ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ആന്റണിദാസും ലിയോ പ്ലാസിഡും
കുണ്ടറ/കാക്കനാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികള്‍ പോലീസിനുനേര്‍ക്ക് വടിവാള്‍ വീശി. ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ പോലീസ് വെടിവെച്ചു. കുണ്ടറയ്ക്കടുത്ത് പടപ്പക്കര കരിക്കുഴിയിലാണ് സംഭവം. ഇരുട്ടിലേക്ക് ഓടിമറഞ്ഞ പ്രതികള്‍ രണ്ടുപേരും അഷ്ടമുടിക്കായലില്‍ച്ചാടി രക്ഷപ്പെട്ടു. പടപ്പക്കര കരിക്കുഴി ലൈബിഭവനില്‍ ആന്റണി ദാസ് (28), സമീപവാസി ലിജോഭവനില്‍ ലിയോ പ്ലാസിഡ് (21) എന്നിവരാണ് രക്ഷപ്പെട്ടത്.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ദാസ്, കുണ്ടറ സി.ഐ. ആര്‍.രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ മഫ്ടി പോലീസ്സംഘം ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പടപ്പക്കര കരിക്കുഴിയിലെത്തിയത്. പ്രതികള്‍ ഒളിവില്‍ താമസിച്ചുവന്ന വീടുവളഞ്ഞ പോലീസ് സംഘത്തിനുനേരേ ഇരുവരും വാള്‍ വീശുകയായിരുന്നു. സി.ഐ. വിപിന്‍ദാസ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നാലുചുറ്റ് വെടിയുതിര്‍ത്തു. അതോടെ ഇരുട്ടിലേക്ക് ഓടിമറഞ്ഞ പ്രതികള്‍ അഷ്ടമുടിക്കായലില്‍ച്ചാടി രക്ഷപ്പെടുകയായിരുന്നു.
ചെങ്ങന്നൂര്‍ സ്വദേശി ലിബിന്‍ വര്‍ഗീസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടത്. അടൂര്‍ െറസ്റ്റ്ഹൗസില്‍നിന്ന് അഞ്ചുപേര്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ പിടിയിലായിരുന്നു. സംഘാംഗമായ ലിബിന്‍ ലോറന്‍സിനെ പിന്നീട് കുണ്ടറ പോലീസ് പിടികൂടി. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് ആന്റണി ദാസും ലിയോ പ്ലാസിഡും കരിക്കുഴിയിലെ ബന്ധുവീട്ടിലുണ്ടെന്ന വിവരം കിട്ടിയത്.
കൊച്ചിയില്‍നിന്ന് തട്ടിക്കൊണ്ടുപോന്ന ലിബിന്‍ വര്‍ഗീസിനെ സംഘം നേരേ പടപ്പക്കര കരിക്കുഴിയില്‍ ആന്റണി ദാസിനു സമീപമാണെത്തിച്ചത്. പടപ്പക്കരയിലെ കായല്‍ക്കരയില്‍ പൊളിഞ്ഞവീട്ടില്‍ ആന്റണി ദാസാണ് മര്‍ദനത്തിനു നേതൃത്വം നല്‍കിയത്. മര്‍ദിച്ച് അവശനാക്കിയശേഷം കുളിപ്പിച്ച് തലയിലൊരു തൊപ്പിയും ധരിപ്പിച്ചാണ് ലിബിനെ അടൂര്‍ റെസ്റ്റ്ഹൗസിലെത്തിച്ചത്. ഹൈദരാബാദില്‍നിന്ന് രഹസ്യമായി കൊച്ചിയിലെത്തിയ ലിബിന് കൊച്ചിയില്‍ ഗുണ്ടാസംഘമുണ്ടായിരുന്നെങ്കിലും അവരെയും വെട്ടിച്ചായിരുന്നു പിടികൂടി പടപ്പക്കരയിലും പിന്നീട് അടൂരിലും എത്തിച്ചത്. ലിബിന്റെ കാറും ഇവര്‍ പങ്ചറാക്കിയിരുന്നു.
പ്രതികള്‍ കഞ്ചാവ് ലോബിയുടെ ഗുണ്ടകളെന്ന് പോലീസ്
കുണ്ടറ: കുണ്ടറയില്‍ പോലീസിനുനേര്‍ക്ക് വാളുവീശി രക്ഷപ്പെട്ട പ്രതികള്‍ കഞ്ചാവ് കടത്തുകാരുടെ ഗുണ്ടകളെന്ന് പോലീസ് പറയുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ട പ്രതികളില്‍ അഞ്ചുപേര്‍ പോലീസ് പിടിയിലായിരുന്നു. ശാസ്താംകോട്ടയില്‍ പിടിച്ചെടുത്ത 48 കിലോ കഞ്ചാവും ഇതു കൊണ്ടുവന്ന കാറും അടൂരില്‍ പിടിയിലായ പ്രതീഷിനുവേണ്ടിയുള്ളതായിരുന്നു.
പോലീസ് പറയുന്നത്: ഹൈദരാബാദില്‍നിന്ന് പ്രതീഷിനുവേണ്ടി കഞ്ചാവ് വാങ്ങി കയറ്റിവിട്ടത് മര്‍ദനമേറ്റ ലിബിന്‍ വര്‍ഗീസായിരുന്നു. കഞ്ചാവും കാറും ശാസ്താംകോട്ടയില്‍വച്ച് പിടിയിലായതോടെ പോലീസിന് വിവരം കൈമാറിയത് ലിബിന്‍ വര്‍ഗീസ് ആണെന്ന സംശയമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. മുളവന സ്വദേശി അശ്വിനും കൊട്ടാരക്കര സ്വദേശി അഖിലുമാണ് കഴിഞ്ഞ മേയ്മാസത്തില്‍ ശാസ്താംകോട്ടയില്‍ കഞ്ചാവുമായി പിടിയിലായത്.
കേസില്‍ പ്രതിയായതോടെ ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തി രഹസ്യമായി ഹോട്ടലില്‍ മുറിയെടുത്ത് കഴിയുകയായിരുന്നു ലിബിന്‍. ഹോട്ടലില്‍നിന്ന് ഭാര്യക്കൊപ്പം പുറത്തിറങ്ങിപ്പോള്‍ പ്രതീഷിന്റെ ഗുണ്ടകള്‍ തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോകുകയായിരുന്നു. പേരയം ലോപേറയില്‍ പ്രതീഷും ലിയോ പ്ലാസിഡും ബന്ധുക്കളാണ്. പ്രതീഷിന്റെ ഗുണ്ടാത്തലവനാണ് ആന്റണി ദാസ്.
ക്വട്ടേഷന്‍ പണിക്ക് സര്‍ക്കാര്‍ റെസ്റ്റ് ഹൗസ്; ജീവനക്കാരനെ പിരിച്ചുവിട്ടു
അടൂര്‍: ക്വട്ടേഷന്‍ ഗുണ്ടകള്‍ക്കായി അടൂരിലെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ഒരുക്കിക്കൊടുത്ത ജീവനക്കാരനെ പിരിച്ചുവിട്ടു. റെസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരന്‍ രാജീവ് ഖാനെയാണ് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പിരിച്ചുവിട്ടത്.
ക്വട്ടേഷന്‍ സംഘം എറണാകുളത്തുനിന്നും യുവാവിനെ തട്ടിക്കൊണ്ടുവന്ന് അടൂരിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍വെച്ച് മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി.
പ്രതികളിലൊരാളുമായിട്ടുള്ള പരിചയത്തിന്റെ പുറത്താണ് മുറി നല്‍കിയതെന്നാണ് ജീവനക്കാരന്റെ വിശദീകരണം. അടൂര്‍ റസ്റ്റ് ഹൗസിലെ രണ്ടാംനമ്പര്‍ മുറിയിലാണ് ലിബിന്‍ വര്‍ഗീസ് എന്ന യുവാവിനെ തട്ടിക്കൊണ്ടുവന്ന് ക്വട്ടേഷന്‍ സംഘം മര്‍ദിച്ചത്.
Content Highlights: goonda gang attack against police and the kidnap details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..