പൂവരണി ജോയിയെ പിന്നിലിരുത്തി മറ്റൊരു പ്രതിയായ രമേശ് ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം(ഇടത്ത്) അറസ്റ്റിലായ പൂവരണി ജോലി, സെബാസ്റ്റിയൻ, രമേശ്, വിഷ്ണു, ഗിരീഷ് എന്നിവർ.
ഹരിപ്പാട്: ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രം, ഏവൂര്‍ കണ്ണമ്പള്ളില്‍ ദേവീക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചംഗസംഘം കൂടുതല്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി സൂചന. ഹരിപ്പാട് പള്ളിപ്പാട് അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുപുറമെ ചവറ തെക്കുംഭാഗം, അരൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ക്ഷേത്ര കവര്‍ച്ചകള്‍ നടത്തിയത് ഇതേ പ്രതികളാണെന്നാണ് കേസന്വേഷിക്കുന്ന കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിലെ പോലീസ് സംഘം സൂചിപ്പിക്കുന്നത്.
തൃശ്ശൂര്‍ മുതല്‍ കൊല്ലംവരെയുള്ള ജില്ലകളില്‍ നിരവധി ക്ഷേത്രങ്ങളില്‍ ഇവര്‍ മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പ്രതികള്‍ നല്കിയ മൊഴികള്‍ വിശദമായി പരിശോധിക്കുകയാണെന്ന് പോലീസ് പറയുന്നു.
Also Read
അറസ്റ്റിലായ കോട്ടയം പൂവരണി കൊട്ടയ്ക്കാട്ടുവീട്ടില് ജോയി ജോസഫ് (പൂവരണി ജോയി -54), ആലപ്പുഴ കലവൂര്‍ പള്ളിപ്പറമ്പില്‍ സെബാസ്റ്റ്യന്‍ (32), അടിമാലി മാന്നാംക്കണ്ടം മംഗലത്ത് രമേശ് (27), അടിമാലി മാന്നാംക്കണ്ടം നന്ദനം വിഷ്ണു (30), പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം നെല്ലിക്കുന്നേല്‍ ഗിരീഷ് (51) എന്നിവരെ ഹരിപ്പാട് കോടതി റിമാന്‍ഡുചെയ്തു. പ്രതികളെ കസ്റ്റഡിയില്‍വാങ്ങി വിശദമായ തെളിവെടുപ്പു നടത്തുമെന്ന് കരീലക്കുളങ്ങര പോലീസ് പറഞ്ഞു.
അരൂര്ഭാഗത്തെ ഒരുക്ഷേത്രത്തില്‍ തിരുവാഭരണം സൂക്ഷിച്ചിരുന്ന ലോക്കര്‍ പൊളിക്കാന്‍ ഈ സംഘം ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ രമേശ്, വിഷ്ണു എന്നിവര്‍ വിദഗ്ധരായ വെല്‍ഡിങ് തൊഴിലാളികളാണ്. ലോക്കര്‍ പൊളിക്കാനുള്ള ശ്രമത്തിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായതോടെ ഇവരില്‍ ഒരാള്‍ പിന്വാങ്ങിയതിനാലാണു മോഷണശ്രമം ഉപേക്ഷിച്ചതെന്ന രീതിയിലെ മൊഴിയാണു പ്രതികള്‍ നല്‍കിയതെന്ന് അറിയുന്നു.
രണ്ടാംപ്രതി ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ആലപ്പുഴഭാഗത്തെ സഹകരണ ബാങ്കില്‍ കവര്‍ച്ച ലക്ഷ്യമിട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഇയാളുടെ പിക്കപ്പ് വാനില്‍ ഗ്യാസ് സിലിന്‍ഡറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്നതായാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഈ വാഹനം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.
മുഖ്യപ്രതി പിടിയിലായതറിയാതെ മോഷണത്തിന് വട്ടംകൂട്ടിയ കൂട്ടുപ്രതി കുടുങ്ങി
നൂറോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുള്ള കോട്ടയം സ്വദേശി പൂവരണി ജോയിയാണ് സംഘത്തലവന്. അഞ്ചുവര്‍ഷമായി ആലപ്പുഴയില്‍ താമസിക്കുന്ന ഇയാളാണ് കായംകുളം മേഖലയിലെ ക്ഷേത്ര കവര്‍ച്ചകള്‍ക്കു പിന്നിലെന്നു തിരിച്ചറിഞ്ഞ പോലീസ് സംഘം ഇയാളെ അതീവ രഹസ്യമായാണ് കസ്റ്റഡിയിലെടുത്തത്. അടിമാലി സ്വദേശി കൂട്ടുപ്രതി രമേശ് (27) ഇതറിയാതെ ആലപ്പുഴയിലെത്തി. ജോയിയെ സ്ഥിരം താവളങ്ങളില്‍ അന്വേഷിച്ചിട്ട് കണ്ടില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചു. ഈസമയം ജോയി പോലീസ് കസറ്റഡിയിലായിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരം താന്‍ സ്ഥലത്തില്ലെന്നും രണ്ടുദിവസത്തിനുശേഷം മോഷണത്തിനിറങ്ങാമെന്നും ജോയി പറഞ്ഞു.
രമേശ് നാട്ടിലേക്കുമടങ്ങി. ഈസമയം കായംകുളം ഡിവൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘം ഇടുക്കി അടിമാലിക്കടുത്തുള്ള രമേശിന്റെ വീടിനു സമീപം കാത്തുനില്ക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ജോയിയെ രമേശ് ഫോണില്‍ വിളിച്ചതാണ് ഇയാളെ കുടുക്കാനുള്ള പോലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
പോലീസുകാര്‍ 'സിനിമാക്കാരായി'; കൂര്‍ക്കംവലി 'തുമ്പായി'
ക്ഷേത്ര കവര്‍ച്ചാ കേസില്‍ പോലീസിന്റെ പിടിയിലായ രമേശ്, വിഷ്ണു എന്നിവര്‍ അടിമാലിയില്‍നിന്ന് ഇരുപതോളം കിലോമീറ്റര്‍ അകലെയുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളിലെ താമസക്കാരാണ്. ഇവരെ നാട്ടിലെത്തി പിടികൂടുന്നതു ബുദ്ധിമുട്ടാണെന്ന് പോലീസ് സംഘം തിരിച്ചറിഞ്ഞിരുന്നു. ഇതോടെ പോലീസ് സംഘം തങ്ങള്‍ സിനിമാക്കാരാണെന്ന് നാട്ടുകാരെ ധരിപ്പിച്ചു. ഉടനെ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ലൊക്കേഷന്‍ നോക്കാന്‍ വന്നതാണെന്നു പറഞ്ഞത് ചിലര്‍ വിശ്വസിക്കുകയും ചെയ്തു.
സംഘത്തലവന് ജോയിയെ കാണാന്‍ ആലപ്പുഴയില്‍ പോയിട്ട് മടങ്ങിയ രമേശ് വീട്ടിലെത്തിയത് ഉറപ്പിക്കാന്‍ പോലീസ് സംഘം ഏറെ ബുദ്ധിമുട്ടി. രാത്രിമുഴുവന്‍ സമീപപ്രദേശങ്ങളില്‍ കാത്തിരുന്ന പോലീസ് സംഘത്തിനു രാവിലെ 11 മണിയായിട്ടും കൃത്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഈ സമയത്താണു പ്രദേശത്തെ വനപാലകസംഘം സ്ഥലത്തെത്തിയത്. വിവരമറിഞ്ഞപ്പോള്‍ അവരും അന്വേഷണസംഘത്തിനൊപ്പം കൂടി. വനപാലകര്‍ പതിവായി പരിശോധന നടത്തുന്ന സ്ഥലമാണ്. അവര്‍ രമേശിന്റെ വീടിനുസമീപത്തെത്തുമ്പോള് അകത്തുനിന്ന് കൂര്‍ക്കംവലി കേട്ടു. പ്രതിയാണ് അകത്തുള്ളതെന്ന് ഉറപ്പിച്ച പോലീസ് സംഘം വീടു വളഞ്ഞു. പ്രതീക്ഷിച്ചതുപോലെ അകത്തുണ്ടായിരുന്നത് രമേശ് തന്നെയായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നാട്ടുകാരനായ വിഷ്ണുവിനെ പിടിക്കുന്നത്.
തൊണ്ടിമുതല്‍ ഉരുക്കിവിറ്റത് ഗിരീഷ്
ക്ഷേത്ര കവര്‍ച്ചക്കാര്‍ ഇത്രയുംനാള്‍ പോലീസിന്റെ വലയില്‍ വീഴാതിരുന്നത് അഞ്ചാംപ്രതി പത്തനംതിട്ട സ്വദേശി ഗിരീഷിന്റെ ഇടപെടല്‍ നിമിത്തമായിരുന്നെന്ന് പോലീസ് പറഞ്ഞു. സാധാരണ മോഷ്ടാക്കള്‍ സ്വര്‍ണം വില്ക്കുമ്പോഴാണു പിടിയിലാകുന്നത്. പലപ്പോഴും കടക്കാര്‍തന്നെ പോലീസില്‍ വിവരം നല്‍കും. എന്നാല്‍, സ്വര്‍ണപ്പണിക്കാരനായ ഗിരീഷ് സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിവിറ്റതോടെ ഈ വഴിയുള്ള അന്വേഷണം നടന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..