Screengrab: Mathrubhumi News
കൊച്ചി: അര്‍ഥം ഒന്നും അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുദ്രാവാക്യം മുഴക്കിയ പത്തുവയസ്സുകാരന്റെ പ്രതികരണം. നേരത്തെ എന്‍.ആര്.സി.യുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്ക് പോയപ്പോളാണ് മുദ്രാവാക്യം കേട്ടതെന്നും ഇത് മനഃപാഠമാക്കുകയാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു.
'ഫസ്റ്റ് ഞാന്‍ വിളിച്ചത് ആസാദി എന്ന വേറൊരു മുദ്രാവാക്യമായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഇത് ഓര്മ വന്നു. അപ്പോഴാണ് ഇത് വിളിച്ചത്. അപ്പോ കുറേപേര്‍ എന്നെ തോളിലിരുത്തി. ആരും വിളിക്കാന്‍ പറഞ്ഞതല്ല. ഞാന്‍ സ്വയം വിളിച്ചതാണ്. മുദ്രാവാക്യം ആരും തന്നതല്ല. എന്‍ആര്‍സിയുടെ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുറേ ഇക്കാക്കമാര് വിളിക്കുന്നത് കേട്ടു, അങ്ങനെ മനഃപാഠമാക്കിയതാണ്. മുദ്രാവാക്യത്തിന്റെ അര്‍ഥം ഒന്നും അറിയില്ല. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശ്യക്കുന്നതെന്നും അറിയില്ല.'- കുട്ടി പറഞ്ഞു.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐ.പി.സി. 153 എയ്്ക്ക് പുറമേ, ബാലനീതി നിയമപ്രകാരവും പിതാവിനെതിരേ കേസെടുത്തേക്കുമെന്നാണ് വിവരം. കൊച്ചിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പിതാവിനെ ആലപ്പുഴ സൗത്ത് പോലീസിന് കൈമാറും. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാനും കൗണ്‍സിലിങ്ങിന് വിധേയമാക്കാനുമാണ് പോലീസിന്റെ നീക്കം.
അതിനിടെ, കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയുടെ വീടിന് മുന്‍പിലാണ് ഒരുകൂട്ടം പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..