാകുമാരിയിലെ പ്രമുഖ ഗുണ്ടാസംഘത്തിലെ അംഗം പീറ്റര്‍ കനിഷ്‌കറിന്റെ തിരോധാനമാണ് മുട്ടത്തറ കൊലപാതകക്കേസില്‍ പോലീസിനു പിടിവള്ളിയായത്. കേരളത്തിലെയും തമിഴ്നാട്ടിലെയും കാണാതായവരെക്കുറിച്ചുള്ള പരാതികളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ അന്വേഷണം. എന്നാല്‍, കനിഷ്‌കറിന്റെ തിരോധാനത്തെക്കുറിച്ച് പോലീസില്‍ ആരും പരാതി നല്‍കിയിരുന്നില്ല. പിന്നീട് പ്രദേശികമായി കന്യാകുമാരിയിലും നാഗര്‍കോവിലിലും കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രധാന ഗുണ്ടാസംഘത്തില്‍പ്പെട്ട ഒരാളെ കാണാനില്ലെന്ന വിവരം ലഭിച്ചത്. തമിഴ്നാട് പോലീസില്‍നിന്നു ലഭിച്ച ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കനിഷ്‌കറിന്റെ ബന്ധുക്കളെ കണ്ടെങ്കിലും തിരോധാനത്തെക്കിറിച്ച് ഇവര്‍ക്കും ഒന്നും അറിയില്ലായിരുന്നു.

തുടര്‍ന്ന് കനിഷ്‌കറിന്റെ ഫോണ്‍വിളികളുടെ വിവരങ്ങള്‍ പരിശോധിച്ചതാണ് പ്രതികളിലേക്കെത്തിച്ചത്. ഇയാളെ കാണാതാവുന്നതിനു തൊട്ടുമുമ്പുള്ള ഫോണ്‍കോളുകള്‍ കേരളത്തിലേക്കാണെന്ന് കണ്ടത്തി. അതും മനുവിന്റെ ഫോണിലേക്കായിരുന്നു. തുടര്‍ന്നാണ് മനു പോലീസിന്റെ നിരീക്ഷണത്തിലാവുന്നത്. മനുവും സുഹൃത്തായ ഷെഹന്‍ഷായുമായുള്ള ഫോണ്‍കോളുകളും നിരീക്ഷിച്ചു. ഇലന്തൂര്‍ നരബലിക്കുശേഷം ഇവര്‍ തമ്മിലുള്ള ഫോണ്‍വിളിയുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പോലീസിനെ കൂടുതല്‍ സംശയത്തിലാക്കി. നരബലിക്കുശേഷം മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഉപേക്ഷിച്ച രീതിയായിരുന്നു ഇവരും പിന്തുടര്‍ന്നിരുന്നത്. ആ സാഹചര്യത്തല്‍ തങ്ങള്‍ നടത്തിയ കൊലപാതകവും പിടിക്കപ്പെടുമോ എന്നായിരുന്നു ഇവരുടെ ആശങ്ക.

തെളിവുകള്‍ ഉറപ്പിച്ചതോടെ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന തെളിവെടുപ്പില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പെരുനെല്ലി പാലത്തിനു സമീപത്തെ ഓടയിലും പാര്‍വതീപുത്തനാറിന്റെ തീരത്തുള്ള ഒഴിഞ്ഞ സ്ഥലത്തും മുട്ടത്തറ നെറ്റ് ഫാക്ടറിക്കു സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തും ഉപേക്ഷിച്ചത് ഇവര്‍ കാട്ടിക്കൊടുത്തു. ഇതില്‍ കുറച്ചുഭാഗം മാത്രമാണ് കണ്ടെത്താനായത്. ഓടയില്‍ ഉപേക്ഷിച്ച കാലുകള്‍ മുട്ടത്തറ ഒഴുകിയെത്തിയതാണ് സംഭവം പുറത്തുവരാന്‍ കാരണം. ഇത് ഒഴുകി പാര്‍വതീപുത്തനാറിലേക്ക് പോയിരുന്നെങ്കില്‍ കൊലപാതകം പുറത്തറിയാന്‍ സാധ്യത കുറവായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍, വാഹനം എന്നിവ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ പ്രതികളുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.


കൊലപാതകമെന്ന് ഉറപ്പായത് മൃതദേഹപരിശോധനയില്‍

മുട്ടത്തറ സ്വീവറേജ് പ്ലാന്റില്‍നിന്നു ലഭിച്ച കാലുകള്‍ മുറിച്ചെടുത്തിരിക്കുന്നത് മൂന്നാമത്തെ വെട്ടിലാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് കൊലപാതകക്കേസിലേക്ക് പോലീസിനെ എത്തിച്ചത്. സര്‍ജിക്കല്‍ ബ്ലെയ്ഡ് ഉപയോഗിച്ചല്ല കാലുകള്‍ മുറിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കാലുകള്‍ യാതൊരു ആരോഗ്യപ്രശ്‌നവുമില്ലാത്ത മനുഷ്യന്റെതാണെന്നും ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞു.

ആദ്യം, ഏതെങ്കിലും ആശുപത്രിയില്‍നിന്ന് ഉപേക്ഷിച്ച ശസ്ത്രക്രിയ അവശിഷ്ടമാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായിരുന്നു. തുടര്‍ന്ന് തലസ്ഥാനത്തെ മുപ്പതോളം ആശുപത്രികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകമാണെന്ന് ഉറപ്പിച്ചു. ഇതോടെയാണ് അന്വേഷണത്തിന്റെ ഗതിമാറിയത്.

തന്നെ കൊല്ലുമെന്ന് ഭയന്നാണ് പീറ്റര്‍ കനിഷ്‌കറിനെ കൊലപ്പെടുത്തിയതെന്നാണ് മനുവിന്റെ മൊഴി. ഇത് പൂര്‍ണമായി പോലീസ് വിശ്വസിച്ചിട്ടില്ല. കന്യാകുമാരിയിലെ അജിത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിലെ അംഗമായ മനു പലപ്പോഴും സംഘം അറിയാതെ ഇടപാടുകള്‍ നടത്തിയിരുന്നു. ലഹരിക്കച്ചവടത്തില്‍ ഒപ്പമുള്ളവരെ മറികടന്ന് നടത്തിയ ഇടപെടലുകള്‍ മനുവിനെ അജിത്തിന്റെ കണ്ണിലെ കരടാക്കി. ഇതിനെ തുടര്‍ന്ന് നേരത്തെയും സംഘങ്ങള്‍ മനുവിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. തുടര്‍ന്നാണ് ഇയാള്‍ കേരളത്തിലേക്കു കടക്കുന്നത്.

പീറ്റര്‍ കനിഷ്‌കര്‍ പിന്നാലെ തിരുവനന്തപുരത്ത് കാണാനെത്തിയതിലും മനുവിന് ആശങ്കയുണ്ടായിരുന്നു. മനുവും കനിഷ്‌കറുമായി ഈ സമയത്ത് നാല്‍പ്പതോളം തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

തന്നെ ആക്രമിക്കാനാണ് കനിഷ്‌കര്‍ എത്തിയതെന്നാണ് മനു കരുതിയത്. കനിഷ്‌കറിന്റെ പക്കല്‍ ആയുധമുണ്ടായിരുന്നതായും ഇയാള്‍ പറയുന്നു. തര്‍ക്കമുണ്ടായതോടെ പെട്ടെന്ന്് മനു വീട്ടിലുണ്ടായിരുന്ന വലിയ ഇറച്ചിക്കത്തി ഉപയോഗിച്ച് കനിഷ്‌കറിന്റെ കഴുത്തില്‍ കുത്തിവീഴ്ത്തി. തുടര്‍ന്നാണ് കാലുകള്‍ വെട്ടിമാറ്റിയത്. ശരീരം കഷ്ണങ്ങളായി മുറിച്ചെടുത്തു. ഇറച്ചിവെട്ടുകാരനായ സുഹൃത്ത് ഷെഹിന്‍ഷായുടെ സഹായത്തോടെയായിരുന്നു മൃതദേഹം മുറിച്ചുമാറ്റിയത്. തുടര്‍ന്നാണ് പലസ്ഥലത്തായി ഉപേക്ഷിച്ചത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഒപ്പംവന്നയാളുടെ മൊഴി നിര്‍ണായകമായി

ഓഗസ്റ്റ് 10-നാണ് കനിഷ്‌കര്‍ അവാസനമായി അമ്മയെ വിളിച്ചത്. തുടര്‍ന്ന് ഫോണ്‍ സ്വിച്ച്ഓഫായി. വടശ്ശേരി സ്വദേശിയായ മഹേഷ് ഖലീഫയോടൊപ്പമാണ് കനിഷ്‌കര്‍ തിരുവനന്തപുരത്തേക്കു പോയതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തില്‍ മനുവിന്റെ പങ്ക് വ്യക്തമാക്കാന്‍ ഖലീഫയുടെ മൊഴി പോലീസിനെ സഹായിച്ചു.

താനും കനിഷ്‌കറും ചേര്‍ന്ന് മുട്ടത്തറയ്ക്കു സമീപം ബംഗ്ലാദേശ് കോളനിയില്‍ മനു രമേശിന്റെ വീട്ടില്‍ എത്തിയതായും അതിനുശേഷം താന്‍ തിരിച്ചുപോയെന്നുമാണ് ഖലീഫ പോലീസിനോടു പറഞ്ഞത്. കുറച്ചുദിവസം കഴിഞ്ഞ് മനു ഫോണില്‍ വിളിച്ച് കനിഷ്‌കര്‍ മയക്കുമരുന്നുപയോഗിച്ച് പ്രശ്‌നമുണ്ടാക്കിയെന്നും കുറച്ച് രൂപയും എടുത്തുകൊണ്ട് പോയെന്നുപറഞ്ഞതായും ഖലീഫ പോലീസിനോട് പറഞ്ഞു.

Content Highlights: Human body parts found in sewage treatment plant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented