ജലജാ സുരൻ, സജിത് ലാൽ, ജലജ കേസിനെപ്പറ്റി രഹസ്യവിവരം ശേഖരിക്കാൻ ക്രൈംബ്രാഞ്ച് സ്ഥാപിച്ച പെട്ടി മണിമല ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ | Photo: മാതൃഭൂമി
ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ ജലജാ സുരന് (51) കൊല്ലപ്പെട്ട കേസിലെ പ്രതി തൂങ്ങിമരിച്ചനിലയില്‍. കേസിലെ ഏകപ്രതി, പള്ളിപ്പാട് മുട്ടം പുത്തന്‍തറയില്‍ പീടികയില്‍ സജിത്ത് ലാല്‍ (42) ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ ലോഡ്ജിലാണു തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കേസില്‍ മാവേലിക്കര സെഷന്‍സ് കോടതിയില്‍ വിസ്താരം നടക്കുകയാണ്. തിങ്കളാഴ്ച കേസ് അവധിക്കു വെച്ചിരുന്നെങ്കിലും സജിത്ത് ലാല്‍ ഹാജരായിരുന്നില്ല. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും മൃതദേഹം വീട്ടിലെത്തിക്കരുതെന്നും തൈക്കാട് ശ്മശാനത്തില്‍ സംസ്കരിക്കണമെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്നു പോലീസ് കണ്ടെടുത്തു. ജൂണ്‍ 11 മുതല്‍ സജിത്ത് ലാല്‍ തിരുവനന്തപുരത്തെ ലോഡ്ജില്‍ താമസിച്ചുവരുകയായിരുന്നു.
2015 ഓഗസ്റ്റ് 13-ന് ഉച്ചയോടെയാണു ജലജാ സുരന് പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടത്. സുരന് വിദേശത്തു ജോലിചെയ്യുകയായിരുന്നു. മക്കള്‍ ബെംഗളൂരുവിലും. സംഭവദിവസം ഇവര്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാഞ്ഞതിനാല്‍ അയല്‍വാസികളെ വിവരമറിയിച്ചു. അങ്ങനെ രാത്രി വൈകീയാണു കൊലപാതകവിവരം പുറത്തറിയുന്നത്. തലയ്ക്കുപിന്നില്‍ അടിയേറ്റതാണു മരണകാരണമെന്നു വ്യക്തമായിരുന്നു.
താലിമാലയും രണ്ടുവളകളും 30,000 രൂപയും വീട്ടില്‍നിന്ന് മോഷ്ടിക്കപ്പെട്ടു. എന്നാല്‍, ജലജയുടെ കമ്മല്‍ നഷ്ടപ്പെട്ടിരുന്നില്ല. ഇതില്‍നിന്നു കൊലപാതകം മോഷണത്തിനിടെ സംഭവിച്ചതല്ലെന്നുറപ്പിച്ച് പോലീസ് സംഘം മൂന്നുമാസത്തോളം അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല. തുടര്‍ന്ന്, ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും എങ്ങുമെത്തിയില്ല.കേസ് സി.ബി.ഐ.ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. അതിനുശേഷം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
അവര്‍ മാസങ്ങളോളം നടത്തിയ രഹസ്യാന്വേഷണത്തിലാണ് അന്നു ഖത്തറിലായിരുന്ന സജിത്ത് ലാലിനെ 2017 ഡിസംബര്‍ 27-നു നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്തത്. അപ്പോഴേക്കും കൊലപാതകം നടന്നിട്ടു രണ്ടരവര്ഷത്തോളമായിരുന്നു.മുട്ടത്തു സ്റ്റുഡിയോ നടത്തിയിരുന്ന സജിത്ത്ലാല്‍, ജലജ ഒറ്റയ്ക്കാണെന്ന് ഉറപ്പാക്കിയാണ് പീഡനശ്രമം നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കുപിന്നില്‍ നിലവിളക്കുകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നുവത്രേ. പിന്നീട്, ഈ നിലവിളക്കും ജലജയുടെ ഫോണും തോട്ടപ്പള്ളി ഭാഗത്ത് കടലില്‍ ഒഴുക്കിയതായി പ്രതി മൊഴി നല്‍കിയിരുന്നു.
കൊലപാതകത്തിനുപിന്നാലെ സജിത്ത് ലാലിനെ രണ്ടുപ്രാവശ്യം അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യംചെയ്തു വിട്ടിരുന്നു. നാട്ടുകാരായ നൂറുകണക്കിന് ആളുകള്‍ക്കൊപ്പം ഇയാളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചു. എന്നാല്‍, ഒരു ഫോണിനെപ്പറ്റിയുള്ള വിവരം മറച്ചുവെച്ചതിനാല്‍ ഇയാള്‍ പ്രതിയാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആക്രമണത്തിനെത്തിയപ്പോഴുണ്ടായിരുന്ന ഫോണ്‍ ഇയാള്‍ പിന്നെ ഉപയോഗിച്ചതേയില്ല. പ്രത്യേക അന്വേഷണസംഘം ഈ സിം കാര്‍ഡ് തിരിച്ചറിഞ്ഞതാണ് അറസ്റ്റിലേക്കു വഴിവെച്ചത്.
സംഭവത്തിനുശേഷം നാടുവിട്ടവരെ തിരഞ്ഞപ്പോഴും ഇയാള്‍ അതിലുള്‍പ്പെട്ടു. അതോടെ പ്രതിയിലേക്ക് എത്താനായി. അറസ്റ്റിലായശേഷം ഏറെനാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സജിത്ത് ലാല്‍ പിന്നീട്, ജാമ്യത്തിലിറങ്ങിയെങ്കിലും വീടുമായി ബന്ധമുണ്ടായിരുന്നില്ല.
'ജലജാ കേസ് ഇന്‍ഫമേഷന്‍ ബോക്സ്' ആ പെട്ടി ഇപ്പോഴും പ്രതിയുടെ വിവരങ്ങള്‍ തേടി കാത്തിരിപ്പുകേന്ദ്രത്തില്‍
ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ച കേസായിരുന്നു നങ്ങ്യാര്‍കുളങ്ങരയിലെ ജലജാസുരന്‍ വധം. ഏതുവിധത്തിലും കേസ് തെളിയിക്കാന്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പലവഴികളിലായി നിരന്തര പരിശ്രമമാണു നടത്തിയത്. സംശയമുള്ളവരെയെല്ലാം പലപ്രാവശ്യം ചോദ്യം ചെയ്തു. ലക്ഷത്തിലധികം ഫോണ്‍ വിളികള്‍ പരിശോധിച്ചു. നാട്ടുകാര്‍ക്കിടയില്‍ രഹസ്യാന്വേഷണവും നടത്തി. ഇതിനായി പ്രദേശത്ത് പലയിടങ്ങളിലായി പെട്ടികള്‍ സ്ഥാപിച്ചു.
'ജലജ കേസ് ഇന്‍ഫമേഷന്‍ ബോക്സ്' എന്ന് എഴുതിയ ഈ പെട്ടികളില്‍ തങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍ നിക്ഷേപിക്കാനായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. വിവരം നല്‍കുന്നവരുടെ പേരും വിലാസവുമൊന്നും ആവശ്യപ്പെട്ടിരുന്നില്ല. എല്ലാം രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പുനല്‍കി. പലപെട്ടികളിലും സംശയമുള്ളവരുടെ പേരുകള്‍ കിട്ടി. എല്ലാവരെയും പോലീസ് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. രണ്ടര വര്‍ഷത്തിനുശേഷം പ്രതി സജിത്ത് ലാല്‍ പിടിയിലായിട്ടും പെട്ടികള്‍ മാറ്റിയിട്ടില്ല.
മുട്ടത്ത് പലയിടങ്ങളിലായി അന്നത്തെ പെട്ടികളുണ്ട്. അവയിലൊന്ന് മാവേലിക്കര-നങ്ങ്യാര്‍കുളങ്ങര റോഡിലെ മണിമല ജങ്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിന്റെ തൂണില്‍ കാണാം. മുട്ടം ഫെഡറല്‍ ബാങ്കിനു സമീപമാണ് സജിത്ത് ലാലിന്റെ വീട്. ഇവിടെനിന്ന് അരക്കിലോമീറ്റര്‍ പടിഞ്ഞാറുമാറി മണിമല ജങ്ഷന്. പൊടിപിടിച്ച നിലയിലാണെങ്കിലും ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതില്‍ വായിച്ചെടുക്കാം.
തെളിയിച്ചത് 'ജിഷ കേസ്' അന്വേഷണ സംഘം
ജലജാ കേസില്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണു കൊലപാതകം നടന്നത്. പിന്നീട്, ഇടതു സര്‍ക്കാര്‍ വന്നിട്ടും കേസ് തെളിയിക്കാനാകാത്തത് വിമര്‍ശനത്തിനിടയാക്കി. ലോക്കല്‍ പോലീസിനു പിന്നാലെ ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ സംഘമാണ് കേസ് അന്വേഷിച്ചത്. ലോക്കല്‍ പോലീസ് ചോദ്യം ചെയ്തവരില്‍ നിന്നെല്ലാം ക്രൈംബ്രാഞ്ച് പലപ്രാവശ്യം മൊഴിയെടുത്തു. ഇതിനിടെ പ്രതി ഇതര സംസ്ഥാനക്കാരാണെന്ന പ്രചാരണവുമുണ്ടായെങ്കിലും പോലീസ് തള്ളിക്കളഞ്ഞു.
ജലജാ സുരന്റെ വീടുമായി അടുത്ത പരിചയമുള്ളവരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ആദ്യമേ സ്ഥിരീകരിച്ചിരുന്നു. വീടിന്റെ പൂമുഖത്തുതന്നെയാണ് നായ്ക്കൂട്. സംഭവ ദിവസം നായ കുരയ്ക്കുന്നത് ആരും കേട്ടിരുന്നില്ല. ഇതിലൂടെയാണ് പരിചയക്കാര് തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്. എന്നിട്ടും പ്രതിയിലേക്കെത്താനായില്ല. കേസ് സി.ബി.ഐ. ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ജിഷ വധക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.ഈ സംഘത്തിന്റെ അന്വേഷണമാണു സജിത്തിന്റെ അറസ്റ്റില്‍ കലാശിച്ചത്.
ഫോട്ടോഗ്രാഫറായിരുന്ന സജിത്ത് ലാല്‍ നല്ലനിലയിലാണു നാട്ടില്‍ ജീവിച്ചിരുന്നത്. പെറ്റിക്കേസില്‍പ്പോലും ഉള്‍പ്പെട്ടിട്ടില്ല. ജലജാ സുരന് കൊല്ലപ്പെട്ടശേഷമാണ് ഖത്തറില്‍ ജോലിക്കുപോകുന്നത്. പ്രതിയാണെന്ന് ഉറപ്പിച്ചശേഷം ഗള്‍ഫില്‍ പോകാന്‍ സഹായിച്ച ട്രാവല്‍ ഏജന്‍സിയുടെയും അവിടത്തെ സ്പോണ്‍സറുടെയും സഹായത്തോടെയാണ് സജിത്തിനെ പോലീസ് നാട്ടിലെത്തിച്ചത്.വിസയില്‍ പ്രശ്നമുണ്ടെന്നും നാട്ടിലെത്തിയശേഷം തിരികെവരാനും സ്പോണ്സര് പറഞ്ഞിരുന്നു. ഇതു വിശ്വസിച്ച് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു.
അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്ന് ആത്മഹത്യാക്കുറിപ്പ്
ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ലെന്ന് ജലജാ സുരന് വധക്കേസില്‍ വിചാരണ നേരിടുന്ന സജിത്ത് ലാലിന്റെ ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യയുടെപേരില് ആരെയും ബുദ്ധിമുട്ടിക്കരുത്. തൈക്കാട് പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്നതാണ് അവസാന ആഗ്രഹമെന്നും ഇതിലുണ്ട്. ബാങ്ക് പാസ് ബുക്കും എ.ടി.എം. കാര്‍ഡും മേശപ്പുറത്തുവെച്ചിരുന്നു. എ.ടി.എമ്മിന്റെ പിന്‍നമ്പര്‍ എഴുതിവെച്ചിരുന്ന കടലാസില്‍ ഇവ അമ്മയ്ക്കു കൊടുക്കണമെന്നും എഴുതിയിട്ടുണ്ട്.
മുറിയിലുണ്ടായിരുന്ന ഫാന്‍ അഴിച്ചുവെച്ച നിലയിലായിരുന്നു. ഫാന്‍ ഇടുന്ന കൊളുത്തിലാണു തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. ഫാന്‍ അഴിക്കുന്നതിനായി സ്പാനര്‍ സെറ്റ് വാങ്ങിയിരുന്നു. വസ്ത്രങ്ങളും ചെരിപ്പും ഉള്‍പ്പെടെയുള്ള സാധനങ്ങളെല്ലാം പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ചിരുന്നു.
കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റുചെയ്തശേഷം ബന്ധുക്കള്‍ ഇയാളില്‍നിന്ന് അകലം പാലിച്ചിരുന്നു. ഭാര്യ വിവാഹബന്ധം വേര്‍പെടുത്തി. ജില്ലയില്‍ കയറരുതെന്ന വ്യവസ്ഥയിലാണു കോടതി ജാമ്യം അനുവദിച്ചിരുന്നത്. പിന്നീട്, ഇതില്‍ ഇളവു ലഭിച്ചെങ്കിലും വീട്ടിലെത്തിയിട്ടില്ലെന്നു സമീപവാസികള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..