ഹാഥ്‌റസിലെ ഗ്രാമത്തിൽ കാവൽനിൽക്കുന്ന പോലീസ്(ഇടത്ത്) കേസിലെ പ്രതികൾ(വലത്ത്) | ഫയൽചിത്രം | AFP&PTI
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് കോടതി. കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. ഉത്തര്‍പ്രദേശിലെ എസ്.സി/എസ്.ടി. പ്രത്യേക കോടതിയാണ് വ്യാഴാഴ്ച കേസില്‍ വിധി പറഞ്ഞത്.
2020-ലെ ഹാഥ്‌റസ് കേസില്‍ മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. കേസിലെ മറ്റുപ്രതികളായ രവി, ലവ്കുഷ, രാമു എന്നിവരാണ് കുറ്റവിമുക്തരായവര്‍. രാമു സന്ദീപിന്റെ ബന്ധുവും മറ്റുള്ളവര്‍ സന്ദീപിന്റെ സുഹൃത്തുക്കളുമാണ്.
അതേസമയം, കോടതി വിധിയില്‍ തൃപ്തരല്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം പ്രതികരിച്ചു.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗം നടന്നത്. 19-കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരിച്ചത്.
പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ വന്‍പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. അര്‍ധരാത്രി ജില്ലാ ഭരണകൂടം പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ നടത്തിയതും കുടുംബത്തെ വീട്ടില്‍ ബന്ദിയാക്കിയതും വന്‍വിവാദമായി. സംഭവത്തില്‍ യു.പി.യിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു.
Content Highlights: hathras gang rape murder case verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..