കൊല്ലപ്പെട്ട സിദ്ദിഖ്, പിടിയിലായ ഷിബിലിയും ഫർഹാനയും
മലപ്പുറം: തിരൂര്‍ ഏഴൂര്‍ മേച്ചേരിവീട്ടില്‍ സിദ്ദിഖ് കോഴിക്കോട്ട് ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട മേയ് 18-നുതന്നെ ഇദ്ദേഹത്തിന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് മുഖ്യപ്രതി ഷിബിലി കോഴിക്കോട് ടൗണിലെ എ.ടി.എമ്മില്‍നിന്ന് 20,000 രൂപ പിന്‍വലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഈ പണം ഉപയോഗിച്ചാണ് മൃതദേഹം പുറത്തേക്കുകടത്താനുള്ള ട്രോളിബാഗുകള്‍ ഇയാള്‍ വാങ്ങിയതെന്നു കരുതുന്നു. പണം പിന്‍വലിച്ച ടൗണിലെ എ.ടി.എമ്മില്‍ ബുധനാഴ്ച ഷിബിലിയുമായി പോലീസ് തെളിവെടുത്തു. ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. കോഴിക്കോട്ട് 'ഡി കാസ ഇന്‍' ഹോട്ടലിന്റെ ജി3, ജി4 മുറികളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. കൊല നടന്നത് ജി4-ല്‍ ആയിരുന്നു. മൃതദേഹം അവിടെയിട്ടശേഷം പ്രതികള്‍ രാത്രി തങ്ങിയത് ജി3 മുറിയിലാണ്.
19-ന് ജി4 മുറിയിലെ ശൗചാലയത്തിലേക്കു മാറ്റിയ മൃതദേഹം അവിടെവെച്ചാണ് കട്ടര്‍ ഉപയോഗിച്ച് രണ്ടാക്കി മുറിച്ച് ബാഗുകളിലാക്കി പുറത്തേക്കുകൊണ്ടുപോയത്. മൃതദേഹത്തിലെ മുണ്ട് മാത്രമേ നീക്കംചെയ്തിരുന്നുള്ളൂ. മറ്റു വസ്ത്രങ്ങള്‍ ദേഹത്തുതന്നെയുണ്ടായിരുന്നു. ഷിബിലി നേരത്തേ പെരിന്തല്‍മണ്ണ മേഖലയിലെ ഒരു വ്യവസായ യൂണിറ്റില്‍ വെല്‍ഡിങ്‌ജോലി ചെയ്തിരുന്നു. ഈ പരിചയംകൊണ്ടാണ് ഇലക്ട്രിക് കട്ടര്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിഞ്ഞത്. ഹോട്ടല്‍മുറികള്‍ 25-ന് സീല്‍ചെയ്ത പോലീസ് രക്തസാമ്പിളും മറ്റും ശേഖരിച്ചിട്ടുണ്ട്. അട്ടപ്പാടി ചുരത്തില്‍നിന്നു കണ്ടെടുത്ത മൃതദേഹത്തിന്റെയും ഈ രക്തക്കറയുടെയും ഡി.എന്‍.എ. പരിശോധന നടത്തിയേക്കുമെന്ന് പോലീസ് സൂചിപ്പിച്ചു.
സിദ്ദിഖ് കോഴിക്കോട് കുന്നത്തുപാലത്ത് നടത്തിയിരുന്ന ഹോട്ടലിന് ഉപയോഗിച്ചിരുന്നത് മകന്‍ ഷഹദ് സാഹിബിന്റെ പേരിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടായിരുന്നു. 18-ന് വീട്ടില്‍നിന്നുപോയ സിദ്ദിഖിനെക്കുറിച്ച് വിവരം കിട്ടാതിരുന്ന വീട്ടുകാര്‍ ഇദ്ദേഹം ഈ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നുണ്ടോ എന്നറിയാന്‍ 22-ന് ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തു. തലേന്നും പണമെടുത്തിട്ടുണ്ടെന്നും 500 രൂപ മാത്രമേ അക്കൗണ്ടില്‍ ശേഷിക്കുന്നുള്ളൂവെന്നും അതില്‍നിന്നു വ്യക്തമായി. ഇത്രയും കുറച്ച് പണം അക്കൗണ്ടില്‍ സൂക്ഷിക്കുന്ന ആളല്ല സിദ്ദിഖ് എന്ന് അറിയാവുന്ന വീട്ടുകാര്‍ക്ക് അതോടെ ആശങ്കയേറി.
അതിനിടെ, സിദ്ദിഖിനെ ഫോണില്‍ വിളിച്ചുകിട്ടുന്നില്ലെന്ന കാര്യം വീട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. കൊല്ലത്തുനിന്ന് ഷിബിലിയുടെ സുഹൃത്ത് റാഷിദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകം നടന്നതായി പോലീസ് ഉറപ്പിച്ചു. റാഷിദിനോട് ഷിബിലി സംഭവം പറഞ്ഞിരുന്നു.
തെളിവുകള്‍ മിക്കവാറും ശേഖരിച്ചുകഴിഞ്ഞ പോലീസ് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്. കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ക്ക് ജാമ്യം ദുഷ്‌കരമാകും.
പ്രതികളെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു
കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടല്‍ വ്യവസായി, തിരൂര്‍ ഏഴൂര്‍ മേച്ചേരിവീട്ടില്‍ സിദ്ദിഖ് കൊല്ലപ്പെട്ട എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ പ്രതികളെയെത്തിച്ച് പോലീസ് തെളിവെടുത്തു. 'ഡി കാസ ഇന്‍' ഹോട്ടലിലാണ് കേസിലെ പ്രതികളായ പാലക്കാട് വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി, ഒറ്റപ്പാലം ചളവറ കൊട്ടോടി ഖദീജത്ത് ഫര്‍ഹാന എന്നിവരെയെത്തിച്ച് തെളിവെടുത്തത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ കഴിഞ്ഞദിവസം നഗരസഭ പൂട്ടിച്ചിരുന്നു.
9.50-ഓടെ പ്രതികളുമായി ഹോട്ടലിലെത്തിയ തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒന്നര മണിക്കൂറെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഷിബിലിയെയാണ് കൊലപാതകംനടന്ന ജി4 മുറിയിലേക്ക് ആദ്യം കൊണ്ടുപോയത്. ഇരുപതു മിനിറ്റിനുശേഷം ഫര്‍ഹാനയെയും മുറിയിലെത്തിച്ചു. ഇരുവരെയും വെവ്വേറെയും ഒന്നിച്ചുനിര്‍ത്തിയും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
സിദ്ദിഖിനെ കൊലപ്പെടുത്തിയ രീതിയും മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയതും ട്രോളിബാഗില്‍ കയറ്റിയതുമെല്ലാം ഇരുവരും പോലീസിന് വിവരിച്ചുനല്‍കി. ഷിബിലിയാണ് കാര്യങ്ങളെല്ലാം ചെയ്തതെന്ന മൊഴി ഫര്‍ഹാന ആവര്‍ത്തിച്ചുവെന്നാണ് വിവരം. സിദ്ദിഖ് മരിച്ചുവെന്ന് ഉറപ്പായശേഷം മൃതദേഹം പായ്ക്‌ചെയ്യാന്‍ മിഠായിത്തെരുവിലെ കടയില്‍ നിന്നാണ് ട്രോളിബാഗ് വാങ്ങിയത്. ഇവിടെയും പോലീസ് ഷിബിലിയെ എത്തിച്ച് തെളിവെടുത്തു.
മൃതദേഹം ഒരു ബാഗില്‍ കയറില്ലെന്ന് മനസ്സിലായതോടെയാണ് ഇലക്ട്രിക് കട്ടര്‍ വാങ്ങിയത്. നേരത്തേ വെല്‍ഡിങ് ജോലി ചെയ്ത പരിചയത്തിലാണ് ഷിബിലി ഇലക്ട്രിക് കട്ടര്‍ വാങ്ങിയത്. ഇതു വാങ്ങിയ കല്ലായി റോഡിലെ കടയിലും പോലീസെത്തി തെളിവെടുത്തു. വലിയ ജനക്കൂട്ടം എരഞ്ഞിപ്പാലത്തും മിഠായിത്തെരുവിലുമെല്ലാം പ്രതികളെ കാണാനെത്തിയിരുന്നു. എരഞ്ഞിപ്പാലത്ത് തെളിവെടുപ്പ് കഴിഞ്ഞ് പുറത്തിറക്കിയപ്പോള്‍ തടിച്ചുകൂടിയവരില്‍ ചിലര്‍ പ്രതികള്‍ക്കുനേരെ കയര്‍ത്തു.
Content Highlights: hotel owner murder case, evidence collection


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..