സുഗന്ധി
ഗുരുവായൂര്‍: നാല് ദിവസംമുമ്പ് ജോലിക്കെത്തിയ വീട്ടില്‍നിന്ന് മൂന്നര പവന് മാല കവര്‍ന്നതിന് ഹോം നഴ്സ് അറസ്റ്റില്‍. പുറത്തുനിന്ന് വന്നവര്‍ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞാണ് മാല കവര്‍ന്നതെന്ന് കള്ളക്കഥ ഉണ്ടാക്കിയെങ്കിലും പോലീസിന്റെ ചോദ്യംചെയ്യലില്‍ പിടിയിലാകുകയായിരുന്നു. വീടിന്റെ പരിസരത്ത് മാല കുഴിച്ചിട്ടതായി കണ്ടെത്തുകയും ചെയ്തു.
തമിഴ്നാട് ഗൂഡല്ലൂര്‍ ചെമ്പാല എം.ജി.ആര്. നഗറില്‍ സുഗന്ധിയാണ് (33) അറസ്റ്റിലായത്. താമരയൂര്‍ വരലക്ഷ്മിയില്‍ ശാന്തയുടെ മാലയാണ് മോഷ്ടിച്ചത്. മുറിയില്‍ തലയിണയ്ക്കടിയിലായിരുന്നു മാല വെച്ചിരുന്നത്. പുറത്തുനിന്നുവന്ന കള്ളന് പുതപ്പില്‍ മുളകുപൊടി ചേര്‍ത്ത് ഹോം നഴ്സിന്റെ മുഖത്തേക്ക് എറിഞ്ഞശേഷം മാല കവരുകയായിരുന്നുവെന്ന് ശാന്ത പോലീസില്‍ പരാതി നല്‍കിയിരുന്നു.
പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോഴാണ് ഹോംനഴ്സിനെ ചോദ്യം ചെയ്തത്. അതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു.
വീടിനുപിന്നിലെ മുളകുചെടിയുടെ ചട്ടിയില്‍ മാല കുഴിച്ചിട്ടിരിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ ഹോംനഴ്സ് തന്നെ ചട്ടിയിലെ മണ്ണുമാന്തി മാല പുറത്തെടുക്കുകയായിരുന്നു.
ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നിര്‍ദേശപ്രകാരം എസ്.ഐ. സുബ്രഹ്മണ്യന്, എ.എസ്.ഐ. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..