ഷിബിലിയെയും ഫർഹാനയെയും തിരൂർ ഡിവൈ.എസ്.പി. ഓഫീസിലെത്തിച്ചപ്പോൾ(ഇടത്ത്) ചിരട്ടാമലയിൽനടന്ന തെളിവെടുപ്പിൽ ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലം ഫർഹാന പോലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുക്കുന്നു(വലത്ത്) | ഫയൽചിത്രം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവായത് ഫര്‍ഹാനയുടെ ഫോണ്‍കോള്‍. കൃത്യം നടത്തിയ ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെടുമ്പോള്‍ പ്രതികളായ ഷിബിലിയും ഫര്‍ഹാനയും തങ്ങളുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ ഫര്‍ഹാന മറ്റൊരാളുടെ മൊബൈല്‍ഫോണില്‍നിന്ന് ഒറ്റപ്പാലത്തെ അടുത്തബന്ധുവിനെ വിളിച്ചു. ഈ ഫോണ്‍കോള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് ഷിബിലിയും ഫര്‍ഹാനയും പിടിയിലായത്.
അതേസമയം, സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫര്‍ഹാനയെ വീട്ടില്‍കൊണ്ടുവിട്ട ശേഷം സിദ്ദിഖിന്റെ കാര്‍ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു. പിന്നീട് കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചശേഷം 24-ന് പുലര്‍ച്ചെയാണ് ഷിബിലി ഫര്‍ഹാനയെയും കൂട്ടി ചെന്നൈയിലേക്ക് കടന്നത്.
സിദ്ദിഖ് കൊലക്കേസില്‍ ചൊവ്വാഴ്ചയും പ്രതികളുമായി തെളിവെടുപ്പ് തുടരും. സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലെത്തിച്ചാണ് ചൊവ്വാഴ്ച പ്രതികളുമായി തെളിവെടുപ്പ് നടത്തുക. സിദ്ദിഖിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ട്രോളി ബാഗുകള്‍ അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്നാണ് കൊക്കയിലേക്ക് തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ ആഷിഖിന്റെ പദ്ധതിയനുസരിച്ചാണ് ട്രോളി ബാഗുകള്‍ ഇവിടെ ഉപേക്ഷിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും പോലീസ് കണ്ടെടുത്തിരുന്നു. പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍നിന്നാണ് ചുറ്റിക, ഇലക്ട്രിക് കട്ടര്‍, ബ്ലേഡ്, രക്തം തുടച്ചുവൃത്തിയാക്കിയ തുണി, മറ്റുവസ്ത്രങ്ങള്‍, ചെരുപ്പ്,തലയണ ഉറ, കിടക്കവിരി, എ.ടി.എം. കാര്‍ഡുകള്‍ തുടങ്ങിയവ കണ്ടെടുത്തത്.
Content Highlights: hotel owner siddique murder case and honey trap how police detained the accused farhana and shibili
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..