ആദ്യം പുറത്തുവിട്ട സിസിടിവി ദൃശ്യം/ പോലീസ് പുറത്തുവിട്ട ക്രൈംകാർഡിലെ ചിത്രം
ഗുരുവായൂര്‍: ഗുരുവായൂരിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതിയുടെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം പോലീസ് പുറത്തുവിട്ടു. സംഭവം നടന്ന് നാലുദിവസം പിന്നിട്ടപ്പോള്‍ പോലീസ് പുറത്തിറക്കിയ ക്രൈംകാര്‍ഡിലാണ് പുതിയ ദൃശ്യമുള്ളത്. കവര്‍ച്ച നടത്തുംമുമ്പ് വീടിനകത്ത് മുകളിലേക്ക് നോക്കിനില്‍ക്കുന്ന ദൃശ്യമാണിതെന്ന് പോലീസ് പറഞ്ഞു. നേരത്തെ പോലീസ് പുറത്തുവിട്ടിരുന്ന ദൃശ്യത്തില്‍ പ്രതി മുഖം മറച്ചിരുന്നു. പുതിയ ദൃശ്യത്തില്‍നിന്ന് പ്രതിയുടെ പ്രായം 30-35 ആണെന്ന് കുറേക്കൂടി ഉറപ്പിക്കാനാകും.
താടിയുള്ളയാളാണ് ചിത്രത്തില്‍. മുഖം പാതി മറയ്ക്കുന്ന തരത്തിലുള്ള തൊപ്പിയും കറുത്ത ബനിയനും ധരിച്ചിട്ടുണ്ട്. പുറത്ത് തൂക്കിയിട്ട ബാഗ് കാണാനില്ല. പകരം വലതു കൈയില്‍ കമ്പിപോലുള്ള എന്തോ പിടിച്ചിട്ടുണ്ട്. അത് ബാഗിലുള്ള മോഷണ ഉപകരണങ്ങളാകാമെന്നാണ് പോലീസ് കരുതുന്നത്. ഈ ദൃശ്യവുമായി സാമ്യമുള്ളവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഗുരുവായൂരിനടുത്ത് തമ്പുരാന്‍പടിയില്‍ കുരഞ്ഞിയൂര്‍ കെ.വി. ബാലന്റെ വീട്ടില്‍നിന്ന് 371 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കവര്‍ന്നത്. വിരലടയാളമോ മറ്റു തെളിവുകളോ മോഷ്ടാവ് അവശേഷിപ്പിച്ചിട്ടില്ല. സി.സി.ടി.വി. ദൃശ്യം മാത്രം വെച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ അന്വേഷണം ശക്തമാക്കിവരികയാണെന്ന് ഗുരുവായൂര്‍ എ.സി.പി. കെ.ജി. സുരേഷും സി.ഐ. പി.കെ. മനോജ്കുമാറും അറിയിച്ചു.
Content Highlights: Guruvayoor gold theft
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..