കഞ്ചാവ് കേസിൽ പിടിയിലായ അഖിലും മറ്റൊരുപ്രതിയും(ഇടത്ത്) അഖിലിന്റെ പഴയചിത്രം(വലത്ത്) | Screengrab: Mathrubhumi News
തിരുവനന്തപുരം: നഗരത്തില്‍ എക്‌സൈസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ പിടിയിലായവരില്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വഞ്ചിയൂര്‍ പ്രാദേശികകേന്ദ്രത്തിലെ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട അഖില്‍ ഉള്‍പ്പെടെ നാലുപേരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്. ഞായറാഴ്ച രാവിലെ 11.30-ഓടെ കണ്ണേറ്റുമുക്കില്‍വെച്ചായിരുന്നു സംഭവം. 95 കിലോ കഞ്ചാവാണ് ഇവരുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്.
ആന്ധ്രയില്‍നിന്ന് കാറില്‍ കഞ്ചാവുമായി വരുന്നതിനിടെയാണ് എക്‌സൈസ് സംഘം പ്രതികളെ പിന്തുടര്‍ന്നെത്തിയത്. കണ്ണേറ്റുമുക്കില്‍ പ്രതികള്‍ കാര്‍ നിര്‍ത്തിയതോടെ എക്‌സൈസും കാത്തിരുന്നു. തുടര്‍ന്ന് കാറിലുള്ളവരില്‍നിന്ന് കഞ്ചാവ് വാങ്ങാനായി മറ്റുചിലരും എത്തിയതോടെ എക്‌സൈസ് സംഘം ഇവരെ വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു. മൂന്നുപേരെ ഉദ്യോഗസ്ഥര്‍ തന്നെ പിടികൂടിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ നാട്ടുകാരാണ് പിടികൂടിയത്. അതിനിടെ, കാറിലുണ്ടായിരുന്ന സ്ത്രീ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
കരുമടം സ്വദേശി രതീഷ്, വിഷ്ണു, നെയ്യാറ്റിന്‍കര സ്വദേശി അഖില്‍, തിരുവല്ലം മേനിലം സ്വദേശി രതീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ കഞ്ചാവ് വാങ്ങാന്‍ വന്നവരാണെന്നും മറ്റുരണ്ടുപേര്‍ കാറിലുണ്ടായിരുന്നവരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപ്പെട്ട സ്ത്രീയും കാറിലുണ്ടായിരുന്നു.
തിരുവനന്തപുരത്തുനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ലഹരിസംഘം ആന്ധ്രയില്‍നിന്ന് കഞ്ചാവ് കടത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് കന്യാകുമാരി അടക്കമുള്ള സ്ഥലങ്ങളിലേക്ക് കുടുംബവുമായി യാത്ര ചെയ്യാനെന്ന് പറഞ്ഞാണ് പ്രതികള്‍ ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തിരുന്നത്. എന്നാല്‍ വാഹനത്തില്‍ ജി.പി.എസ്. സംവിധാനമുണ്ടായിരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം വാഹന ഉടമ ജി.പി.എസ്. പരിശോധിച്ചപ്പോള്‍ കാര്‍ ആന്ധ്രയിലാണെന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചതായും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ വാഹന ഉടമ വിവരം പോലീസിലും എക്‌സൈസിലും അറിയിച്ചു. തുടര്‍ന്ന് എക്സൈസും വാഹന ഉടമയും ജി.പി.എസ്. വഴി വാഹനം നിരീക്ഷിച്ചു. ഞായറാഴ്ച രാവിലെ വാഹനം കേരള അതിര്‍ത്തി കടന്നതോടെ എക്സൈസ് ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് കണ്ണേറ്റുമുക്കില്‍ നിര്‍ത്തിയതോടെ എക്സൈസ് സംഘം കാര്‍ വളയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ കുടുംബമെന്ന വ്യാജേനയാണ് കാറില്‍ സഞ്ചരിച്ചിരുന്നതെന്നാണ് എക്‌സൈസ് പറയുന്നത്. വാടകയ്‌ക്കെടുത്ത കാറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍പ്ലേറ്റും ഘടിപ്പിച്ചിരുന്നു. ആന്ധ്രയില്‍നിന്ന് വരുന്നവരില്‍നിന്ന് ആരാണ് കഞ്ചാവ് വാങ്ങുന്നതെന്ന് അറിയാനാണ് കേരള അതിര്‍ത്തി മുതല്‍ എക്‌സൈസ് സംഘം വാഹനം പിന്തുടര്‍ന്നത്. തുടര്‍ന്ന് കണ്ണേറ്റുമുക്കില്‍ വാഹനം നിര്‍ത്തി കഞ്ചാവ് വാങ്ങാനുള്ളവരും എത്തിയതോടെ എക്‌സൈസ് ഇവരെ വളയുകയായിരുന്നു.
പിടിയിലായ അഖില്‍ നഗരത്തിലെ സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നുവെന്നാണ് വിവരം. ഇയാളുടെ ചില ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംസ്‌കൃത സര്‍വകലാശാലയുടെ പ്രാദേശികകേന്ദ്രത്തിലെ എസ്.എഫ്.ഐ. മുന്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നുവെന്ന് ഇയാള്‍ തന്നെ മാധ്യമങ്ങളോട് പറയുകയും ചെയ്തു. 2019-ല്‍ എസ്.എഫ്.ഐ പ്രവര്‍ത്തനം വിട്ടതാണെന്നും കടയില്‍ അരി വാങ്ങിക്കാന്‍ വന്നപ്പോളാണ് തന്നെ പിടികൂടിയതെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.
''ഞാന്‍ ഇവിടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന വ്യക്തിയാണ്. എനിക്ക് ഫാം ഉണ്ട്. വീട്ടില്‍ ഡോഗ്‌സുണ്ട്. ഡോഗ്‌സിന് അരി വാങ്ങിക്കാന്‍ വന്ന വ്യക്തിയാണ്. സാധനം മേടിക്കാന്‍ ഇവിടെനിന്നപ്പോളാണ് സാര്‍ എന്റെ കോളറില്‍ പിടിച്ചത്. എന്റെ ഫോണില്‍ കോളൊന്നുമില്ല. രണ്ടുവര്‍ഷമായി ഇവിടെ കടയില്‍നിന്ന് സാധനം മേടിക്കുന്നയാളാണ്''- അഖില്‍ പറഞ്ഞു.
അതേസമയം, കടത്തുകാരില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ വന്നവരടക്കമാണ് ഞായറാഴ്ച രാവിലെ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പ്രതികളിലൊരാള്‍ മാനവീയം വീഥിയിലടക്കം സ്ഥിരമായി കഞ്ചാവ് എത്തിച്ചുനല്‍കുന്നയാളാണ്. കുടുംബം എന്നരീതിയിലായിരുന്നു പ്രതികള്‍ കാറില്‍ യാത്രചെയ്തത്. കാറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റിയിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Content Highlights: huge quantity ganja seized in trivandrum accused says he was former sfi unit secretary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..