ഗുണ്ടാസംഘം അടിച്ചുതകർത്ത ഹോട്ടൽ
കൊച്ചി: ഭക്ഷണം വാങ്ങിയതിന് പണം ചോദിച്ചതിന്റെ പേരില്‍ ആലുവയിലെ ഹോട്ടല്‍ ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. ദേശീയപാതയ്ക്ക് സമീപം ആലുവ പുളിഞ്ചോടുള്ള ടര്‍ക്കിഷ് മന്തി ഹോട്ടലാണ് ബുധനാഴ്ച അര്‍ധരാത്രി ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ കടയുടമകളില്‍ ഒരാളായ ദിലീപിന് പരിക്കേറ്റു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സംഘം പാഴ്സല്‍ വാങ്ങി പണം തരാതെ കാര്‍ ഓടിച്ചുപോയിരുന്നെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. കാര്‍ പുറത്തു നിര്‍ത്തിയാണ് അന്ന് പാഴ്സല്‍ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ കൊടുത്തതോടെ അവര്‍ പണം കൊടുക്കാതെ വാഹനമോടിച്ച് പോവുകയായിരുന്നു.
ഇന്നലെ വീണ്ടും ഇതേസംഘമെത്തി പാഴ്സല്‍ ചോദിച്ചു. ഇതോടെ പണം കൗണ്ടറില്വന്ന് നല്കാന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘം ഹോട്ടലിനകത്തുവന്ന് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ബില്ലടച്ചു. പിന്നീട് ഫോണ്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞ് ചാര്‍ജര്‍ ആവശ്യപ്പെട്ടു. ചാര്‍ജര്‍ കൊണ്ടുപോവുകയാണെന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്ന് ദിലീപ് പറഞ്ഞു. ഇതോടെ 'നിന്നെയൊക്കെ കാണിച്ചുതരാം' എന്ന് ഭീഷണിപ്പെടുത്തി അവര്‍ പോയി. എന്നാല്‍, കുറച്ചു സമയത്തിനുശേഷം മുഖം മൂടി ധരിച്ചെത്തി ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയായിരുന്നെന്ന് ഹോട്ടലുടമ നജീബ് പറഞ്ഞു.

ആക്രമണത്തില്‍ കടയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആക്രമികളില്‍ ഒരാളെ പരിക്കേറ്റ ദിലീപ് തിരിച്ചറിഞ്ഞിട്ടുണ്ട്. എടത്തല സ്വദേശിയായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..