ഗുണ്ടാസംഘം വന്നത് കൊല്ലാനുള്ള ക്വട്ടേഷനുമായി; ആദ്യം കവര്‍ച്ച, ഹുക്കയും ലഡു പൊടിച്ചതും


അറസ്റ്റിലായ പ്രതികൾ

ചേര്‍പ്പ്(തൃശ്ശൂര്‍): മാരകായുധങ്ങളും കഞ്ചാവും പണവുമായി കാറില്‍ പാഞ്ഞ ഗുണ്ടാസംഘത്തെ ചൊവ്വൂരില്‍ പോലീസ് സാഹസികമായി പിടികൂടിയ സംഭവത്തില്‍ കോട്ടയത്തുനിന്നെത്തിയ ആറുപേരടക്കം ഒമ്പതുപേരെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം അതിരമ്പുഴ ഓണംതുരുത്ത് സ്വദേശികളായ തൊട്ടിമാലിയില്‍ അച്ചു സന്തോഷ്(25), മേടയില്‍ അലക്‌സ് പാസ്‌കല്‍ (21), ചാമക്കാല ചെമ്പകപ്പറമ്പില്‍ വീട്ടില്‍ നിഖില്‍ (36), ചെറിയ പള്ളിക്കുന്ന് വീട്ടില്‍ ബിബിന്‍ ബാബു (25), കാറ്റാടിയില്‍ വീട്ടില്‍ ലിബിന്‍(30), തൈവേലിക്കകത്ത് വീട്ടില്‍ നിക്കോളാസ് ജോസഫ്(21), ചേര്‍പ്പ് ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ മിജോ ജോസ് (28), സഹോദരന്‍ ജിനു ജോസ് (27), കൂര്‍ക്കഞ്ചേരി മേനോത്തുപറമ്പില്‍ സജല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ച് ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ ആളാണ് അച്ചു സന്തോഷ്. ചൊവ്വൂരിലെ മിജോ, ജിനു എന്നീ സഹോദരങ്ങള്‍ കൊലക്കേസ് പ്രതികളാണ്. കൊലപാതകശ്രമം അടക്കം സംസ്ഥാനത്തെ നിരവധി കേസുകളില്‍ പ്രതികളാണ് ഒമ്പത് പേരും.

പോലീസ് പറയുന്നതിങ്ങനെ:

''വരടിയം സിജോയെന്നയാളെ കൊന്ന കേസില്‍ ആറാംസാക്ഷിയാണ് ജിനു. ആ കേസിലെ പ്രതികളുടെ സുഹൃത്താണ് വെങ്ങിണിശ്ശേരി സ്വദേശി ഗീവര്‍ഗീസ്. കോടതിയില്‍ സാക്ഷി പറഞ്ഞാല്‍ ജിനുവിനെ കൊല്ലുമെന്ന് ഗീവര്‍ഗീസും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഇവര്‍ തമ്മില്‍ നേരിട്ടും ഫോണിലൂടെയും വെല്ലുവിളികളും നടന്നിരുന്നു. ഇതില്‍ പ്രകോപിതനായ ജിനു സെന്‍ട്രല്‍ ജയിലില്‍വെച്ച് പരിചയപ്പെട്ട സുഹൃത്തായ ഏറ്റുമാനൂര്‍ സ്വദേശി അച്ചു സന്തോഷിനെ വിളിച്ചുവരുത്തി.

അങ്ങനെയാണ് കോട്ടയത്തുനിന്നുള്ള സംഘം എത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയെത്തിയ സംഘം ഗീവര്‍ഗീസിനെ അന്വേഷിച്ചുനടന്നെങ്കിലും ഇവരുടെ നീക്കങ്ങളില്‍ സംശയംതോന്നിയ ഗീവര്‍ഗീസ് മുങ്ങിനടന്നു. രാത്രി അലഞ്ഞ സംഘം രാവിലെ വീണ്ടും ഗീവര്‍ഗീസിനെത്തേടിയുള്ള യാത്രയിലാണ് കാര്‍ വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ടത്.''

ലോറിയിലിടിച്ച കാറില്‍ വടിവാള്‍ കണ്ടെത്തിയതോടെയാണ് ഇവരെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്. പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ചൊവ്വൂരില്‍ പോലീസ്ജീപ്പ് കുറുകെയിട്ടാണ് കാര്‍ തടഞ്ഞ് ഇവരെ പിടികൂടിയത്.

സംഘം ചേര്‍ന്ന് കൊലപാതകം ആസൂത്രണംചെയ്യല്‍, മാരകായുധങ്ങള്‍, കഞ്ചാവ് എന്നിവ കൈവശംവെക്കല്‍, പോലീസിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

കോട്ടയത്തുനിന്ന് പ്രതികളെത്തിയ ആദ്യദിവസം കവര്‍ച്ച

ചേര്‍പ്പ്: ക്വട്ടേഷന്റെ ഭാഗമായി, കോട്ടയത്തുനിന്ന് ചൊവ്വൂരിലെത്തിയ സംഘം ആദ്യം ചെയ്തത് കവര്‍ച്ച. ഈസ്റ്റര്‍ ദിനത്തിലാണ് സംഘമെത്തിയത്. പാറക്കോവിലില്‍ കൊല്ലപ്പെട്ട അതിഥിതൊഴിലാളി മന്‍സൂര്‍ മാലിക്കിന്റെ അടഞ്ഞുകിടന്ന വീട്ടില്‍ രാത്രിയിലായിരുന്നു കവര്‍ച്ച. സംഘത്തിലെ അച്ചു സന്തോഷ്, അലക്‌സ്, ലിബിന്‍ എന്നിവര്‍ ചേര്‍ന്ന് ആ വീട്ടില്‍നിന്ന് ആറ് വളകള്‍, മുദ്രപത്രങ്ങള്‍, ആധാര്‍ കാര്‍ഡ് എന്നിവ കവര്‍ന്നു. വളകള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഇവരില്‍നിന്ന് വളകളും കഞ്ചാവും 27,000 രൂപയും മയക്കുമരുന്ന് തൂക്കം നോക്കുന്ന ഇലക്ട്രോണിക് ത്രാസ്, മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്ക, ലഡു പൊടിച്ചത് എന്നിവയും കണ്ടെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നാണ് അലക്‌സ്, നിഖില്‍, ബിബിന്‍, ലിബിന്‍, നിക്കോളാസ് എന്നിവരെ പിടികൂടിയത്. അച്ചു സന്തോഷ്, മിജോ ജോസ്, ജിനു ജോസ്, സജല്‍ എന്നിവരെ അര്‍ധരാത്രിയോടെ ചൊവ്വൂരില്‍നിന്നാണ് പിടികൂടിയത്.

മാരകലഹരിയില്‍ എന്തും ചെയ്യാനുറച്ച് ക്രിമിനലുകള്‍

തൃശ്ശൂര്‍: അഞ്ചുകൊല്ലം മുമ്പുള്ള ക്രിമിനലുകളല്ല ഇപ്പോഴുള്ളത്-കോടതി വരാന്തകളില്‍ ഈയിടെയായി കേള്‍ക്കുന്ന കമന്റാണിത്. കൊലപാതകവും അക്രമങ്ങളും ചെയ്യുന്ന ഗുണ്ടാസംഘങ്ങളെ പോറ്റാന്‍ യജമാനന്‍മാര്‍ ഉണ്ടായിരുന്ന കാലമായിരുന്നു അന്ന്. എന്നാല്‍, ഇപ്പോള്‍ ലഹരിവസ്തുക്കളുടെ വിപണനത്തിലൂടെ ഗുണ്ടാസംഘങ്ങള്‍ 'സ്വയം പര്യാപ്ത'മായെന്നു വേണമെങ്കില്‍ പറയാം.

പണത്തിന് ആരെയും ആശ്രയിക്കേണ്ട സ്ഥിതി ഇല്ലാതായി. ഒപ്പം എന്തും ചെയ്യാമെന്ന നിലയിലേക്ക് മാരകലഹരിമരുന്ന് മനസ്സിനെ എത്തിക്കുന്നു. ഇപ്പോള്‍ കണ്ടുവരുന്ന അക്രമസംഭവങ്ങളില്‍ 90 ശതമാനവും ഈ നിലയില്‍ നടക്കുന്നതാണെന്ന് പോലീസുതന്നെ സമ്മതിക്കുന്നു. ഒടുവിലത്തെ തെളിവാണ് ചേര്‍പ്പിനടുത്ത് വെങ്ങിണിശ്ശേരിയില്‍ ക്വട്ടേഷന്‍സംഘം കഴിഞ്ഞദിവസം കാട്ടിക്കൂട്ടിയത്.

എം.ഡി.എം.എ., എല്‍.എസ്.ഡി. തുടങ്ങിയ മാരകലഹരിവസ്തുക്കളും കിലോക്കണക്കിന് കഞ്ചാവും നിര്‍ബാധം ഒഴുകുന്നതിന് തടയിട്ടില്ലെങ്കില്‍ ഈ ഭീഷണി കൂടിവരുകയേ ഉള്ളൂ. ചേര്‍പ്പിലുണ്ടായ അക്രമത്തിന്റെ അടിവേരുകള്‍ തേടിപ്പോവുമ്പോള്‍ ചെന്നെത്തുക മയക്കുമരുന്ന് ഇടപാടിലാണ്. മയക്കുമരുന്ന് വിപണനത്തിലെ കുടിപ്പകയാണ് മിക്കപ്പോഴും കൊലപാതകങ്ങളിലും അക്രമങ്ങളിലും എത്തുന്നത്. ഒരു കിലോ കഞ്ചാവ് ആന്ധ്രയില്‍നിന്ന് കിലോക്ക് 10,000 രൂപയ്ക്ക് വാങ്ങി തൃശ്ശൂരില്‍ ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ലാഭക്കണക്കിന്റെ അടിസ്ഥാനത്തിലാണ് ഗുണ്ടാസംഘങ്ങള്‍ക്ക് പണത്തിന് പഞ്ഞമില്ലെന്ന വാദം ശക്തിപ്പെടുന്നത്.

വിപണനവഴിയില്‍ തടസ്സമായി മറ്റു സംഘങ്ങള്‍ വരുമ്പോള്‍ അത് കൊലപാതകത്തിലേക്കും അക്രമങ്ങളിലേക്കും വഴിമാറുന്നു. കഞ്ചാവില്‍നിന്ന് എം.ഡി.എം.എ. പോലുള്ളവ കടത്തുന്നതിലേക്ക് മാറിയതാണ് ഏറ്റവും പുതിയ രീതി. ഇത്തരം ലഹരി ഉപയോഗിച്ചശേഷമാണ് അക്രമത്തിന് ഇറങ്ങുന്നതും. സ്വയം മറന്നുള്ള രീതിയായിരിക്കും ഇവരില്‍നിന്ന് ഉണ്ടാവുന്നതും. അതിക്രൂരമായ അക്രമങ്ങളാകും പിന്നീട് ഇവര്‍ നടത്തുക. പോലീസിനെക്കണ്ടാല്‍പ്പോലും ഭയമില്ല.

വിചാരണ വൈകുന്നത് ഗുണ്ടകള്‍ക്ക് സഹായം

തൃശ്ശൂര്‍ ജില്ലാക്കോടതിയില്‍ 300 കൊലപാതകക്കേസുകളാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. വിചാരണ നടക്കാതെ കേസുകള്‍ നീളുന്ന കാലയളവില്‍പ്പോലും മറ്റ് അക്രമക്കേസുകളിലേര്‍പ്പെടുന്ന ഗുണ്ടകള്‍ ധാരാളമുണ്ട്. ക്രിമിനല്‍ കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയാല്‍ ജാമ്യത്തില്‍ ഇത്തരക്കാര്‍ പുറത്തിറങ്ങുന്ന സ്ഥിതി ഒഴിവാക്കാം.

കുറ്റപത്രമായില്ലെങ്കില്‍ 91-ാം ദിവസം ജാമ്യം കിട്ടുകയെന്നത് പ്രതിയുടെ അവകാശമായി സുപ്രീംകോടതി ഉത്തരവുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം കൊടുക്കുന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാവുന്ന സംഭവങ്ങളും ഏറെയാണ്. 91-ാം ദിവസം പ്രതി പുറത്തിറങ്ങിയ ശേഷമാണ് കുറ്റപത്രം കോടതിയിലെത്തുന്നതെങ്കില്‍ അത് വിചാരണയ്‌ക്കെത്താന്‍ സമയമെടുക്കുമെന്ന് പ്രതികള്‍ക്കറിയാം. കുറ്റപത്രം വേഗത്തിലാക്കുകയും വിചാരണ വേഗത്തിലാക്കുകയും ചെയ്താല്‍ നിയമസംവിധാനം ശക്തമാണെന്ന തോന്നലെങ്കിലും ഉണ്ടാക്കാനാകും.


Content Highlights: goonda gang arrested in thrissur cherppu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented