അറസ്റ്റിലായ ജോൺ കിലാച്ചി ഒഫറ്റോ, വടിവേൽ, മഹേഷ്കുമാർ
ഹരിപ്പാട്: ഡാണാപ്പടിയിലെ റിസോര്‍ട്ടില്‍നിന്ന് 52 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നൈജീരിയന്‍ പൗരന് ഉള്‍പ്പെടെ മൂന്നുപേര്‍കൂടി പിടിയില്‍. ബെംഗളൂരു കേന്ദ്രീകരിച്ച് എം.ഡി.എം.എ.യുടെ മൊത്തക്കച്ചവടം നടത്തിവന്ന നൈജീരിയന്‍ സ്വദേശി ജോണ്‍ കിലാച്ചി ഒഫറ്റോ (ജി. മണി-26), തിരുപ്പൂര്‍ സ്വദേശികളായ വടിവേല്‍ (43), മഹേഷ്കുമാര്‍ (27) എന്നിവരെയാണു പിടികൂടിയത്. പ്രതികളെ ഹരിപ്പാട് കോടതി റിമാന്‍ഡുചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണു ഡാണാപ്പടിയിലെ റിസോര്‍ട്ടില്‍നിന്ന് എം.ഡി.എം.എ.യുമായി ഏഴുപേരെ അറസ്റ്റുചെയ്തത്. ബെംഗളൂരുവില്‍നിന്നെത്തിച്ച എം.ഡി.എം.എ. ചില്ലറവില്‍പ്പനയ്ക്കായി വീതംവെക്കുന്നതിനിടെയാണു പോലീസ് സ്ഥലത്തെത്തുന്നത്. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തേജസ് വീട്ടില്‍ സജിന്‍ എബ്രഹാം (25) ആണ് കേസിലെ ഒന്നാംപ്രതി.
റിസോര്‍ട്ടില്‍നിന്നു പിടിയിലായ ഇയാളുടെയും ബന്ധുവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ജോണ്‍ കിലാച്ചി, വടിവേല്‍, മഹേഷ്കുമാര്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി പോലീസ് കണ്ടെത്തിയിരുന്നു. രണ്ടുലക്ഷം രൂപയോളം പലപ്പോഴായി കൈമാറിയിട്ടുണ്ട്. എം.ഡി.എം.എ.യ്ക്കുള്ള പണമാണിതെന്നു കണ്ടെത്തിയതോടെയാണ് ഇവരുടെ പങ്കാളിത്തം പോലീസ് തിരിച്ചറിയുന്നത്.
മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട് ജോണ്‍ കിലാച്ചി മുമ്പും അറസ്റ്റിലായിട്ടുണ്ട്. 45 ദിവസം റിമാന്‍ഡിലായിരുന്ന ഇയാള്‍ തുടര്‍ന്ന് ഒരു വര്‍ഷം കരുതല്‍ തടങ്കലിലും കഴിഞ്ഞു. ഇതിനുശേഷം തിരുപ്പൂര്‍ വിട്ടുപോകരുതെന്ന ഉപാധിയോടെ ജാമ്യത്തിലിറങ്ങിയശേഷമാണു വീണ്ടും മയക്കുമരുന്നു വില്‍പ്പനയില്‍ പങ്കാളിയാകുന്നത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം ഹരിപ്പാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശ്യാംകുമാറിന്റെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.ഹരിപ്പാട് എസ്.ഐ. സവ്യ സാച്ചി, സീനിയര്‍ സി.പി.ഒ. അജയകുമാര്‍, സി.പി.ഒ. നിഷാദ്, സി.പി.ഒ. അഖില്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
18 പ്രതികള്‍; അഞ്ചുപേര്‍ ഇപ്പോഴും ഒളിവില്‍
എം.ഡി.എം.എ. പിടികൂടിയ കേസില്‍ ഇതുവരെ 13 പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. അഞ്ചുപേര്‍ ഒളിവിലാണ്. സജിന്‍ എബ്രഹാം (25), മുതുകുളം തെക്കുമുറിയില്‍ അപ്സരസ് വീട്ടില്‍ പ്രണവ് (23), ഏവൂര്‍ വടക്കുമുറിയില്‍ തട്ടാശ്ശേരി ശ്രാവണ്‍ (23), മുതുകുളം തെക്കുമുറിയില്‍ പുത്തന്മഠത്തില് രഘുരാമന് (24), പള്ളിപ്പാട് നടുവട്ടംമുറിയില് മംഗലപ്പള്ളില്‍ അര്ജുന് (23), ആറാട്ടുപുഴ കിഴക്കേകര വെട്ടത്തുകടവില്‍ ഒ.യു.നിവാസില്‍ അക്ഷയ് കുട്ടന് (24), ആറാട്ടുപുഴ കള്ളിക്കാട് ഉമ്പാരി ചിറയില്‍ സച്ചിന് (23) എന്നിവരെയാണു റിസോര്‍ട്ടില്‍നിന്നു പോലീസ് പിടികൂടിയത്
കരുനാഗപ്പള്ളി സ്വദേശി യാസിന് ബേക്കര്‍, പുല്ലുകുളങ്ങര സ്വദേശി ഭരത് ജയന്, കരുനാഗപ്പള്ളി സ്വദേശി ജിനാദ് എന്നിവരെ പിന്നീട് അറസ്റ്റുചെയ്തു. ഇവരെല്ലാം ജാമ്യത്തിലാണ്.സജിന്‍ എബ്രഹാമില്‍നിന്ന് എം.ഡി.എം.എം. വാങ്ങിയിരുന്ന ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ അഞ്ചുപേരാണ് ഒളിവില്‍ കഴിയുന്നത്. ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞതായി പോലീസ് പറയുന്നു.
പണം അക്കൗണ്ടില്‍; മയക്കുമരുന്ന് മരപ്പൊത്തിലും
എം.ഡി.എം.എ.യ്ക്കുള്ള പണം ബാങ്ക് അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞാല്‍ മയക്കുമരുന്ന് മരപ്പൊത്തില്വെച്ചശേഷം ഗൂഗിള്‍ ലൊക്കേഷന്‍ അയച്ചുനല്കുന്നതായിരുന്നു പ്രതികളുടെ രീതിയെന്നു പോലീസ് പറയുന്നു. ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്നുപൊതി മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ മരപ്പൊത്തുകളില്‍ സൂക്ഷിക്കും. തുടര്‍ന്ന് സ്ഥലത്തിന്റെ ലൊക്കേഷന്‍ ഇടപാടുകാരുടെ വാട്സാപ്പിലേക്ക് അയച്ചുകൊടുക്കും.
ജോണ്‍ കിലാച്ചിയും മഹേഷ്കുമാറും വടിവേലുവും ഈ രീതിയില്‍ ഏറെക്കാലമായി കച്ചവടം നടത്തിവരുകയാണെന്നു പോലീസ് പറയുന്നു. കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ മയക്കുമരുന്നുവില്‍പ്പന നടത്തിയിട്ടുണ്ട്.
Content Highlights: harippad mdma case three more arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..