കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം(ഇടത്ത്) കുഞ്ഞിനെ കണ്ടെത്തി അമ്മയ്ക്ക് കൈമാറിയപ്പോൾ(വലത്ത്) ഇൻസെറ്റിൽ അറസ്റ്റിലായ ഷമീന.
കോയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ദിവസങ്ങള്‍ പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 24 മണിക്കൂറിനകം കുഞ്ഞിനെ മാതാപിതാക്കളുടെ പക്കല്‍ തിരിച്ചേല്‍പ്പിച്ചു. പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കുഞ്ഞിനെ കാണാതായത്. സംഭവത്തില്‍ പാലക്കാട് കൊടുവായൂര്‍ കുരങ്ങോട് സ്വദേശിനി ഷമീന(34)യെ അറസ്റ്റ് ചെയ്തു. സഹായിച്ച മറ്റൊരു സ്ത്രീയെ ചോദ്യം ചെയ്തുവരുന്നു.
പൊള്ളാച്ചി സ്വദേശികളായ ദിവ്യഭാരതി-യൂനസ് ദമ്പതിമാരുടെ ജൂണ്‍ 29-ന് ജനിച്ച പെണ്‍കുഞ്ഞിനെയാണ് ആശുപത്രിക്കിടക്കയില്‍നിന്നു കാണാതായത്. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പൊള്ളാച്ചി ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. വിവരമറിഞ്ഞ ജില്ലാ പോലീസ് മേധാവി ബദ്രി നാരായണന്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തി 12 അന്വേഷണ സംഘങ്ങളെ നിയമിച്ചു.
ആശുപത്രിയില്‍ സി.സി.ടി.വി. ക്യാമറ ഇല്ലാത്തതിനാല്‍ പുറത്തുള്ള ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് കോയമ്പത്തൂര്‍ എത്തിയത്. കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ പോലീസിന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ യുവതിയും മറ്റൊരു പെണ്‍കുട്ടിയും കുഞ്ഞുമായി തീവണ്ടി കയറുന്നതു കണ്ടെത്തി. തുടര്‍ന്ന് ആര്‍.പി.എഫ്., റെയില്‍വേ പോലീസ് എന്നിവരുടെ സഹകരണത്തോടെ പാലക്കാട് നിന്ന് യുവതിയേയും കുഞ്ഞിനേയും കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.
ഭര്‍ത്താവുമായി പിണങ്ങി തനിച്ചു താമസിക്കുകയായിരുന്ന ഷമീന, മണികണ്ഠന്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് കുഞ്ഞ് വേണമെന്ന ആഗ്രഹം കൊണ്ട് ഷമീന താന്‍ ഗര്‍ഭിണിയാണെന്ന് കള്ളം പറഞ്ഞിരുന്നു. ഇയാളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് യുവതി പോലീസിനോട് പറഞ്ഞതായി എസ്. പി. അറിയിച്ചു.
22 മണിക്കൂര്‍, പരിശോധിച്ചത് 150-ഓളം സിസിടിവി ദൃശ്യങ്ങള്‍...
സംഭവം നടന്ന് 22 മണിക്കൂറിനകം അന്വേഷണ സംഘങ്ങള്‍ പരിശോധിച്ചത് 150-ഓളം സി.സി.ടി.വി ക്യാമറകള്‍. സര്‍ക്കാര്‍ ആശുപത്രിയിലെ അറ്റകുറ്റപ്പണികള്‍ കാരണം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പിന്നീട് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍, വഴിയോരങ്ങളിലുള്ള ക്യാമറകള്‍ എന്നിവ ഡിവൈ.എസ്.പി.മാരായ ശെല്‍വരാജ്, ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്.
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി കുറ്റവാളികള്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ മുഖം വ്യക്തമായിരുന്നെങ്കിലും മാധ്യമങ്ങള്‍ക്കും മറ്റും പുറത്ത് നല്‍കാതെയാണ് പോലീസ് പിന്തുടര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കൂടി ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിച്ചാല്‍ പ്രതി രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാലും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമോ എന്ന് കരുതിയുമാണ് ഈ ദൃശ്യങ്ങള്‍ നല്‍കാതിരുന്നതെന്ന് എസ്.പി. അറിയിച്ചു. അന്വേഷണ സംഘത്തെ മേഖല ഐ.ജി. സുധാകര്‍, ഡി.ഐ.ജി. മുത്തുസ്വാമി എന്നിവര്‍ അനുമോദിച്ചു.
Content Highlights: how pollachi police rescued kidnapped new born baby from palakkad kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..