കൊലപാതകം നടന്ന ഹോട്ടലിൽ പോലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട അയ്യപ്പൻ, അറസ്റ്റിലായ പ്രതി അജീഷ് | ഫോട്ടോ: മാതൃഭൂമി
നാഗര്‍കോവില്‍/തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട അയ്യപ്പനെക്കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പറയാനുള്ളത് നല്ലതുമാത്രം. പ്രായമായ അമ്മയ്ക്കും അച്ഛനും തുണയായിരുന്നു അയ്യപ്പന്. എല്ലാവരോടും മാന്യമായി മാത്രം പെരുമാറുന്ന ചെറുപ്പക്കാരന്. ജാതകസംബന്ധമായ ചില പ്രശ്നങ്ങളുള്ളതിനാല്‍ വിവാഹം നീണ്ടുപോവുകയായിരുന്നു. അയ്യപ്പന്റെ വിവാഹം എത്രയുംവേഗം നടത്താനുള്ള ആലോചനകളിലായിരുന്നു കുടുംബം. അപ്പോഴാണ് അപ്രതീക്ഷിതമായി ദുരന്തവാര്‍ത്ത നാഗര്‍കോവില്‍ കോട്ടാറിലെ ചെട്ടിത്തെരുവിലെത്തുന്നത്.
ആരോടും വിരോധമില്ലാത്ത തന്റെ മകനെ ആരാണ് കൊന്നതെന്നാണ് മകന്റെ മരണവിവരം അറിഞ്ഞ് തകര്‍ന്നുപോയ അച്ഛന് മാടസ്വാമി വീട്ടിലെത്തുന്നവരോടെല്ലാം ചോദിക്കുന്നത്. അയ്യപ്പന് രണ്ടുമാസം മുമ്പാണ് വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ടുമടങ്ങിയത്. മാസംതോറും മുടങ്ങാതെ ബാങ്ക് വഴി രക്ഷിതാക്കള്‍ക്ക് പണം അയക്കാറുണ്ട്. മൂത്ത സഹോദരി ചിദംബരവും ഇളയ സഹോദരി ശിവപ്രിയയും വിവാഹിതരാണ്. അമ്മയും അച്ഛനും മാത്രമാണ് കോട്ടാറിലെ വീട്ടിലുള്ളത്.
മൂന്നുവര്‍ഷത്തോളം സിറ്റി ടവര്‍ ഹോട്ടലില്‍ ജോലി ചെയ്ത അയ്യപ്പന് ലോക്ഡൗണ്‍ ആയതോടെ നാട്ടിലേക്കു മടങ്ങിയിരുന്നു. ഒമ്പതുമാസം മുമ്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. സിറ്റി ടവര്‍ ഹോട്ടലുടമ രാധാകൃഷ്ണന്റെ അകന്ന ബന്ധുകൂടിയാണ് അയ്യപ്പന്. ഹോട്ടല്‍ ജീവനക്കാര്‍ക്കും ഉടമയ്ക്കും അയ്യപ്പനെക്കുറിച്ച് നല്ല അഭിപ്രായവും വിശ്വാസവുമായിരുന്നു.
ഹോട്ടലിലെ തര്‍ക്കം, മൂന്നുമാസത്തിന് ശേഷം കൊലപാതകം, സംശയത്തോടെ പോലീസ്
തിരുവനന്തപുരം: ഒരാളുമായുള്ള തര്‍ക്കത്തിനു പ്രതികാരമായി മൂന്നുമാസത്തിനുശേഷം കൊലപ്പെടുത്തുക എന്നത് പോലീസിനും വിശ്വസിക്കാനായിട്ടില്ല.
പിടിയിലായപ്പോള്‍ നെടുമങ്ങാട് പോലീസിനോടും പിന്നീട് തമ്പാനൂര്‍ പോലീസിനോടും ഇതേ കാരണം തന്നെയാണ് പ്രതി അജീഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇയാള്‍ രാവിലെ മുതല്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കസ്റ്റഡിയില്‍ അജീഷിന്റെ പെരുമാറ്റത്തിലും അസ്വാഭാവികതയുണ്ടായിരുന്നു. ഇടയ്ക്ക് അക്രമാസക്തനാവുന്ന പ്രതി വാഹനത്തില്‍വെച്ച് പോലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.
പോലീസ് പിടിയിലാവുമ്പോഴും ഇയാള്‍ ലഹരിയുപയോഗിക്കുന്നുണ്ടായിരുന്നു. കഞ്ചാവിന്റെ കടുത്ത ലഹരിയിലായിരുന്ന ഇയാള്‍ ചോദ്യങ്ങള്‍ക്കെല്ലാം അവ്യക്തമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് അക്രമാസക്തനാവുന്ന പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസിനായിട്ടില്ല. ഇടയ്ക്ക് ശാന്തനാകുമ്പോഴാണ് അയ്യപ്പനുമായുള്ള തര്‍ക്കത്തിന്റെ കാര്യം പറയുന്നത്.
അജീഷ് മുമ്പും പലതവണ ഓവര്‍ബ്രിഡ്ജിലെ ഹോട്ടലില്‍ വന്ന് താമസിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭാര്യയുമായും തമ്പാനൂരിലെ സിറ്റി ടവര്‍ ഹോട്ടലില്‍ താമസിച്ചിരുന്നു.
ഭാര്യയുമായി വന്നപ്പോള്‍ അസഭ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, ഇതിനപ്പുറം അയ്യപ്പനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. അപ്രതീക്ഷിതമായ തര്‍ക്കമല്ല, അയ്യപ്പനും അജീഷുമായി മുമ്പും പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
അടുത്ത ദിവസങ്ങളില്‍ വിശദമായി അജീഷിനെ ചോദ്യം ചെയ്താലെ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുവെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഒന്നുപറഞ്ഞ് രണ്ടിന് കൊല, നടുക്കം മാറാതെ തിരുവനന്തപുരം
തിരുവനന്തപുരം: തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ സംഭവങ്ങള്‍പോലും അടുത്ത കാലത്ത് ചെന്നെത്തുന്നത് കൊലപാതകങ്ങളിലേക്കാണ്. അല്ലെങ്കില്‍ അതിക്രൂരമായ ആക്രമണങ്ങളിലേക്ക്. കഴിഞ്ഞ ആറുമാസത്തെ കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും കണക്കെടുത്താല്‍ ഇതാണ് വ്യക്തമാകുന്നത്. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്.
പോത്തന്‍കോട്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുധീഷിനെ പിന്നാലെയെത്തി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കാല് വെട്ടിയെടുത്താണ് പ്രതികള്‍ മടങ്ങിയത്.
ചാക്കയില്‍ യൂബര്‍ ടാക്സി ഡ്രൈവറായ സമ്പത്തിനെ കൊലപ്പെടുത്തിയത് ലഹരി വില്‍പ്പന സംബന്ധിച്ച തര്‍ക്കമായിരുന്നു. ഇവിടെയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സമ്പത്തിനെ കുത്തിവീഴ്ത്തി തുടര്‍ച്ചയായി ആക്രമിക്കുകയായിരുന്നു. അറുപതോളം മുറിവുകളാണ് സമ്പത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്.
സമാനമാണ് കരമന സതീഷ് കൊലപാതകവും. ചെറിയ ഒരു കൈയാങ്കളിയുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ സതീഷിനെ പ്രതികള്‍ നെഞ്ചില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഈ മൂന്ന് സംഭവങ്ങളിലെയും പ്രതികള്‍ മുമ്പ് നിരവധി കേസുകളില്‍ പ്രതികളായ ക്രിമിനലുകളായിരുന്നു. ഇതേ രീതിയാണ് വെള്ളിയാഴ്ച തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജില്‍ നടന്ന കൊലപാതകത്തിലും കാണാവുന്നത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയത്. താമസിക്കാന്‍ മുറി നല്‍കിയില്ല എന്ന നിസാരകാര്യമാണ് ഇതിന് പ്രതി പറയുന്നത്.
പേട്ട, അമ്പലംമുക്ക് എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങളില്‍ ലഹരിയുടെ സാന്നിധ്യം ഇല്ലെങ്കിലും നിസാര സംഭവങ്ങളാണ് കാരണം. പേട്ട കൊലപാതകത്തില്‍ മകളുമായുള്ള യുവാവിന്റെ സൗഹൃദം ഇഷ്ടപ്പെടാത്ത അച്ഛനാണ് പ്രതി. മകളുടെ സുഹൃത്തായ യുവാവിനെയാണ് കൊലപ്പെടുത്തിയത്.
അമ്പലംമുക്ക് കൊലപാതകത്തിലെ പ്രതി രാജേന്ദ്രന് കൊടുംകുറ്റവാളിയാണ്. മൂന്ന് കൊലപാതകങ്ങള്‍ ഇതിനു മുമ്പ് ഇയാള്‍ നടത്തിയിരുന്നു. മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ച നെടുമങ്ങാട് സ്വദേശിയായ വിനീതയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസുകളിലെല്ലാം കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസും െഫാറന്‍സിക് വിഭാഗവും ചൂണ്ടിക്കാട്ടുന്നു.
പിടിയിലായ പ്രതികള്‍ തിരിച്ചിറങ്ങി വീണ്ടും ലഹരിക്കച്ചവടത്തിലേക്കും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലേക്കും തന്നെ തിരിയുകയാണ് പതിവ്. ഇവരെ പേടിച്ച് സാധാരണക്കാര്‍ പോലീസില്‍ പരാതി നല്‍കാന്‍പോലും മടിക്കുന്നു.
Content Highlights: hotel receptionist murder in trivandrum city
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..