കാറിന്റെ ഡിക്കിയിൽനിന്ന് കണ്ടെടുത്ത ഹാഷിഷ് ഓയിൽ. ഇൻസെറ്റിൽ അറസ്റ്റിലായ ലിഷൻ, അനൂപ്, നാസിം
ചാലക്കുടി: ആഡംബരക്കാറുകളില്‍ കടത്തിയ 12 കിലോഗ്രാം ഹാഷിഷ് ഓയില്‍ ദേശീയപാതയില്‍ മുരിങ്ങൂരില്‍ പോലീസ് പിടികൂടി. കാറുകളിലുണ്ടായിരുന്ന തൃശ്ശൂര്‍ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററില്‍ കണ്ണാറ വീട്ടില്‍ ലിഷന്‍ (35), പാവറട്ടി പെരുവല്ലൂര്‍ അയിനിപ്പിള്ളി അനൂപ് (32), പത്തനംതിട്ട കോന്നി കുമ്മണ്ണൂര്‍ തൈക്കാവില്‍ നാസിം (32) എന്നിവരെ അറസ്റ്റു ചെയ്തു. ചില്ലറവില്‍പ്പന നടത്തുമ്പോള്‍ 25 കോടിയോളം രൂപ ഇതിന് വില വരുമെന്ന് പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചു.
രണ്ട് കാറുകളിലായിട്ടാണ് ആന്ധ്രയിലെ പാഡേരുവില്നിന്ന് എറണാകുളത്തേക്ക് ഹാഷിഷ് ഓയില്‍ കൊണ്ടുപോയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച രാവിലെ ഏഴിനാണ് ഇത് പിടികൂടിയത്.
ഡിക്കിക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകളിലും ബാഗിലുമായി അലക്ഷ്യമായ രീതിയില്‍ 11 പോളിത്തീന്‍ കവറുകളിലായാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെയും ഒഡിഷയിലെയും കഞ്ചാവ് ഉപയോഗിച്ച് നിര്‍മിക്കുന്ന മേല്‍ത്തരം ഓയിലാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ആന്ധ്രയില്‍നിന്ന് വിനോദയാത്രയ്ക്ക് എന്ന രീതിയിലായിരുന്നു സംഘത്തിന്റെ വരവ്. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും ആവശ്യക്കാര്‍ക്ക് വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് പോലീസിനോട് പ്രതികള്‍ പറഞ്ഞു. പിടിയിലായ ലിഷന്‍ പീഡനകേസിലടക്കം പല കേസുകളിലെയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഡിവൈ.എസ്.പി. സി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍. രാജുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അറസ്റ്റ്.
കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണ്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സി.എം. സുരേഷ് ബാബു, വി.യു. സില്‍ജോ, എ.യു. റെജി, എ.ജെ. ബിനു, ഷിജോ തോമസ്, എസ്.ഐ.മാരായ ഷാജു എടത്താടന്‍, സജി വര്‍ഗ്ഗീസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ജീഷ്, മനുകൃഷ്ണന്, സനൂപ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Content Highlights: hashish oil seized in thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..